ബെർലിൻ: യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെയും ജർമൻ മിഷന്റെയും കോഓർഡിനേറ്ററായ ഫാ. സന്തോഷ് തോമസ് കൊയ്ക്കലിനെ സഭയിലെ ഏറ്റവും ഉന്നതമായ വൈദിക പദവികളിലൊന്നായ കോറെപ്പിസ്ക്കോപ്പ പദവിയിലേക്ക് ഉയർത്തി.
വത്തിക്കാനിൽ നടക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ അന്താരാഷ്ട്ര യൂറോപ്പ് - യുകെ സമ്മേളനത്തിനിടയിലാണ് മലങ്കര കത്തോലിക്കാസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ പ്രഖ്യാപനം നടത്തിയത്.
പ്രവാസ മണ്ണിൽ, പ്രത്യേകിച്ച് യൂറോപ്പിലും ജർമനിയിലുമുള്ള മലയാളി സമൂഹത്തിന് നൽകിയ ദീർഘകാലത്തെ ആത്മീയാചാര്യ ശുശ്രൂഷകളെയും നേതൃപാടവത്തെയും മുൻനിർത്തിയാണ് സഭ അദ്ദേഹത്തെ ഈ വലിയ പദവി നൽകി ആദരിച്ചിരിക്കുന്നത്.
വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടന്ന ചരിത്രപരമായ ദിവ്യബലിക്കും തുടർന്ന് നടന്ന സമ്മേളന ചടങ്ങുകൾക്കും മധ്യേയാണ് വിശ്വാസിസമൂഹത്തെ സാക്ഷിനിർത്തി കർദിനാൾ ക്ലീമിസ് ബാവ ഈ സുപ്രധാന കൽപന പുറപ്പെടുവിച്ചത്.
യൂറോപ്പിലെയും യുകെയിലെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വൈദികരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത വേദിയിൽ വച്ചുണ്ടായ ഈ പ്രഖ്യാപനം കൈയടികളോടെയാണ് പ്രവാസി സമൂഹം സ്വീകരിച്ചത്.

ജർമൻ മിഷന്റെ അമരക്കാരൻ
ജർമനിയിലെയും യൂറോപ്പിലെയും മലങ്കര കത്തോലിക്കാ മിഷനുകളുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിത്വമാണ് ഫാ. സന്തോഷ് തോമസ് കൊയ്ക്കൽ.
പ്രവാസികളായ മലയാളി കുടുംബങ്ങളെ വിശ്വാസത്തിലും സാംസ്കാരിക കൂട്ടായ്മകളിലും ഒരുമിച്ച് നിർണയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനുള്ള വലിയൊരു അംഗീകാരം കൂടിയാണ് ഈ കോറെപ്പിസ്കോപ്പ പദവി.
ഈ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരിൽ ഒരാളായ അദ്ദേഹം, ജർമനിയിലെ വിവിധ പ്രവാസി സാംസ്കാരിക കൂട്ടായ്മകളുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്.
കാലംചെയ്ത ഗ്രിഗോറിയോസ് തിരുമേനിയുടെ അനുഗ്രഹത്തോടെയാണ് പത്തനംതിട്ട തണ്ണിത്തോട് സെന്റ് ജോര്‍ജ് മലങ്കര ഇടവകാംഗമായ ഫാ. സന്തോഷ് തോമസ് 1990 ല്‍ സെമിനാരിയില്‍ ചേര്‍ന്നത്.
2000 ഡിസംബര്‍ 26ന് സിറില്‍ ബസേലിയാസ് തിരുമേനിയില്‍ നിന്നും പൗരോഹിതം സ്വീകരിച്ചു. തുടര്‍ന്ന് വിവിധ ഇടവകകളില്‍ സേവനം ചെയ്തതിനുശേഷം 2007 ഓഗസ്റ്റില്‍ ഫാ. സന്തോഷിനെ ജര്‍മനിയിലെ ജനറല്‍ കോഓര്‍ഡിനേറ്ററായി കര്‍ദ്ദിനാര്‍ മാര്‍ ക്ലീമിസ് ബാവാ നിയമിച്ചു.
തുടര്‍ന്ന് ജര്‍മനിയില്‍ എത്തി 11 ഓളം സഭാ മിഷന് സെന്ററുകള്‍ രൂപീകരിച്ചു. നിലവില്‍ ബെല്‍ജിയം റിജിയണിന്റെയും ചുമതല വഹിക്കുന്നു. ഫ്രാന്‍സിസ്കൂസ് ഇടവകയിലും 2016 മുതല്‍ 2023 വരെ ടൗണൂസ്റ്റന് ജര്‍മന്‍ ഇടവകയില്‍ സഹവികാരിയായി.
2023 മുതല്‍ ഫ്രാങ്ക്ഫര്‍ട്ട് സെന്റ് ജോസഫ് പള്ളിയില്‍ സഹവികാരിയായി സേവനം ചെയ്യുന്നു. പത്തനംതിട്ട തണ്ണിത്തോട് കോയിക്കല്‍ കെ.ജി. തോമസിന്റെയും സൂസമ്മ തോമസിന്റെയും മകനാണ്. രണ്ടു സഹോദരന്മാരും ഒരു സഹോദരിയും ഉണ്ട് ഫാ. സന്തോഷിന്.
Tags : fr santhosh thomas koickal europe - uk convention nri news