പ്രതീകാത്മക ചിത്രം
സിഡ്നി: സിഡ്നിയിലെ ആദ്യകാല ഇന്ത്യൻ ഓർത്തഡോക്സ് വൈദികനും ഓസ്ട്രേലിയയിലെ അനേകം ദേവാലയങ്ങളുടേയും കോണ്ഗ്രിഗേഷനുകളുടേയും സ്ഥാപകനുമായ വെരി റവ. ഫാ. തോമസ് വർഗീസ് കോർ-എപ്പിസ്കോപ്പയ്ക്ക് (സജി അച്ചൻ) ആദരവും നന്ദിയും അർപ്പിച്ച് സിഡ്നി സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ "സർവീസ് ഓഫ് ഗ്രാറ്റിറ്റ്യൂഡ്' ഒരുക്കുന്നു.
സിഡ്നിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ആദ്യ ഇടവക വൈദികനായ സജി അച്ചൻ ഈ വർഷം തൽസ്ഥാനത്ത് നിന്നു വിരമിക്കും. മലങ്കര ഓർത്തഡോക്സ് സഭ പുതുതായി ആരംഭിച്ച ഏഷ്യ പസഫിക് ഭദ്രാസനത്തിന്റെ സെക്രട്ടറിയായി ഇപ്പോൾ സേവനം അനുഷ്ഠിക്കുകയാണ് അദ്ദേഹം.
സിഡ്നി ഓർത്തഡോക്സ് കത്തീഡ്രലിലെ മൂന്ന് പതിറ്റാണ്ടിന്റെ ഇടയശുശ്രൂശയിൽ നിന്നു വിരമിച്ച് പുതിയ ദൗത്യത്തിലേക്ക് പ്രവേശിക്കുന്ന അച്ചനെ ശനിയാഴ്ച വൈകുന്നേരം വാട്ടിൽ ഗ്രോവ് സെന്റ് മാർക്സ് കോപ്റ്റിക് ഓർത്തഡോക്സ് കോളജിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കും.
ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ന്യൂ സൌത്ത് വെയിൽസിന്റെ പ്രീമിയർ ക്രിസ് മിൻസ് മുഖ്യാതിഥിയായിരിക്കും.
പ്രസ്തുത ചടങ്ങിൽ ന്യൂ സൌത്ത് വെയിൽസിലെ പാർലിമെന്റ് അംഗങ്ങളും ലിവർപൂൾ കൌൺസിൽ മേയറും രാഷ്ട്രീയ സാമൂഹിക നേതാക്കളും സഹോദരി സഭാ മേലധ്യക്ഷന്മാരും വിവിധ ദേവാലയങ്ങളിലെ വൈദികരും വിശ്വാസികളും പങ്കെടുക്കും.
മാവേലിക്കര വിളനിലത്ത് കുടുംബാംഗമായ സജിയച്ചൻ 1986-ലാണ് ഓസ്ട്രേലിയയിൽ എത്തിയത്. 1990-ൽ ഏതാനും കുടുംബങ്ങൾ ചേർന്ന് തുടങ്ങിയ ഒരു ചെറിയ പ്രാർഥനാ കൂട്ടായ്മയിൽ നിന്നാണ് ഇന്നത്തെ സിഡ്നി ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ തുടക്കം.
1996 നവംബര്‍ മാസം ശെമ്മാശപട്ടം സ്വീകരിച്ച അച്ചന് 1998 ഒക്ടോബർ മാസം വൈദിക സ്ഥാനം ലഭിക്കുകയും സിഡ്നിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ആദ്യ ഇടവക വികാരിയായി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ നിയമിക്കുകയും ചെയ്തു.
പിന്നീട് വിശ്വാസികൾ കൈകോർത്ത് വാട്ടിൽ ഗ്രോവിൽ സ്ഥലം വാങ്ങി ഒരു ദേവാലയം പണിയുകയും 2005 നവംബർ 13-ന് യാക്കോബ് മാർ ഐറേനിയോസ് തിരുമേനി ദേവാലയ കൂദാശ നടത്തുകയും ചെയ്തു .
അതേ ദിവസം, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് പ്രഥമൻ ബാവയുടെ കല്പനയാൽ ദേവാലയത്തിന് കത്തീഡ്രൽ പദവിയും ലഭിച്ചു. 2022 സെപ്റ്റംബർ 24ന് ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് തിരുമേനി സിഡ്നിയിൽ വച്ച് അദ്ദേഹത്തെ കോർ-എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തി.
തന്നില്‍ ഏല്‍പ്പിക്കപ്പെട്ട കര്‍ത്തവ്യങ്ങള്‍ അനുഗ്രഹത്തോടെ നിറവേറ്റി നിർമ്മല പൗരോഹിത്യ ശുശ്രൂഷയുടെ 28 വര്‍ഷങ്ങള്‍ പിന്നിടുകയാണ് സജി അച്ചന്. സത്യവിശ്വാസത്തോടെ, ഏറെ ക്ലേശങ്ങള്‍ സഹിച്ച് സഭയുടെ വളര്‍ച്ചക്കായി ഓസ്ട്രേലിയയില്‍ അനേകം ദേവാലയങ്ങളും കോണ്‍ഗ്രിഗേഷനും സ്ഥാപിക്കാന്‍ ബഹുമാനപെട്ട സജി അച്ചന് മുന്‍കൈ എടുത്തു.
സിഡ്നി, ബ്രിസ്ബേന്‍, കാന്‍ബറ, വാഗ വാഗ വൊള്ളന്കോങ്ങ്, ഓറഞ്ച്, ടൌണ്‍സ്വില്‍ വയോംഗ് തുടങ്ങി ഓസ്ട്രേലിയയിലെ അനേക സ്ഥലങ്ങളില്‍ അച്ചന്റെ ശ്രമഫലമായി ദേവാലയങ്ങളും കോണ്‍ഗ്രിഗേഷനുകളും സ്ഥാപിക്കപെട്ടു.
ഓസ്ട്രേലിയയിലെ എകുമിനിക്കല് കൌണ്സിലിലും കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിലും സജീവമായി പങ്കെടുത്തിരുന്ന അച്ചന് സിഡ്നിയിലെ സഹോദര സഭകളുമായും ഉറ്റ ബന്ധം പുലര്‍ത്തി.
കത്തീഡ്രലിന്റെ സ്ഥാപനം മുതല്‍ അതിന്റെ അമരക്കാരനായി നിന്ന് ഇടവകയുടെ ആത്മീകവും ഭൗതീകവുമായ വളര്‍ച്ചയ്ക്ക് അച്ചൻ നല്കിയ നിസ്തുലമായ സേവനത്തിന് നന്ദി പ്രകടിപ്പിക്കുവാനാണ് ഓർത്തോഡോക്സ് വിശ്വാസിസമൂഹം സർവീസ് ഓഫ് ഗ്രാറ്റിറ്റ്യൂഡ് എന്ന പരിപാടി നടത്തുന്നത്.
ഈ നന്ദിപ്രകാശനം അനുഗ്രഹ പ്രദമായി തീരുവാനായി വിപുലമായ ക്രമീകരണങ്ങളാണ് ഇടവക വികാരി റവ.ഫാ. ജോൺ ജോഷ്ബി തോമസിന്റെ നേതൃത്വത്തിൽ സിഡ്നി കത്തീഡ്രൽ ഒരുക്കിയിരിക്കുന്നത്.
Tags : ServiceofGratitude Rev.Fr.ThomasVarghese Sydney NRINews