യുഎഇ ഏറ്റവും മികച്ച തൊഴിൽ സുരക്ഷയുള്ള രാജ്യം: മുൻമന്ത്രി എ. കെ. ബാലൻ
Tuesday, May 6, 2025 12:08 AM IST
അബുദാബി: തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉൾപ്പെടെ ലോകത്ത് ഏറ്റവും മികച്ച തൊഴിൽ സുരക്ഷയുള്ള രാജ്യമാണ് യുഎഇ എന്ന് മുൻ കേരള സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രി എ. കെ. ബാലൻ.
കേരള സോഷ്യൽ സെന്ററിന്റെയും ശക്തി തിയറ്റേഴ്സ് അബുദാബിയുടെയും യുവകലാസാഹിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച മേയ് ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുരോഗമനമെന്ന് നാം പറയുന്ന രാജ്യങ്ങളിലുള്ളതിനേക്കാളും ഒരു സുരക്ഷിതത്വബോധം പ്രവാസികൾക്ക് ഇവിടെ ലഭ്യമാകുന്നുണ്ട്. യുഎഇ ഭരണാധികാരികൾ പ്രവാസികളോട് കാണിക്കുന്ന നല്ല സമീപനങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ. കെ. ബീരാൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ലോക കേരള സഭ അംഗം അഡ്വ. അൻസാരി സൈനുദ്ദീൻ, ശക്തി തിയറ്റേഴ്സ് അബുദാബി പ്രസിഡന്റ് കെ. വി. ബഷീർ, യുവകലാസാഹിതി പ്രസിഡന്റ് രാഗേഷ് നമ്പ്യാർ, മാധ്യമ പ്രവർത്തകൻ സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യൽ സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ് എന്നിവർ സംസാരിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ട്, ഓണാനുഭവക്കുറിപ്പ് എന്നീ വിഭാഗങ്ങളിലായി ദേശാഭിമാനി നടത്തിയ മത്സര വിജയിയായ ഹുസ്ന റാഫിക്കുള്ള സമ്മാനവിതരണവും, ഉപരിപഠനത്തിനായി നാട്ടിലേയ്ക്ക് പോകുന്ന ബാലവേദി കൂട്ടുകാർക്കായുള്ള യാത്രയയപ്പും പ്രസ്തുത വേദിയിൽ വച്ചു നടന്നു.തുടർന്ന് കേരള സോഷ്യൽ സെന്റർ ഗായകരും ബാലവേദി കൂട്ടുകാരും അവതരിപ്പിച്ച സംഘഗാനങ്ങൾ അരങ്ങേറി.