ന്യൂഡൽഹി: രാജ്യത്തെ പാചകവാതക ക്ഷാമവും എൽപിജി പൂഴ്ത്തിവയ്പും തടയാൻ സർക്കാർ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷനേതാവുമായ മല്ലികാർജുൻ ഖാർഗെ.
പശ്ചിമേഷ്യൻ സംഘർഷം ഉടലെടുത്തപ്പോൾത്തന്നെ സർക്കാർ ഇന്ത്യൻ പൗരന്മാർക്കു മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അതിനാൽത്തന്നെ സംഘർഷം ഇന്ധനവിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് സർക്കാരിന് അറിവുണ്ടായിരുന്നതായും രാജ്യസഭയുടെ ശൂന്യവേളയിൽ സംസാരിക്കവേ ഖാർഗെ ചൂണ്ടിക്കാട്ടി.
എൽപിജി ഇറക്കുമതികൾക്ക് പ്രതിസന്ധിയുണ്ടാകുമെന്ന് സർക്കാരിനു ബോധ്യമുണ്ടായിരുന്നെങ്കിൽ പിന്നീട് എന്തുകൊണ്ട് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്നും വിഷയം സഭയിൽ വിശദമായി ചർച്ച ചെയ്യണമെന്നും ഖാർഗെ ആവശ്യപ്പെട്ടു.
രാജ്യത്ത് എൽപിജി ക്ഷാമമില്ലെന്ന സർക്കാർ വാദം ശരിയല്ല. എൽപിജി പ്രതിസന്ധി ദരിദ്രരെയും സാധാരണക്കാരെയും മധ്യവർഗത്തെയും ഹോട്ടലുകളെയും വാണിജ്യ ഉപയോക്താക്കളെയും ഒരുപോലെ ബാധിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.
ഖാർഗെയ്ക്കുപിന്നാലെ സഭയിൽ സംസാരിച്ച സഭാനേതാവ് ജെ.പി. നഡ്ഡ പ്രതിസന്ധിഘട്ടത്തിലും വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ ശ്രമിക്കുന്നതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി.
പ്രതിസന്ധിഘട്ടത്തിൽ രാജ്യത്തിനോടൊപ്പം നിലകൊള്ളുന്നതിനു പകരം അവർ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും പ്രതിസന്ധി ഇന്ത്യ മൂലമുണ്ടായതല്ലെന്നും നഡ്ഡ ചൂണ്ടിക്കാട്ടി.
Tags : LPG Kharge precautions Congress Cooking Gas Gas Cylinder