റവ. ഡോ. മോത്തി വർക്കി
ഡാളസ്: ദേവാലയങ്ങൾ കേവലം കെട്ടിടങ്ങളോ ആചാരങ്ങളുടെ വേദികളോ ആയി ചുരുങ്ങിപ്പോകരുതെന്നും, അവ മനുഷ്യന്റെ ആത്മാവിനെ ദൈവത്തിലേക്ക് ഉയർത്തുന്ന പവിത്രമായ വിശ്വാസകേന്ദ്രങ്ങളായി രൂപാന്തരപ്പെടണമെന്നും മാർത്തോമാ സഭയിൽ പൂർവ പിതാക്കന്മാർ നവീകരണ കാലഘട്ടത്തിൽ ഉയർത്തിപ്പിടിച്ച മാറ്റമില്ലാത്ത സുവിശേഷ സത്യങ്ങൾക്കായി ശക്തിയായി നിലകൊള്ളുന്ന റവ. ഡോ. മോത്തി വർക്കി ഓർമ്മിപ്പിച്ചു.
ഓഗസ്റ്റ് 20 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക -കാനഡ ഭദ്രാസന സന്നദ്ധ സുവിശേഷക സംഘത്തിന്റെ (MTVEA) 18-ാമത് നാഷണൽ കോൺഫറൻസിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഡാളസ് മാർത്തോമ ചർച്ച് ഓഫ് ഫാർമേഴ്സ് ബ്രാഞ്ചിൽ നടന്ന ഈ ആത്മീയ സംഗമം വിശ്വാസികൾക്ക് പുത്തൻ ഉണർവാണ് നൽകുന്നത്. യോഹന്നാന്റെ സുവിശേഷം ഒന്നാം അധ്യായത്തെ ആധാരമാക്കി റവ. ഡോ. മോത്തി വർക്കി നടത്തിയ വചനശുശ്രൂഷ വിശ്വാസികളിൽ ആത്മീയ ചിന്തകൾക്ക് ആഴം കൂട്ടി. യോഹന്നാൻ സ്നാപകന്റെ ശുശ്രൂഷയിൽ നിന്ന് യേശുവിലേക്കുള്ള ആത്മീയ യാത്രയുടെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും സംസാരിച്ചത്. ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും ദൈവവചനത്തെ അടിത്തറയാക്കി വിശ്വാസത്തിൽ വളരാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
പ്രഭാതഭക്ഷണത്തോടെ ആരംഭിച്ച പരിപാടികൾക്ക് ഗാനശുശ്രൂഷയും ആരാധനയും നേതൃത്വം നൽകി. തുടർന്ന് റവ. ജോസി ജോസഫ് ബൈബിൾ പഠന ക്ലാസിന് നേതൃത്വം കൊടുത്തു..കോഫി ബ്രേക്കിനു ശേഷം നടന്ന പ്രധാന പ്രസംഗത്തിന് റവ. ഡോ. മോത്തി വർക്കി നേതൃത്വം നൽകി. ഇതിനു പിന്നാലെ വിശ്വാസികൾക്കായി ഗ്രൂപ്പ് ചർച്ചകളും ഗ്രൂപ്പ് മധ്യസ്ഥ പ്രാർഥനയും നടന്നു.
ഉച്ചഭക്ഷണത്തിനു ശേഷമുള്ള സെഷനിൽ ഡോ. ജോജി വർഗീസ് ആരോഗ്യ പരിപാലന സെമിനാർ നയിച്ചു. തുടർന്ന് മിസ്റ്റർ ജോർജ് പി. ബാബു 'മിഷൻ അനുഭവവും വെല്ലുവിളികളും' എന്ന വിഷയത്തിൽ സംസാരിച്ചു.ഫ്രഷ് അപ്പിനും അത്താഴത്തിനും ശേഷം നടന്ന ഗാനശുശ്രൂഷയ്ക്ക് ശേഷം ഡോ. വിനോ ജോൺ ഡാനിയേൽ ഉണർവ്വ് യോഗത്തിന് നേതൃത്വം നൽകി. പ്രശസ്തമായ 'സാധു കൊച്ചുകുഞ്ഞു ഉപദേശി' നാടകാവതരണവും ശയന നമസ്കാരത്തോടെയും ആ ദിവസത്തെ അനുഗ്രഹീത പരിപാടികൾ പൂർത്തിയായി.
Tags : Deepika DeepikaNewspaper BreakingNews Churches must become spiritual embodiment