പ്രതീകാത്മക ചിത്രം
അഹമ്മദാബാദ്: പാക് ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദ് (ജെഇഎം) അംഗങ്ങളായ എട്ടു പേരെ ഗുജറാത്ത് എടിഎസ് പിടികൂടി. ഏഴു പേർ ഗുജറാത്തിൽനിന്നും ഒരാൾ മധ്യപ്രദേശിൽനിന്നുമാണ് അറസ്റ്റിലായത്. ജെഇഎം) സ്ഥാപകൻ മസൂദ് അസ്ഹർ എഴുതിയ പുസ്തകത്തിന്റെ ഗുജറാത്തി പരിഭാഷ അറസ്റ്റിലായവരിൽനിന്ന് എടിഎസ് കണ്ടെടുത്തു.
ഗുജറാത്തിൽ ജയ്ഷ് ശൃംഖല സ്ഥാപിക്കാൻ അറസ്റ്റിലായവർ ശ്രമിച്ചെന്നു പോലീസ് പറഞ്ഞു.
പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനമായ ഗുജറാത്തിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാൻ ദാറുൾ ഇസ്ലാം ഗുജറാത്ത് ജയ്ഷ്-ഇ-മുഹമ്മദ് എന്ന പേരിൽ സംഘടനയും ഇവർ രൂപവത്കരിച്ചു. അബ്ദുള്ള ഗാജിവാല (19), മുദാസിർ അബ്ദുള്ള ഘാസിവാല (22), ഇബ്രാഹിം മുഹമ്മദ് ഹുസെൻ ഘാഗ (30) സക്കറിയ ദുറാനി മുഹമ്മദ് അമ്മാർ ഘാഗ (21), മുഫ്തി ഫൗജാൻ ഇസ്മയിൽ ദൗവ (40), മുഹമ്മദ് അമിൻ ഷേര (21). മുഹമ്മദ് അബ്ദുൾ റഹ്മാൻ സാവ്ദി (22), ബിലാൽ ദുറാനി മുഹമ്മദ് അമ്മാർ ഘാഗ (18) എന്നിവരാണു പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസം എടിഎസ് കസ്റ്റഡിയിൽ വിട്ടു.
ഗുജറാത്തിലെ ബനാസ്കന്ത, മെഹ്സാന, നവസാരി, പഠാൻ എന്നീ ജില്ലകളിലും മധ്യപ്രദേശിലെ ദേവാസ് ജില്ലയിലും ഒരേ സമയം അഞ്ച് പ്രത്യേക എടിഎസ് ടീമുകൾ ഒരേ സമയം റെയ്ഡ് നടത്തിയാണു ഭീകരരെ പിടികൂടിയത്. തങ്ങളുടെ പ്രദേശത്തുള്ള യുവാക്കളെ ജെഇഎമ്മിൽ ചേരാൻ ഇവർ പ്രേരിപ്പിച്ചിരുന്നു. പാക് ഭീകരരായ അബ്ദുള്ള, മുഹമ്മദ് ഉമർ എന്നിവരുമായി നിരന്തരം സന്പർക്കം പുലർത്തി.
Tags : Gujarat ATS arrests Jaish terrorists