പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വീണ്ടും ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവടുവെക്കാനൊരുങ്ങി കേരളം. കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ചു വരെയാണ് ഇത്തവണത്തെ മത്സരങ്ങൾ നടക്കുന്നത്. ആറ് ഫ്രാഞ്ചൈസികൾ മാറ്റുരയ്ക്കുന്ന 17 ദിവസം നീളുന്ന ക്രിക്കറ്റ് മാമാങ്കത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഓഗസ്റ്റ് 20ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30നാണ് ഈ മത്സരം ആരംഭിക്കുന്നത്. അന്ന് വൈകുന്നേരം 7.30ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സിനെ നേരിടും.
സെപ്റ്റംബർ നാലിനാണ് നിർണായകമായ സെമിഫൈനൽ പോരാട്ടങ്ങൾ. പോയിന്റ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനക്കാരും, ഒന്നും നാലും സ്ഥാനക്കാരും തമ്മിലാണ് സെമിയിൽ ഏറ്റുമുട്ടുന്നത്. കേരളത്തിലെ ക്രിക്കറ്റ് ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഗ്രാൻഡ് ഫിനാലെ സെപ്റ്റംബർ അഞ്ചിന് നടക്കും.
ചെറിയ കാലയളവ് കൊണ്ട് തന്നെ രാജ്യത്തെ മുൻനിര പ്രാദേശിക ടി20 ലീഗുകളിൽ ഒന്നായി മാറാൻ കെസിഎല്ലിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ സ്റ്റാർ സ്പോർട്സിലൂടെ മാത്രം നാല് കോടിയിലധികം പ്രേക്ഷകരാണ് മത്സരങ്ങൾ കണ്ടത്. ഫാങ്കോഡിൽ 70 ലക്ഷത്തിലധികം ആളുകളും ഏഷ്യാനെറ്റ് പ്ലസിൽ 1.34 കോടിയിലേറെ പേരും ലീഗ് തത്സമയം ആസ്വദിച്ചു.
തമിഴ്നാട് പ്രീമിയർ ലീഗ്, കർണാടക മഹാരാജ ട്രോഫി തുടങ്ങിയ വമ്പൻ ലീഗുകളെപ്പോലും വ്യൂവർഷിപ്പിൽ പിന്തള്ളിയാണ് കെസിഎൽ ഈ നേട്ടം കൈവരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയും വലിയ ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞത് കേരള ക്രിക്കറ്റ് അസോസിയേഷന്റെ ദീർഘവീക്ഷണത്തിനും മികച്ച സംഘാടനത്തിനും ലഭിച്ച അംഗീകാരം കൂടിയാണ്.
ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ കുതിച്ചുചാട്ടത്തിന് അടിവരയിടുന്നതാണ് ഈ മുന്നേറ്റം. മുൻ സീസണുകളെ വെല്ലുന്ന ആവേശത്തോടുകൂടി മൂന്നാം പതിപ്പിന് കളംതുറക്കുമ്പോൾ വൻ വരവേൽപ്പ് നൽകാനുള്ള തയാറെടുപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ.
Tags : KclSeason Kerala Cricket League T20 Tournament Calicut Globe Stars Thrissur Titans Kochi Blue Tigers Kollam Sailors