പ്രതീകാത്മക ചിത്രം
ഗുരുഗ്രാം: ഐഎംടി മാനസറിലെ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിൽ പിച്ച് റോളർ ശരീരത്തിലൂടെ കയറിയിറങ്ങി എട്ടുവയസുകാരൻ മരിച്ചു. ബിഹാർ സ്വദേശിയായ ആകാശ് കുമാർ ആണ് മരിച്ചത്.
അക്കാദമിയിൽ കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ പിച്ച് റോളറിന്‍റെ സ്വിച്ച് ഓൺ ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ആകാശിന്‍റെ മൂത്ത സഹോദരൻ നീലും മറ്റ് രണ്ട് കുട്ടികളും ഉൾപ്പെടെ നാലുപേരാണ് സംഭവസമയത്ത് സ്ഥലത്ത് കളിച്ചുകൊണ്ടിരുന്നത്.
പിച്ച് റോളറിന്‍റെ മുകളിൽ കയറി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു. ഏകദേശം 750 കിലോയോളം ഭാരമുള്ളതാണ് ഈ പിച്ച് റോളർ. കുട്ടികളിലൊരാൾ അപകടത്തിൽ സ്വിച്ച് ഓൺ ചെയ്തതോടെ റോളർ പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ, ഈ സമയം റോളർ നിരീക്ഷിക്കാൻ സ്ഥലത്ത് മറ്റാരും ഉണ്ടായിരുന്നില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
റോളർ നീങ്ങുന്നതിനിടെ ആകാശ് അതിന്‍റെ മുന്നിലേക്ക് വീഴുകയും റോളർ ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു. അപകടത്തിന് പിന്നാലെ ഭയന്നുപോയ മറ്റ് മൂന്ന് കുട്ടികളും സ്ഥലത്തുനിന്ന് ഓടിപ്പോയി. ശേഷം നീൽ ബന്ധുക്കളോട് വിവരം പറയുകയായിരുന്നു.
അതേസമയം, അക്കാദമിയിൽ എത്തിയ മറ്റ് ചിലരും റോളർ കയറിയിറങ്ങിയ നിലയിൽ ആകാശിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Tags : PitchRoller Body Deepika DeepikaNewspaper BreakingNews NewsUpdate Headlines