ന്യൂഡൽഹി: സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന്റെ പാസ്പോർട്ട് വിട്ടുനൽകണമെന്ന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി സുപ്രീംകോടതി മൂന്നംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ടീസ്റ്റയ്ക്ക് ജാമ്യം അനുവദിച്ചത് മൂന്നംഗ ബെഞ്ചായതിനാലാണ്, പാസ്പോർട്ട് വിട്ടുനൽകുന്ന കാര്യത്തിലും മൂന്നംഗം ബെഞ്ച് തന്നെ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന് കോടതി നിരീക്ഷിച്ചത്. ടീസ്റ്റയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് കോടതിയിൽ ഹാജരായത്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകൾ ചമച്ചുവെന്നാരോപിച്ച് ഗുജറാത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2023 ജൂലൈയിലാണ് സുപ്രീംകോടതി ടീസ്റ്റയ്ക്ക് സ്ഥിരം ജാമ്യം അനുവദിച്ചത്. എന്നാൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പാസ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
വിദേശയാത്രകൾക്ക് മുൻകൂർ അനുമതി വേണമെന്ന നിബന്ധനയും നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് പാസ്പോർട്ട് സ്ഥിരമായി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ടീസ്റ്റ സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി ഇനി ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിക്കും.
Tags : Supreme Court Teesta Setalvad three-judge bench Latest News