ചെന്നൈ: കവിയും ദാർശനികനുമായ തിരുവള്ളുവരെ കാവിവസ്ത്രം ധരിച്ചരീതിയിൽ ചിത്രീകരിച്ച സംഭവത്തിൽ തമിഴ്നാട്ടിൽ വിവാദം ശക്തമാകുന്നു. ഗവർണറുടെ നടപടിക്കെതിരേ ഭരണകക്ഷിയായ ടിവികെയും പ്രതിപക്ഷമായ ഡിഎംകെയും രൂക്ഷവിമർശനവുമായി രംഗത്തെത്തി.
വെള്ളവസ്ത്രം ധരിക്കുന്ന രീതിയിലാണ് തിരുവുള്ളവരെ ഇതുവരെ ചിത്രീകരിച്ചിട്ടുള്ളത്. ഇതിനു വിരുദ്ധമായി ലോക്ഭവൻ അദ്ദേഹത്തെ ചിത്രീകരിച്ചതെന്നാണ് വിമർശം. മേയ് 30ന് ലോക്ഭവനിൽ നടന്ന വൈകാശി ആഘോഷ ചടങ്ങിൽ കാവി വസ്ത്രം ധരിച്ച തിരുവള്ളുവരുടെ ചിത്രത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പുഷ്പാർച്ചന നടത്തിയതാണ് വിവാദങ്ങൾക്കു തുടക്കം.
ലോകം ആദരിക്കുന്ന ദാർശനികനായ തിരുവള്ളുവരെ ഒരുപ്രത്യേക ഇടത്തിൽ മാത്രം ഒതുക്കാൻ ശ്രമിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ സാവത്രിക വീക്ഷണത്തെ അപമാനിക്കുകയാണെന്ന് ആരോഗ്യമന്ത്രിയും ടിവികെ നേതാവുമായ ഡോ.കെ.ജി. അരുൺരാജ് പറഞ്ഞു.
പൊതുവേദികളിൽ തിരുവള്ളുവരെ കാവി വസ്ത്രത്തിൽ അവതരിപ്പിക്കുന്നത് തികച്ചും തെറ്റാണ്. തിരുവള്ളുവർ ഒരു ജാതിക്കോ, മതത്തിനോ വംശത്തിനോ മാത്രമായി ജീവിച്ച ആളല്ല. അദ്ദേഹത്തിന്റെ തിരുക്കുറൽ മനുഷ്യരാശിക്കാകെ മാതൃകയായ ഒന്നാണ്. രാഷ്ട്രീയ ലാഭത്തിനായി അദ്ദേഹത്തിനെ കാവി പൂശുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി മൗനം പാലിക്കുന്നതുകൊണ്ടാണ് തിരുവള്ളുവരെ കാവിപൂശാൻ ലോക്ഭവന് ധൈര്യം ഉണ്ടായതെന്ന് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിൻ കുറ്റപ്പെടുത്തി. തമിഴ്നാട് സർക്കാർ ഔദ്യോഗികമായി ജനുവരിയിലാണ് തിരുവള്ളുവർ ദിനം ആഘോഷിക്കുന്നത്.
വൈകാശി അനുഷ്ഠമെന്ന പുതിയ ആചാരം എവിടെ നിന്ന് വന്നതാണെന്നും ഉദയനിധി സ്റ്റാലിൻ ചോദിച്ചു. തമിഴ് ജനതയുടെ ആത്മാഭിമാനത്തെയാണ് ഇതിലൂടെ ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് സിപിഎം, സിപിഐ തുടങ്ങിയ പാർട്ടികളും രംഗത്തെത്തി. തിരുവള്ളുവരെ ഏതെങ്കിലും ഒരു മതത്തിന്റ ഭാഗമാക്കുന്നത് ചരിത്രം പൊറുക്കില്ലെന്ന് നേതാക്കൾ പറഞ്ഞു.
അതേസമയം, കാവിയെന്നത് ഒരു പ്രത്യേക മതത്തിന്റെ മാത്രം നിറമല്ലെന്നും അത് രാജ്യത്തിന്റെ പവിത്രതയുടെയും ത്യാഗത്തിന്റെയും പ്രതീകമാണെന്നും ബിജെപി വക്താവ് നാരായണൻ തിരുപ്പതി ന്യായീകരിച്ചു.
Tags : DMK protest TVK Thiruvalluvaru saffron covered