വത്തിക്കാൻ സിറ്റി: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ് - യുകെ കൺവൻഷൻ 2026-ന്റെ ഭാഗമായി, മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവയുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി സ്മരണാർഥം വത്തിക്കാൻ സിറ്റിയിൽ പ്രൗഢഗംഭീരമായ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു.
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സിനഡ് സെക്രട്ടറിയായ ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. വിശുദ്ധ തോമാസ് ശ്ലീഹായുടെ അപ്പോസ്തോലിക പാരമ്പര്യവും പുനരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയായ ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ദീർഘവീക്ഷണവും വിശ്വസ്തതയോടെ മുന്നോട്ട് നയിക്കുന്ന മലങ്കര സഭയുടെ ഇടയശ്രേഷ്ഠനാണ് കാതോലിക്കാ ബാവയെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ വിശേഷിപ്പിച്ചു.
വിശുദ്ധ പത്രോസിന്റെ പിൻഗാമിയുടെ സിംഹാസനവും അപ്പോസ്തോലന്മാരുടെ കേന്ദ്രവുമായ റോമിൽ ഒത്തുകൂടുന്നത് ആഗോള സഭയുമായുള്ള മലങ്കര സഭയുടെ കൂട്ടായ്മയുടെ ജീവസുറ്റ ആവിഷ്കാരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ മെത്രാനെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായി തെരഞ്ഞെടുത്തതിൽ പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഉണ്ടായിരുന്നതായി ആർച്ച്ബിഷപ് മാർ കൂറിലോസ് അനുസ്മരിച്ചു.
കർദിനാൾ ക്ലിമീസ് ബാവയുടെ നേതൃത്വത്തിൽ മാർ ഈവാനിയോസിന്റെ ദർശനങ്ങൾ സഭയുടെ മിഷണറി പ്രവർത്തനങ്ങളെയും ആഗോള സാന്നിധ്യത്തെയും ശക്തിപ്പെടുത്തിക്കൊണ്ട് അഭിവൃദ്ധിപ്പെടുകയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
മതസംഭാഷണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് അത്യുന്നത കർദിനാൾ ജോർജ് കൂവക്കാട്, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആർച്ച്ബിഷപ് മൈക്കൽ ജലാഖ് ഒഎഎം, യൂറോപ്പിലെയും യുകെയിലെയും അപ്പോസ്തോലിക് വിസിറ്റേറ്റർ ബിഷപ് കുര്യാക്കോസ് മാർ ഒസ്താത്തിയോസ്, അല്മായരെ പ്രതിനിധീകരിച്ച് യൂറോപ്പിലെ നാഷണൽ പാസ്റ്ററൽ കൗൺസിൽ വൈസ് പ്രസിഡന്റ് സെബിൻ പുലിപ്ര എന്നിവരുൾപ്പെടെ ചടങ്ങിന്റെ ഭാഗമായ മുഴുവൻ പേരെയും ആർച്ച്ബിഷപ് സ്വാഗതം ചെയ്തു.
ജുബൽ സാജിയാണ് പരിപാടിയുടെ അവതാരകനായിരുന്നത്. കർദിനാൾ ജോർജ് കൂവക്കാട് മലങ്കര സഭയ്ക്കും ആഗോള സഭയ്ക്കും കർദിനാൾ ക്ലിമീസ് ബാവാ നൽകുന്ന മാതൃകാപരമായ നേതൃത്വത്തെയും സമർപ്പിത സേവനത്തെയും ആശംസാപ്രസംഗത്തിൽ പ്രകീർത്തിച്ചു.
അദ്ദേഹത്തെ കർദിനാൾ പദവിയിലേക്ക് ഉയർത്തിയതിനെ പരാമർശിച്ചുകൊണ്ട്, കാതോലിക്കാ ബാവാ ദൈവവിളിയോട് ഉദാരമായി പ്രതികരിക്കുകയും പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ശ്രദ്ധേയമായ ശബ്ദമായി മാറുകയും ചെയ്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സഭൈക്യ ശ്രമങ്ങൾ, മതസൗഹാർദ്ദം, ഇടയനേതൃത്വം, സുവിശേഷവത്കരണം എന്നിവയിൽ കർദിനാൾ ക്ലിമീസ് ബാവാ നൽകിയ മികച്ച സംഭാവനകളെ അദ്ദേഹം എടുത്തുപറഞ്ഞു.
.jpeg1781526283.jpg)
ബാവയുടെ കാരുണ്യവും ലാളിത്യവും സുവിശേഷത്തോടുള്ള വിശ്വസ്തതയും സഭയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ലോകമെമ്പാടുമുള്ള എണ്ണമറ്റ വിശ്വാസികൾക്ക് പ്രചോദനമേകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
കാതോലിക്കാ ബാവായുടെ ജീവിതത്തെയും ശുശ്രൂഷകളെയും ആസ്പദമാക്കിയുള്ള പ്രത്യേക ജൂബിലി വീഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു. തുടർന്ന് ജൂബിലി തിരി തെളിക്കലും കേക്ക് മുറിക്കലും നടന്നു.
പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി ആർച്ച്ബിഷപ് മൈക്കൽ ജലാഖ്, "ഒരു ഇടയന്റെ കീഴിൽ ഒരു ആട്ടിൻകൂട്ടമായി' വിശ്വാസത്തിൽ ഒരുമിച്ച് യാത്ര ചെയ്യാൻ ആഹ്വാനം ചെയ്ത ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ സുസ്ഥിരമായ ദർശനത്തെക്കുറിച്ച് സംസാരിച്ചു.
ആർച്ച്ബിഷപ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ്, സിറിൾ മാർ ബസേലിയോസ് കാതോലിക്കാ ബാവാ എന്നിവർക്ക് ശേഷം, കർദിനാൾ ക്ലിമീസ് ബാവായുടെ നേതൃത്വത്തിൽ മലങ്കര സഭ കൈവരിച്ച മിഷണറി ചലനാത്മകതയെ അദ്ദേഹം എടുത്തുപറഞ്ഞു.
സഭയുടെ സുവിശേഷവത്കരണ ദൗത്യം ഇപ്പോൾ കേരളത്തിനും ഇന്ത്യയ്ക്കും അപ്പുറത്തേക്ക് ലോകം മുഴുവൻ സഭ വ്യാപിച്ചിരിക്കുകയാണെന്നും മാർ ഈവാനിയോസ് വിഭാവനം ചെയ്ത ഐക്യത്തിന്റെയും കൂട്ടായ്മയുടെയും സുവിശേഷവത്കരണത്തിന്റെയും ദർശനങ്ങളോട് വിശ്വസ്തത പുലർത്തിക്കൊണ്ട് എല്ലാവർക്കും പ്രത്യാശ പകരുകയാണെന്നും അദ്ദേഹം നിരീക്ഷിച്ചു.
ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ ജീവിതത്തെയും ദർശനത്തെയും സഭയുടെ ഇപ്പോൾ നടക്കുന്ന പ്രവർത്തനങ്ങൾ ഭാവി പ്രവർത്തനങ്ങളും വെല്ലുവിളികളും എന്ന വിഷയങ്ങളെ ആസ്പദമാക്കി റവ. ഡോ. തോംസൺ, റവ. ഡോ. ലൂയിസ് ചാരുവിള പുത്തൻവീട് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
സഭാ ഐക്യത്തോടുള്ള സ്ഥാപകന്റെ അചഞ്ചലമായ പ്രതിബദ്ധത, മിഷനറി ചൈതന്യം, ആഗോള സഭയുമായുള്ള കൂട്ടായ്മ എന്നിവയെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭ ലോകമെമ്പാടും കൈവരിച്ച ശ്രദ്ധേയമായ വളർച്ച മാർ ഈവാനിയോസിന്റെ ദർശനങ്ങളുടെയും ത്യാഗങ്ങളുടെയും ജീവിക്കുന്ന സാക്ഷ്യമാണെന്ന് അവർ ഊന്നിപ്പറഞ്ഞു.
റോമിലെ മലങ്കര സുറിയാനി കത്തോലിക്കാ സമൂഹം കാതോലിക്കാ ബാവായോടുള്ള ആദരസൂചകമായി മനോഹരമായ ജൂബിലി ഗാനം അവതരിപ്പിച്ചു, ഇത് ആഘോഷങ്ങൾക്ക് സാംസ്കാരികവും ആത്മീയവുമായ മനോഹാരിത പകർന്നു. ചടങ്ങിൽ വച്ച് സിനഡൽ കമ്മീഷൻ ഫോർ മൈഗ്രന്റ്സിന്റെ പുതിയ വെബ്സൈറ്റ് ഔദ്യോഗികമായി ലോഞ്ച് ചെയ്തു.
ലോകമെമ്പാടുമുള്ള പ്രവാസി വിശ്വാസികൾക്ക് സഭയുമായും അതിന്റെ ആസ്ഥാനവുമായുള്ള ആശയവിനിമയവും ആത്മീയ പരിചരണവും കൂടുതൽ ശക്തമാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അപ്പോസ്തോലിക് വിസിറ്റേറ്ററുടെയും റവ.ഫാ. തോംസണിന്റെയും മാർഗനിർദേശത്തിലായിരിക്കും ഈ പ്രൊജക്റ്റ് പ്രവർത്തിക്കുക.
മറുപടി പ്രസംഗത്തിൽ, ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവ തനിക്കായി ഒരുക്കിയ ഈ ആഘോഷത്തിൽ പങ്കെടുത്ത കർദിനാൾ ജോർജ് കൂവക്കാട്, ആർച്ച്ബിഷപ് മൈക്കൽ ജലാഖ്, റോമൻ ക്യൂരിയയിലെ പ്രതിനിധികൾ, മെത്രാന്മാർ, വൈദികർ, സന്യാസിനികൾ, വിശ്വാസികൾ എന്നിവരോട് അഗാധമായ നന്ദി രേഖപ്പെടുത്തി.
തന്റെ 40 വർഷത്തെ വൈദിക ജീവിതത്തെയും 25 വർഷത്തെ മെത്രാൻ ശുശ്രൂഷയെയും കുറിച്ച് ചിന്തിക്കുമ്പോൾ, തന്റെ ജീവിതത്തിലും ശുശ്രൂഷയിലും ദൈവത്തിന്റെ വിളിയെക്കുറിച്ച് തനിക്ക് ഒരിക്കലും സംശയമുണ്ടായിട്ടില്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും പരസ്പര ബഹുമാനത്തിന്റെയും ഐക്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും സുദീർഘമായ പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
"ലോകഃ സമസ്താഃ സുഖിനോ ഭവന്തു' എന്ന പുരാതന ഭാരതീയ പ്രാർഥന ഉദ്ധരിച്ചുകൊണ്ട്, ഇന്നത്തെ ലോകത്തിൽ സമാധാനം, പരസ്പര ബഹുമാനം, മാനവിക സാഹോദര്യം എന്നിവയുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
കത്തോലിക്കാ ഐക്യത്തിന്റെ ഹൃദയഭൂമിയായ റോമിലും വത്തിക്കാൻ സിറ്റിയിലും യൂറോപ്പ് - യുകെ കൺവൻഷൻ സംഘടിപ്പിച്ചതിന് സംഘാടകർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
ഈ സുപ്രധാന അവസരത്തിൽ, സഭയ്ക്ക് നൽകിയ സമർപ്പിതവും മാതൃകാപരവുമായ സേവനങ്ങളെ മാനിച്ച് റവ.ഫാ. സന്തോഷ് കോയിക്കൽ, റവ.ഡോ. ലൂയിസ് ചാരുവിള പുത്തൻവീട് എന്നിവരെ "കോർ-എപ്പിസ്കോപ്പ' പദവിയിലേക്ക് ഉയർത്താനുള്ള പരിശുദ്ധ സിനഡിന്റെ തീരുമാനം കാതോലിക്കാ ബാവ പ്രഖ്യാപിച്ചു.
യൂറോപ്പിലെ സഭയുടെ വൈദിക ശുശ്രൂഷകൾ കൂടുതൽ ശക്തമാക്കുന്നതിനായി റവ.ഫാ. ജോസഫ് ചേലംബറത്തിനെ ജർമനി, ബെൽജിയം രാജ്യങ്ങളുടെ അസിസ്റ്റന്റ് കോഓർഡിനേറ്ററായി നിയമിച്ചുകൊണ്ടുള്ള ഉത്തരവും അദ്ദേഹം അറിയിച്ചു.
പ്രാർഥനയോടും കൃതജ്ഞതയോടും മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദൗത്യത്തോടും ദർശനത്തോടുമുള്ള പുനരർപ്പണത്തോടും കൂടി ആഘോഷങ്ങൾ സമാപിച്ചു.
സഭയുടെ സജീവമായ വളർച്ചയുടെയും ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്തായുടെ സുസ്ഥിരമായ ദർശനത്തിന്റെയും, ദൈവത്തിന്റെയും ജനങ്ങളുടെയും സേവനത്തിൽ 25 വർഷത്തെ മെത്രാൻ ശുശ്രൂഷ പൂർത്തിയാക്കുന്ന ബസേലിയോസ് കർദിനാൾ ക്ലിമീസ് ബാവയുടെ പ്രചോദനാത്മകമായ നേതൃത്വത്തിന്റെയും ശക്തമായ സാക്ഷ്യമായി ഈ ചടങ്ങ് മാറി.
Tags : Baselios Mar Cleemis Major Arch Bishop The Silver Jubilee Celebrations