കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ പാസ്പോർട്ട്, വിസ, കോൺസുലർ സേവനങ്ങളുടെ ഉയർന്ന സർവീസ് ചാർജ് അടിയന്തിരമായി പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ നിവേദനം സമർപ്പിച്ചു. ഗ്ലോബൽ പ്രസിഡന്റും, സുപ്രീം കോടതി എ ഒ ആറുമായ അഡ്വ. ജോസ് അബ്രഹാം, കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് എന്നിവരാണ് കേന്ദ്ര വിദേശകാര്യ വകുപ്പുമന്ത്രി ഡോ. ജയങ്കർ അവർകൾക്ക് നിവേദനം സമർപ്പിച്ചത്.
നിലവിലെ സേവന ദാതാക്കളായ ബിഎൽഎസ് ഇന്റർനാഷണലിന് പകരം ജൂലൈ ഒന്ന് മുതൽ ചുമതലയേൽക്കുന്ന 'ഡൂ ഡിജിറ്റൽ ഗ്ലോബൽ' (DU Digital Global) കമ്പനിയാണ് നിരക്കുകൾ ഇരട്ടിയിലധികമായി പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ ഒരു ദിനാർ മാത്രമായിരുന്ന സർവീസ് ചാർജ്, പുതിയ പരിഷ്കാരത്തോടെ എല്ലാ സേവനങ്ങളും ചേർത്ത് ആറു ദിനാറായാണ് ഉയരുന്നത് എന്നത് മാത്രമല്ല. പല സേവനങ്ങളും നിർബന്ധമായി സ്വീകരിക്കാൻ പ്രവാസികൾക്ക് ബാധ്യതയും, പുതിയ നിയമം വരുന്നതോടെ അധിക തുക നൽകാൻ അപേക്ഷകർ നിർബന്ധിതരും മാകും എന്നതാണ് പ്രത്യേകത.
പശ്ചിമേഷ്യയിലെ യുദ്ധപശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെടൽ, ഉയർന്ന റെസിഡൻസ് വിസ ചാർജ് & ഇൻഷുറൻസ് ചാർജ്, സ്കൂൾ കുട്ടികളുടെ ഫീസ് വർധന ഉൾപ്പെടെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പ്രവാസികളെ അധിക സർവീസ് ചാർജ് പിൻവലിച്ച് സഹായിക്കണമെന്നും കൂടാതെ, പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന അബ്ബാസിയയിലെ കേന്ദ്രം പൂർണമായും നിർത്തലാക്കി പകരം ദജീജിലേക്ക് മാറ്റുന്നതു വഴി സാധാരണക്കാരായ തൊഴിലാളികൾക്ക് അധിക ടാക്സി യാത്രാച്ചെലവും ഉണ്ടാകുമെന്നതിനാൽ സേവന കേന്ദ്രം അബ്ബാസിയയിൽ നിലനിറുത്താൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമീപ രാജ്യങ്ങളിൽ കുറഞ്ഞ സർവീസ് ചാർജ് നിരക്കിൽ ഈ സേവനങ്ങൾ പ്രവാസികൾക്ക് ലഭിക്കുമ്പോഴാണ് കുവൈറ്റിൽ പുതിയ നിരക്ക് വർധന പ്രഖ്യാപനം. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്ത് പുതുതായി നിശ്ചയിച്ച ആറ് ദിനാർ സർവീസ് ചാർജ് വിഷയത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ ഭാരവാഹികളായ ബാബു ഫ്രാൻസീസ്, ബിജു സ്റ്റീഫൻ ഷൈജിത്ത് എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു.
Tags : Expatriate Legal Cell submits petition