ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്ര നിമിഷം കുറിച്ചുകൊണ്ട് ദീർഘമായ 59 വർഷത്തെ ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് സംസ്ഥാന ഭരണത്തിന്റെ ഭാഗമാകുന്നു. തമിഴക വെട്രി കഴകം നേതാവും മുഖ്യമന്ത്രിയുമായ വിജയ്യുടെ മന്ത്രിസഭയിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ നാളെ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും.
കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് അഡ്വ. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ബുധനാഴ്ച ഔദ്യോഗികമായി സ്ഥിരീകരിച്ചു.
രണ്ട് നേതാക്കൾക്കും ആശംസകൾ നേർന്നുകൊണ്ട് കെ.സി. വേണുഗോപാൽ എക്സിൽ കുറിപ്പ് പങ്കുവെച്ചു. "ഇത് ഞങ്ങളെ സംബന്ധിച്ച് ചരിത്രപരമായ ഒരു മുഹൂർത്തമാണ്. നീണ്ട 59 വർഷത്തെ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് കോൺഗ്രസ് തമിഴ്നാട് മന്ത്രിസഭയുടെ ഭാഗമാകുന്നത്." തമിഴ്നാട്ടിൽ 1967-ൽ ഭരണം നഷ്ടമായതിന് ശേഷം ഇതാദ്യമായാണ് കോൺഗ്രസ് ഒരു സംസ്ഥാന സർക്കാരിൽ പങ്കാളിയാകുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
മേയ് നാലിന് പ്രഖ്യാപിച്ച തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ, കന്നിപ്പോരാട്ടത്തിൽ തന്നെ തകർപ്പൻ പ്രകടനമാണ് നടൻ വിജയ്യുടെ ടിവികെ കാഴ്ചവെച്ചത്. എന്നാൽ ഭൂരിപക്ഷ സംഖ്യ തികയ്ക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നില്ല. ഈ പ്രതിസന്ധി ഘട്ടത്തിൽ വിജയ്ക്ക് പിന്തുണയുമായി ആദ്യം രംഗത്തെത്തിയത് 5 എംഎൽഎമാരുള്ള കോൺഗ്രസ് ആയിരുന്നു.
Tags : Congress TamilNadu BJP Latest News