ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യാൻ ഇന്ത്യക്ക് അനുവാദം നൽകുന്നുവെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയ്ക്കെതിരേ കോണ്ഗ്രസ്.
ഇന്ത്യക്ക് ഇക്കാര്യത്തിൽ അനുവാദം നൽകാൻ അമേരിക്കയ്ക്ക് ആരാണ് അധികാരം നൽകിയതെന്ന് കോണ്ഗ്രസ് ചോദിച്ചു.
കേന്ദ്രസർക്കാർ വിദേശ നയത്തിൽ ഈ നിലപാട് തുടർന്നാൽ ഇന്ത്യ ആരിൽനിന്ന് എണ്ണ വാങ്ങണമെന്ന് ഭാവിയിൽ അമേരിക്ക തീരുമാനിക്കുമെന്ന ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രസ്താവന ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നതെന്നും കോണ്ഗ്രസ് പ്രതികരിച്ചു.
സ്വന്തം കാര്യം നിശ്ചയിക്കുന്നതിൽ ഇന്ത്യക്ക് അഭിമാനകരമായ ഒരു നേട്ടമുണ്ടായിരുന്നു. എന്നാൽ മോദിസർക്കാർ അതിനു കളങ്കം വരുത്തിയതായി കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി. ആഗോളക്രമത്തിൽ വ്യക്തമായ നിലപാടുള്ള രാജ്യത്തിനപ്പുറം അമേരിക്കയുടെ ഒരു സംസ്ഥാനത്തോട് കൽപ്പിക്കുന്നതുപോലെയാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയോടു പെരുമാറുന്നത്.
വ്യാപാരം, എണ്ണ, സൗഹൃദരാജ്യങ്ങളുമായുള്ള ദീർഘകാല ബന്ധം തുടങ്ങി സകലതും പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയ്ക്കു മുന്നിൽ അടിയറ വച്ചതായും ഖാർഗെ കുറ്റപ്പെടുത്തി.
ഇന്ത്യ അമേരിക്കയുമായി വ്യാപാരക്കരാർ ഇതുവരെ ഒപ്പു വച്ചിട്ടില്ല. എന്നാൽ ഇന്ത്യക്കുമേൽ അമേരിക്ക ഇപ്പോൾ മുതൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയിരിക്കുകയാണെന്ന് കോണ്ഗ്രസ് മാധ്യമവിഭാഗം അധ്യക്ഷൻ പവൻ ഖേര ആരോപിച്ചു.
റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കാൻ കേന്ദ്രസർക്കാരിനെ വെല്ലുവിളിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കീഴിൽ ഒരു ഉപഭോക്തൃരാജ്യമായി ഇന്ത്യ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Tags : Russia Buying Oil Congress criticizes US grant concessions