ചെന്നൈ: തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ സമാനതകളില്ലാത്ത വിജയഗാഥ രചിച്ച് ഓട്ടോ ഡ്രൈവറായ ടിവികെ സ്ഥാനാർഥി കെ.വി. വിജയ് ദാമു വിജയത്തിലേക്ക്. ദളപതി വിജയിയുടെ തമിഴക വെട്രി കഴകം സ്ഥാനാർത്ഥിയായി മത്സരിച്ച സാധാരണക്കാരനായ ഒരു ഓട്ടോ ഡ്രൈവർ, തമിഴ് രാഷ്ട്രീയത്തിലെ വമ്പൻ സ്രാവുകളെ തറപറ്റിച്ചാണ് ചരിത്രം കുറിച്ചത്.
രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്ത ഇദ്ദേഹം, എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു സാധാരണ കുടുംബാംഗമാണ്. തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലം അനുസരിച്ച് 28.9 ലക്ഷം രൂപയുടെ ആസ്തി മാത്രമുള്ള ഈ സ്ഥാനാർത്ഥി, കോടീശ്വരന്മാരായ രാഷ്ട്രീയ ചാണക്യന്മാരെയാണ് മുട്ടുകുത്തിച്ചത്.
മുൻ മന്ത്രിയും എഐഎഡിഎംകെയുടെ കരുത്തനായ നേതാവുമായ ഡി. ജയകുമാറിനെയാണ് ഇദ്ദേഹം പരാജയപ്പെടുത്തിയത്. മുൻ മന്ത്രി റഹ്മാൻ ഖാന്റെ മകനും ഡിഎംകെ സ്ഥാനാർത്ഥിയുമായ സുബൈർ ഖാനും ഈ സാധാരണക്കാരന് മുന്നിൽ പരാജയം രുചിച്ചു. പണക്കൊഴുപ്പിനും കുടുംബ രാഷ്ട്രീയത്തിനും തമിഴ് ജനത നൽകിയ മറുപടിയായാണ് ഈ വിജയത്തെ രാഷ്ട്രീയ ലോകം വിലയിരുത്തുന്നത്.
Tags : auto driver Tamil Nadu Royapuraam Latest News