തിരുവനന്തപുരം: കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാന്‍ കമ്മീഷന്. വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണത്തിന്റെ (സ്പെഷല്‍ ഇന്റന്‍സീവ് റിവിഷന്‍ എസ്ഐആര്‍) ഭാഗമായാണ് കൂടുതല്‍ പ്രവാസികളെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നത്.
നിലവില്‍ വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ ഓണ്‍ലൈനായി രേഖകളും എന്യുമറേഷനും അപ്ലോഡ് ചെയ്താല്‍മതി. ഇതിന്റെ ഭാഗമായി 19ന് നോര്‍ക്കയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ചര്‍ച്ച നടത്തും. വോട്ടര്‍പട്ടികയില്‍ പേരുള്ള പ്രവാസികള്‍ ഓണ്‍ലൈനായി നല്കിയ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബിഎല്‍ഒമാര്‍ വീടുകളിലെത്തും.
സംശയമുണ്ടെങ്കിലോ വീട്ടില്‍ ആളില്ലെങ്കിലോ വീഡിയോ-വാട്സ്ആപ് കോളുകള്‍ ചെയ്തോ ജനപ്രതിനിധികളടക്കമുള്ളവരുമായി ബന്ധപ്പെട്ടോ നിജസ്ഥിതി ഉറപ്പാക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കര്‍ പറഞ്ഞു. പുതുതായി വോട്ടു ചേര്‍ക്കുമ്പോഴും ഇതേ രീതിയാകും.
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണത്തിന്റെ (എസ്ഐആര്‍) ഭാഗമായി പ്രവാസികളെ ചേര്‍ക്കുമ്പോള്‍ അപേക്ഷകര്‍ക്ക് വീട്ടുനമ്പര്‍ വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം. വോട്ടറുടെ താമസസ്ഥലത്തെ കൃത്യമായി തിരിച്ചറിയുന്ന ഒരുനമ്പര്‍ രേഖപ്പെടുത്തണമെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം.
Tags : NRI voters Election Commission of India