നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ സ്ത്രീധനപീഡനത്തെ തുടർന്ന് 24-കാരിയായ യുവതി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. നോയിഡയിലെ ജൽപുര സ്വദേശിനിയായ ദീപികയാണ് മരിച്ചത്. സംഭവത്തിൽ ദീപികയുടെ ഭർത്താവ് ഹൃത്വിക് ഭട്ടിക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും പോലീസ് സ്ത്രീധന പീഡനത്തിനും കൊലപാതകത്തിനും കേസെടുത്തു.
വിവാഹത്തിന് പിന്നാലെ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും ദീപികയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. വിവാഹസമയത്ത് വലിയ തുകയും ആഡംബര കാറും നൽകിയിരുന്നു. എന്നാൽ ഇതിന് പുറമെ ഒരു കോടി രൂപയും ഫോർച്യൂണർ കാറും വേണമെന്നാവശ്യപ്പെട്ടായിരുന്നു പീഡനം.
ദീപികയെ ഭർത്താവിന്റെ വീട്ടുകാർ ക്രൂരമായി മർദിച്ചിരുന്നു. മരിക്കുന്നതിന് തൊട്ടുമുൻപും യുവതിക്ക് നേരെ അതിക്രമം നടന്നിരുന്നു. ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞതാണെന്നും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ഹൃത്വികിനെയും കുടുംബാംഗങ്ങളെയും കണ്ടെത്താൻ നോയിഡ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Tags : Women Dowry Noida Domestic Abuse Death Latest News.