ദേശാഭിമാനിയിലെ വിവാദ ലേഖനത്തിൽ നടപടി
തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പിലെ 'കള്ളൻ വിജയൻ' എന്ന ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ കടുത്ത നടപടിയുമായി പത്ര മാനേജ്മെന്റ്. വാരാന്തപ്പതിപ്പ് എഡിറ്ററായിരുന്ന കെ.ആർ. അജയനോട് ഒന്നുകിൽ രാജിവെക്കാനോ അല്ലെങ്കിൽ ദീർഘകാല അവധിയിൽ പ്രവേശിക്കാനോ നിർദേശം നൽകി. ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശനാണ് ഇത് സംബന്ധിച്ച് വാക്കാൽ നിർദേശം നൽകിയത്. വിവാദത്തെ തുടർന്ന് അജയനെ നേരത്തെ തന്നെ വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്ന് മാറ്റി പകരം ചീഫ് ന്യൂസ് എഡിറ്റർ ടി. ചന്ദ്രമോഹന് ചുമതല നൽകിയിരുന്നു.
പുല്ലമ്പാറയിലെ നാടക പ്രവർത്തകനായ കള്ളൻ വിജയനെക്കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടുമായി ബന്ധപ്പെട്ട് ദേശാഭിമാനി എഡിറ്റോറിയൽ ബോർഡിൽ വലിയ തർക്കമാണ് ഉടലെടുത്തത്. തലക്കെട്ട് മാറ്റണമെന്ന ആവശ്യത്തോട് അജയൻ യോജിക്കാതിരുന്നതിനെ തുടർന്ന് വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണ പതിപ്പ് ഉൾപ്പെടെയുള്ള വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം തന്നെ മുടങ്ങിയിരുന്നു. വിഷയത്തെക്കുറിച്ച് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്, നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനത്തിന് 'കള്ളൻ വിജയൻ' എന്ന തലക്കെട്ട് തന്നെയാണ് ഉചിതമെന്ന നിലപാടിൽ അജയൻ ഉറച്ചുനിന്നു.
വിവാദം മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും പാർട്ടിയും പത്രവും പ്രതിരോധത്തിലാവുകയും ചെയ്തതോടെയാണ് അച്ചടക്ക നടപടി കടുപ്പിച്ചത്. ഇതിന്റെ ഭാഗമായി അജയൻ ഉപയോഗിച്ച കമ്പ്യൂട്ടർ അടക്കം പരിശോധിച്ചതായാണ് വിവരം. പാർട്ടിക്കുള്ളിലെ ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്ന സംഭവത്തിൽ തർക്കം ഇപ്പോഴും പത്രത്തിനുള്ളിൽ പുകയുകയാണ്.
Tags : Deshabhimani K.R. Ajayan DeepikaNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash