ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തെ (എംജിഎൻആർഇജിഎ) സംരക്ഷിക്കാനായി രാജ്യവ്യാപക സമരപരിപാടികൾ ആസൂത്രണം ചെയ്ത് കോണ്ഗ്രസ്.
ഇതിന്റെ ഭാഗമായി "എംജിഎൻആർഇജിഎ ബച്ചാവോ അഭിയാൻ’ എന്ന പേരിൽ രാജ്യവ്യാപകമായി ജനുവരി അഞ്ചുമുതൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അറിയിച്ചു.
ഖാർഗെയുടെ അധ്യക്ഷതയിൽ നടന്ന പ്രവർത്തകസമിതിയോഗത്തിനു ശേഷമാണ് തീരുമാനം.
എംജിഎൻആർഇജിഎ പിൻവലിക്കുന്നതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കു പുറമെ കേരളമടക്കം അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ ഒരുക്കങ്ങളും വോട്ടർ പട്ടിക സമഗ്ര പരിഷ്കരണവും (എസ്ഐആർ) യോഗത്തിൽ ചർച്ചയായിട്ടുണ്ടെന്നാണ് സൂചന.
പ്രവർത്തകസമിതിയോഗത്തിൽ പ്രവർത്തകസമിതി അംഗങ്ങൾക്കു പുറമെ കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ കർണാടക, ഹിമാചൽ പ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും സംസ്ഥാനങ്ങളിലെ പ്രദേശ് കോണ്ഗ്രസ് കമ്മിറ്റി (പിസിസി) അധ്യക്ഷന്മാരും പങ്കെടുത്തു.
കോണ്ഗ്രസ് നേതൃത്വവുമായി ഭിന്നാഭിപ്രായങ്ങൾ പുലർത്തിയിരുന്ന ശശി തരൂർ എംപിയും കർണാടകയിൽ അധികാര വടംവലി നടത്തിയിരുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും യോഗത്തിൽ പങ്കെടുത്ത പ്രമുഖ നേതാക്കളിൽപ്പെടുന്നു.
Tags : Congress MGNREGA Bachao Abhiyan' CWC