പട്ന: വിഷത്തിന്റെ രുചി എന്താണെന്ന് അറിയാനുള്ള കൗതുകം ദുരന്തത്തിൽ കലാശിച്ചു. അഞ്ച് പെൺകുട്ടികൾ ചേർന്ന് നടത്തിയ പരീക്ഷണത്തിൽ വിഷാംശം ഉള്ളിൽച്ചെന്ന് നാല് പെൺകുട്ടികൾ മരിച്ചു.
അതിജീവിച്ച പെൺകുട്ടിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ബിഹാറിലെ ഔറംഗബാദ് ജില്ലയിലുള്ള മോട്ടി ബിഘ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. 12നും 15നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്. ജനുവരി 29നാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അഞ്ചംഗ സംഘത്തിലുണ്ടായിരുന്ന 14 വയസുകാരി മാത്രമാണ് രക്ഷപ്പെട്ടത്.
അതിജീവിച്ച പെൺകുട്ടിയുടെ മൊഴി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിങ്ങനെയാണ്: "വിഷം കഴിച്ചാൽ നമ്മൾ മരിക്കുമോ അതോ ജീവിക്കുമോ എന്ന് നോക്കാം എന്ന് ഒരു കൂട്ടുകാരി പറഞ്ഞു. കൊക്കുകളെ കൊല്ലാൻ ഉപയോഗിക്കുന്ന വിഷമാണ് കൈവശം ഉണ്ടായിരുന്നത്. ആളൊഴിഞ്ഞ സ്ഥലത്തു പോയി എല്ലാവരും അത് വെള്ളത്തിൽ കലക്കി കുടിച്ചു. ഞാൻ വളരെ കുറച്ച് മാത്രമേ കുടിച്ചുള്ളൂ, ഉടൻ തന്നെ അത് തുപ്പിക്കളഞ്ഞു. അതുകൊണ്ടാണ് ഞാൻ രക്ഷപ്പെട്ടത്."
വിഷം കഴിച്ചതിന് പിന്നാലെ നാല് കൂട്ടുകാരികളും കുഴഞ്ഞുവീണെന്ന് പെണ്കുട്ടി പറയുന്നു. തുടർന്ന് ഭയന്ന് വീട്ടിലേക്കോടി സംഭവിച്ചത് പറഞ്ഞപ്പോൾ ബന്ധുക്കൾ പെൺകുട്ടിക്ക് വേപ്പില നീര് നൽകി ഛർദ്ദിപ്പിച്ചു. ഇതാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്.
എന്നാൽ പോലീസ് പറയുന്നത് പെൺകുട്ടികൾ ചില ആൺകുട്ടികളുമായി കറങ്ങി നടക്കുന്നത് വീട്ടുകാർ കണ്ടിരുന്നുവെന്നും ഇതിന്റെ പേരിൽ മാതാപിതാക്കൾ ശകാരിച്ചതിൽ മനംനൊന്താണ് അഞ്ച് പേരും ജീവനൊടുക്കാൻ ശ്രമിച്ചതെന്നുമാണ്. ദൗദ്നഗർ എസ്ഡിപിഒ അശോക് കുമാർ ദാസാണ് ഇങ്ങനെ പറഞ്ഞത്.
സാമൂഹത്തിൽ നിന്നുള്ള സമ്മർദവും സാമ്പത്തിക പരാധീനതകളും കാരണം ഔദ്യോഗിക നടപടികൾ പൂർത്തിയാകുന്നതിന് മുൻപേ നാല് പെൺകുട്ടികളുടെയും മൃതദേഹങ്ങൾ ഒരേ ചിതയിൽ സംസ്കരിച്ചു. അതിജീവിച്ച പെൺകുട്ടിയെ കുറച്ചു ദൂരെയുള്ള ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.