ഇന്ത്യൻ ഹോക്കി ടീം കാവി നിറത്തിൽ
ന്യൂഡൽഹി: ഇന്ത്യൻ പുരുഷ-വനിതാ ഹോക്കി ടീമുകളുടെ പരമ്പരാഗത നീല ജേഴ്സി മാറ്റി കാവിയാക്കിയ സംഭവത്തിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് തിർക്കി. എക്സിക്യൂട്ടീവ് ബോർഡിനെയോ തന്നെപ്പോലുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെയോ അറിയിക്കാതെയാണ് ഇത്തരമൊരു പ്രധാന തീരുമാനം എടുത്തതെന്ന് കാണിച്ച് തിർക്കി ഭാരവാഹികൾക്ക് കത്തയച്ചു. ഒഡീഷ സർക്കാരും വിഷയത്തിൽ തന്നോട് വിവരങ്ങൾ തേടിയിട്ടുണ്ടെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂടിയായ ദിലീപ് തിർക്കി വ്യക്തമാക്കി.
നീല ടർഫുകളിൽ കളിക്കാരുടെ ദൃശ്യപരത കൂട്ടാനാണ് ജേഴ്സിയുടെ നിറം മാറ്റിയതെന്ന വാദം ഉയർന്നിരുന്നെങ്കിലും, ഭരണതലത്തിൽ വലിയ വീഴ്ച സംഭവിച്ചെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്ന് തിർക്കി പരസ്യമായി ആവശ്യപ്പെട്ടിരുന്നെങ്കിലും, തീരുമാനം താൻ അറിയാതെയാണെന്ന് വ്യക്തമായതോടെ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് ബോർഡ് ഭാരവാഹികൾക്ക് കത്തയച്ചിരിക്കുന്നത്.
ഏത് അധികാരത്തിന്റെ ബലത്തിലാണ് ഈ തീരുമാനമെടുത്തതെന്നും, എന്തുകൊണ്ടാണ് ഉയർന്ന ഭാരവാഹികളിൽ നിന്ന് ഇത് മറച്ചുവെച്ചതെന്നും ചോദിച്ച് അഞ്ച് നിർണായക ചോദ്യങ്ങളാണ് തിർക്കി ഉദ്യോഗസ്ഥരോട് ഉന്നയിച്ചിട്ടുള്ളത്. ഒഡീഷ സർക്കാരിന്റെ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ രേഖാമൂലമുള്ള വിശദീകരണം അടിയന്തരമായി നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു.
നേരത്തെ, കളിക്കാരുടെയും പരിശീലകരുടെയും നിർദേശപ്രകാരമാണ് നീല ടർഫിലെ വ്യക്തതയ്ക്കായി നിറം മാറ്റിയതെന്നും, 2014-ലും 2018-ലും സമാനമായി ജേഴ്സിയുടെ നിറത്തിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്നും തിർക്കി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, ബോർഡിനെ മറികടന്ന് നടന്ന ഈ നീക്കം ഹോക്കി ഇന്ത്യയുടെ ഭരണസംവിധാനത്തിലെ വലിയ ആഭ്യന്തര തർക്കങ്ങളാണ് ഇപ്പോൾ പുറത്തുകൊണ്ടുവന്നിരിക്കുന്നത്.
Tags : HockeyIndia DilipTirkey LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash