ന്യൂഡൽഹി: അമേരിക്കയുമായുള്ള നിർണായക വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി നിയന്ത്രിക്കാൻ ഇന്ത്യൻ എണ്ണശുദ്ധീകരണ കമ്പനികൾ നീക്കം തുടങ്ങുന്നു. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി നിർത്തിയതായി കേന്ദ്രം ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഏപ്രിൽ മാസത്തേക്കുള്ള റഷ്യൻ എണ്ണ വാങ്ങുന്നതിൽ നിന്ന് ഇന്ത്യൻ കമ്പനികൾ വിട്ടുനിൽക്കുകയാണെന്നും ഇത് നീണ്ട കാലയളവിലേക്ക് തുടരാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ പ്രമുഖ കമ്പനികൾ മാർച്ചിലും ഏപ്രിലിലും ലോഡ് ചെയ്യേണ്ട റഷ്യൻ എണ്ണയ്ക്കായുള്ള വ്യാപാരികളുടെ ഓഫറുകൾ നിരസിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മാർച്ച് മാസത്തേക്ക് നേരത്തെ നിശ്ചയിച്ചിട്ടുള്ള ചില ഓർഡറുകൾ കമ്പനികൾ പൂർത്തിയാക്കിയേക്കും.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ചർച്ചകളെത്തുടർന്ന് വെള്ളിയാഴ്ച ഇരുരാജ്യങ്ങളും ഒരു വ്യാപാര ചട്ടക്കൂട് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യൻ എണ്ണയുടെ കാര്യത്തിൽ കമ്പനികൾ ജാഗ്രത പാലിക്കുന്നത്. മാർച്ച് മാസത്തോടെ ഈ കരാർ ഔദ്യോഗികമായി ഒപ്പുവെക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.
ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും വിപണി സാഹചര്യങ്ങൾക്കനുസരിച്ച് ഊർജ്ജ സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുകയാണ് തങ്ങളുടെ നയമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
Tags : US trade deal Russian oil