ന്യൂഡൽഹി: ആരവല്ലി മലനിരകളുടെ സംരക്ഷണത്തിനായി നിർണായക ചുവടുവെപ്പുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്.
പരിസ്ഥിതി ലോലമായ ഈ മേഖലയിൽ പുതിയ ഖനന ലൈസൻസുകൾ അനുവദിക്കുന്നതിന് കേന്ദ്രസർക്കാർ സമ്പൂർണ നിരോധനം ഏർപ്പെടുത്തി.
ആരവല്ലി കടന്നുപോകുന്ന നാല് സംസ്ഥാനങ്ങൾക്കും ഇതുസംബന്ധിച്ച കർശന നിർദേശം നൽകിക്കഴിഞ്ഞു. നിലവിലുള്ള സംരക്ഷിത മേഖലയുടെ വിസ്തൃതി വർദ്ധിപ്പിക്കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
ആരവല്ലി മേഖലയിലെ കുന്നുകൾക്കും മലനിരകൾക്കും നൽകിയ പുതിയ നിർവചനം പരിസ്ഥിതി നാശത്തിന് കാരണമാകുമെന്ന ആശങ്ക ശക്തമായിരുന്നു.
ഇതിനെത്തുടർന്ന് രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ രീതിയിലുള്ള ജനകീയ പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. ഈ സാഹചര്യത്തിലാണ് മലനിരകളെ സംരക്ഷിക്കാനുള്ള പുതിയ പ്രഖ്യാപനവുമായി സർക്കാർ മുന്നോട്ടുവന്നത്.
നിലവിൽ ഖനന നിരോധനമുള്ള ഇടങ്ങൾക്ക് പുറമെ, കൂടുതൽ പ്രദേശങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ടോ എന്ന് പരിശോധിക്കാൻ ഇന്ത്യൻ കൗൺസിൽ ഫോർ ഫോറസ്ട്രി റിസർച്ച് ആൻഡ് എജുക്കേഷനോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗുജറാത്ത് മുതൽ ഡൽഹി വരെ വ്യാപിച്ചു കിടക്കുന്ന ആരവല്ലിയുടെ ഭൗമശാസ്ത്രപരമായ പ്രത്യേകതകൾ നിലനിർത്തുകയാണ് ഈ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം.
നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഖനന യൂണിറ്റുകൾ സുപ്രീംകോടതിയുടെ ഉത്തരവുകളും പാരിസ്ഥിതിക നിബന്ധനകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ അതത് സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ആരവല്ലിയുടെ തനതായ ആവാസവ്യവസ്ഥയെ ദീർഘകാലാടിസ്ഥാനത്തിൽ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Tags : EnvironmentalNews AravalliRange MiningBan IndiaEnvironment ClimateAction