ഡാളസ്: ഡാളസിൽ ബിസിനസ് ആൻഡ് മീഡിയ മീറ്റിംഗ് സംഘടിപ്പിച്ചു. കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ് ഷിജു എബ്രഹാം അധ്യക്ഷത വഹിച്ചു
മലയാളി സംഘടനകളുടെ പ്രവർത്തനശൈലിയെയും ഭാരവാഹികളുടെ മനോഭാവത്തെയും മീറ്റിംഗിൽ പങ്കെടുത്ത എഴുത്തുകാരനും ഇന്ത്യ പ്രസ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റുമായ സണ്ണി മാളിയേക്കൽ വിമർശിച്ചു.
ഭിന്നിപ്പിച്ചു ഭരിക്കുക എന്ന പരമ്പരാഗത ശൈലിയാണ് പല കേന്ദ്ര സംഘടനകളും ഇപ്പോഴും പിന്തുടരുന്നത്. ഇത് സമൂഹത്തിൽ പരസ്പര വിദ്വേഷം പടർത്താൻ മാത്രമേ സഹായിക്കുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
നൂറിലധികം സംഘടനകൾ തങ്ങളുടെ കൂടെയുണ്ടെന്ന തരത്തിൽ വ്യാജമായ കണക്കുകൾ നിരത്തി പൊതുസമൂഹത്തെ തെറ്റിധരിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കണം.
കേവലം സ്ഥാനമാനങ്ങൾക്കും നാട്ടിലെ പ്രമുഖർക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനുമുള്ള മാർഗമായി സംഘടനാ പ്രവർത്തനത്തെ കാണുന്നവർ സംഘടനയുടെ അന്തസ് കെടുത്തുകയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ പ്രവർത്തനരീതികളെ യോഗം അഭിനന്ദിച്ചു. ഫെലോഷിപ്പിന് നേതൃത്വം നൽകുന്ന അലക്സ് അലക്സാണ്ടർ യോഗത്തിൽ പങ്കെടുത്ത് സംഘടനാ പ്രവർത്തനത്തിലെ അച്ചടക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
അമേരിക്കൻ മലയാളി സമൂഹത്തിനിടയിൽ ആരോഗ്യകരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന ആഹ്വാനത്തോടെയാണ് മീറ്റിംഗ് സമാപിച്ചത്.
Tags : Dallas Media Meet NRI News