വാഹന പരിശോധനയ്ക്കിടെ പോലീസിന് നേരെ ഡ്രൈവർമാരുടെ ആക്രമണം
ബർലിൻ: ജർമനിയിലെ ബവേറിയ, ലോവർ സാക്സണി സംസ്ഥാനങ്ങളിൽ വാഹന പരിശോധനയ്ക്കിടെ പോലീസിന് നേരെ ഡ്രൈവർമാരുടെ ആക്രമണം. പരിശോധനയ്ക്ക് വിസമ്മതിച്ച് പോലീസുകാരെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ച പ്രതികൾക്ക് നേരെ പോലീസ് വെടിയുതിർത്തു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ആദ്യ സംഭവം ബവേറിയയിലെ ഇസ്മാനിംഗിൽ വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ ഇസ്മാനിംഗിലെ ഫിഷർഹോയ്സറിലുള്ള പെട്രോൾ പമ്പിന് സമീപം അശ്രദ്ധമായി വാഹനമോടിച്ച 58കാരനായ ജർമൻ പൗരനെ പോലീസ് തടഞ്ഞുനിർത്താൻ ശ്രമിച്ചതോടെയാണ് നാടകീയ രംഗങ്ങൾ തുടങ്ങിയത്.
പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച ഡ്രൈവറെ പിന്തുടർന്ന് പിടികൂടിയെങ്കിലും ഇയാൾ കാറിന്‍റെ വാതിലുകൾ ലോക്ക് ചെയ്ത് പുറത്തിറങ്ങാൻ വിസമ്മതിച്ചു. കാറിന്‍റെ ഗ്ലാസ് തകർക്കാൻ ഉദ്യോഗസ്ഥർ തുനിഞ്ഞതോടെ ഇയാൾ കാർ മുന്നോട്ടെടുത്ത് ഒരു പോലീസുകാരനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
പോലീസുകാർ കാറിന് നേരെ വെടിയുതിർത്തെങ്കിലും പ്രതി കാർ ഉപേക്ഷിച്ച് കാൽനടയായി ഓടി രക്ഷപ്പെട്ടു. തുടർന്ന് 80ലധികം പോലീസുകാരും ഹെലികോപ്റ്ററും പോലീസ് നായ്ക്കളും ചേർന്ന് നടത്തിയ തെരച്ചിലിൽ സമീപത്തെ ഒരു വീടിന്റെ തോട്ടത്തിൽ ഒളിച്ചിരുന്ന ഇയാളെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.
രണ്ടാമത്തെ സംഭവം ബ്രൗൺഷ്വൈഗിൽ വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ ലോവർ സാക്സണിയിലെ ബ്രൗൺഷ്വൈഗ് നഗരമധ്യത്തിലാണ് രണ്ടാമത്തെ അക്രമം നടന്നത്. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ ഫോക്സ്വാഗൻ ഗോൾഫ് കാർ തടഞ്ഞുനിർത്തിയപ്പോൾ ഡ്രൈവർ പുറത്തിറങ്ങാൻ വിസമ്മതിച്ചു.
ഗ്ലാസ് തുറക്കാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന ഡ്രൈവർ പെട്ടെന്ന് കാർ മുന്നോട്ടെടുത്ത് മുന്നിൽ നിന്ന പോലീസുകാരന് നേരെ ഓടിച്ചുകയറ്റി. ഇതോടെ പോലീസ് കാറിന് നേരെ രണ്ട് തവണ വെടിയുതിർത്തു.
പോലീസുകാരനെ ഇടിച്ച ശേഷം സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഓടിച്ചു കയറ്റിയ ഇയാളെ കടുത്ത ചെറുത്തുനിൽപ്പിനൊടുവിലാണ് പോലീസ് കീഴ്പ്പെടുത്തിയത്. ഇതിനിടെ രണ്ട് പോലീസുകാർക്ക് കൂടി പരിക്കേറ്റു. ഹെൽംസ്റ്റെഡ് സ്വദേശിയായ 58കാരനായ പ്രതിക്കും ബലപ്രയോഗത്തിനിടെ പരിക്കേറ്റിട്ടുണ്ട്.
രണ്ട് സംഭവങ്ങളിലും ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ശ്രമിച്ചതിനും അപകടകരമായ രീതിയിൽ ഗതാഗത തടസ്‌സം സൃഷ്ടിച്ചതിനും പ്രതികൾക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു.
Tags :