വിജയ് സിനിമ ജനനായകന്റെ പോസ്റ്റരുകൾ നീക്കം ചെയ്യുന്നു.
ബംഗളൂരു: കാവേരി ജലത്തർക്കം രൂക്ഷമാകുന്നതിനിടെ വിജയ് നായകനായെത്തിയ പുതിയ ചിത്രം ജനനായകന്റെ പ്രദർശനം കർണാടകയിൽ നിർത്തിവെച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ നിരവധി തീയറ്ററുകൾ ചിത്രത്തിന്റെ പ്രദർശനം താൽക്കാലികമായി നിർത്തിവെക്കുകയും വിജയ്യുടെ പോസ്റ്ററുകൾ നീക്കം ചെയ്യുകയും ചെയ്തു.
കർഷക സംഘടനകളുടെയും കന്നഡ അനുകൂല സംഘടനകളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് കർണാടകയിൽ നടക്കുന്നത്. കഴിഞ്ഞ 23ന് റിലീസ് ചെയ്ത ജനനായകൻ കർണാടകയിലെ ഏകദേശം 125ഓളം തീയറ്ററുകളിലാണ് പ്രദർശനം ആരംഭിച്ചിരുന്നത്. ഇതിൽ 75ലധികം സിംഗിൾ സ്ക്രീനുകളും ഏകദേശം 50 മൾട്ടിപ്ലക്സ് സ്ക്രീനുകളും ഉൾപ്പെടുന്നു.
കാവേരി പ്രക്ഷോഭങ്ങൾ ശക്തമായതിനെ തുടർന്ന് യാതൊരുവിധ അനിഷ്ട സംഭവങ്ങളും ഉണ്ടാകാതിരിക്കാൻ തീയറ്റർ ഉടമകൾ സ്വമേധയാ സിനിമയുടെ പ്രദർശനം റദ്ദാക്കുകയായിരുന്നു. ചില തീയറ്ററുകളിലെ ജീവനക്കാർ പരസ്യബോർഡുകളും വിജയ്യുടെ കട്ടൗട്ടുകളും എടുത്തുമാറ്റി. ബംഗളൂരുവിലെ ഉർവശി തീയറ്ററിൽ പോലീസിന്റെ നിർദ്ദേശത്തെത്തുടർന്ന് ചിത്രത്തിന്റെ പ്രദർശനം നിർത്തിവെച്ചു.
ഇവിടെ ചിത്രത്തിന്റെ പോസ്റ്ററുകൾ നീക്കം ചെയ്യുകയും ചെയ്തു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ വിജയ്യുടെ കർണാടക സന്ദർശനം റദ്ദാക്കി.
Tags : Jana Nayagan Vijay Cauvery Protests Karnataka Theatres Water Dispute