ന്യൂഡൽഹി: ആവശ്യമെങ്കിൽ നീണ്ട യുദ്ധത്തിന് ഇന്ത്യ പൂർണമായും തയാറാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ഓപ്പറേഷൻ സിന്ദൂർ സ്വമേധയാ നിർത്തിവച്ചതാണെന്നും പാക്കിസ്ഥാനെതിരായ നീണ്ട യുദ്ധത്തിന് തയാറായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാൻ അന്താരാഷ്ട്ര ഭീകരതയുടെ പ്രഭവകേന്ദ്രമാണെന്നും ഡൽഹിയിൽ എഎൻഐ വാർത്താ ഏജൻസി സംഘടിപ്പിച്ച സുരക്ഷാ ഉച്ചകോടിയിൽ മന്ത്രി രാജ്നാഥ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ 72 മണിക്കൂറിനുള്ളിൽ പൂർത്തിയായിരിക്കാം. പക്ഷേ, അതിനുപിന്നിലെ തയാറെടുപ്പുകൾ വളരെ നീണ്ടതായിരുന്നു. ആവശ്യമെങ്കിൽ നീണ്ട യുദ്ധം നേരിടാൻ പൂർണമായും തയാറാണ്.
നമ്മുടെ ആക്രമണശേഷി, സംഭരണശേഷി, തദ്ദേശീയ ആയുധങ്ങളുടെ വിശ്വാസ്യത ഇവയെല്ലാം പ്രതിരോധത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അണ്വായുധ ആക്രമണ ഭീഷണിയിൽ ഇന്ത്യ ഭയപ്പെട്ടില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യയെ ആക്രമിച്ചവരെയാണ് ഓപ്പറേഷൻ സിന്ദൂറിൽ കൃത്യമായി ലക്ഷ്യം വച്ചത്.
കഴിവുകൾ കുറഞ്ഞതുകൊണ്ടല്ല ഓപ്പറേഷൻ നിർത്തിയത്. സ്വമേധയാ സ്വന്തം നിബന്ധനകളിലാണു നിർത്തിയത്.
ആവശ്യമെങ്കിൽ ഒരു നീണ്ട യുദ്ധത്തിനു പൂർണമായും തയാറായിരുന്നു. ആവശ്യമുള്ള സമയങ്ങളിൽ പെട്ടെന്നു ശേഷി വികസിപ്പിക്കാനുള്ള കഴിവ് മുന്പത്തേക്കാൾ കൂടുതൽ ഇന്ത്യയ്ക്കുണ്ടെന്ന് പ്രതിരോധമന്ത്രി വിശദീകരിച്ചു.
പഹൽഗാം ആക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി നടത്തിയ ഓപ്പറേഷൻ അവസാനിപ്പിച്ചതു താനാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ വിശദീകരണം.
ന്യൂഡൽഹി: ഭാവിയിലെ യുദ്ധങ്ങളിൽ ഡ്രോണുകളും ഡ്രോണുകൾ കണ്ടെത്തി തകർക്കുന്ന (കൗണ്ടർ ഡ്രോണ്‍) സാങ്കേതികവിദ്യകളും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
ഇറാൻ-ഇസ്രയേൽ, റഷ്യ-യുക്രെയ്ൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഡ്രോണ്‍ നിർമാണ ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
ഉത്പന്നങ്ങളുടെ കാര്യത്തിൽ മാത്രമല്ല ഘടകതലത്തിലും സ്വാശ്രയത്വം പ്രധാനമാണ്. ഡ്രോണിന്റെ മോൾഡ്, സോഫ്റ്റ്വേർ, എൻജിൻ, ബാറ്ററികൾ എന്നിവയെല്ലാം ഇന്ത്യയിൽ നിർമിച്ചതാണ്. ഡ്രോണുകൾ നിർമിക്കുന്ന മിക്ക രാജ്യങ്ങളിലും പല നിർണായക ഘടകങ്ങളും ചൈനയടക്കമുള്ള മറ്റു രാജ്യങ്ങളിൽനിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
ഡ്രോണ്‍ നിർമാണത്തിൽ ഇന്ത്യ പൂർണമായും സ്വയംപര്യാപ്തമാകണമെന്ന് രാജ്നാഥ് ഓർമിപ്പിച്ചു. രാജ്യത്തിന്റെ പ്രതിരോധ തയാറെടുപ്പിനും തന്ത്രപരമായ സ്വയംഭരണത്തിനും ഇതാവശ്യമാണ്.
തദ്ദേശീയ ഡ്രോണ്‍ നിർമാണത്തിനുള്ള ആഗോളകേന്ദ്രമായി ഇന്ത്യ മാറുകയെന്നതാണു ലക്ഷ്യം. ചെറുകിട, ഇടത്തരം വ്യവസായങ്ങളുടെ സഹകരണത്തോടെയാകും ഇതു നേടുക. സാധ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്നും പ്രതിരോധമന്ത്രി അറിയിച്ചു.