കുവൈറ്റ് സിറ്റി: മേഖലയിലെ സംഘർഷത്തിനിടെ കുവൈറ്റിലെ ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ പരമാവധി ശ്രമിച്ചു പോരുന്നതായി ഇന്ത്യൻ സ്ഥാനപതി പരമിത ത്രിപാഠി പറഞ്ഞു. ഇന്ത്യൻ എംബസി ഹാളിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് അംബാസഡർ നിൽപാട് വ്യക്തമാക്കിയത്.
ഫെബ്രുവരി 28ന് പ്രതിസന്ധി ആരംഭിച്ചത് മുതൽ ഒരു മില്യണിലധികം വരുന്ന ഇന്ത്യൻ സമൂഹത്തെ സഹായിക്കാൻ കുവൈറ്റ് അധികൃതരുമായി ചേർന്ന് എംബസി സജീവമായി രംഗത്തുണ്ട്.
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈറ്റ് കിരീടാവകാശിയും തമ്മിലും ഇന്ത്യൻ വിദേശകാര്യ മന്ത്രിയും കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായും തമ്മിലും ഫോൺ സംഭാഷണം നടത്തിയതും സ്ഥിതിഗതികൾ വിലയിരുത്തിയതായും അംബാസഡർ പറഞ്ഞു.
ഫെബ്രുവരി 28 മുതൽ പ്രവാസികൾക്കായി പ്രത്യേക ഹെൽപ്ലൈൻ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. കുവൈറ്റ് വ്യോമപാത അടച്ച സാഹചര്യത്തിൽ, ജസീറ എയർവേയ്സ് മാർച്ച് 20 മുതൽ കൊച്ചി, ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് വിമാന സർവീസ് നടത്തും.
കുവൈറ്റിൽ നിന്ന് റോഡ് മാർഗം യാത്രക്കാരെ സൗദിയിലെ അൽ-ഖൈസുമ വിമാനത്താവളത്തിൽ എത്തിച്ച് അവിടെ നിന്നായിരിക്കും വിമാനം പോവുക. സൗദി വഴിയുള്ള യാത്ര എളുപ്പമാക്കാനായി സൗദി അധികൃതരുമായി സഹകരിച്ച് 1,100-ലധികം സൗദി വീസകൾ ഇതിനകം ലഭ്യമാക്കി.
കുവൈറ്റ് എയർവേയ്സിന്റെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെ ഇന്ത്യയിൽ നിന്ന് പച്ചക്കറികളും മറ്റും ഇറക്കുമതി ചെയ്ത് രാജ്യത്തെ ഭക്ഷ്യലഭ്യത ഉറപ്പാക്കാനും ശ്രമിച്ചു വരുന്നുണ്ട്.
പ്രതിസന്ധികൾക്കിടയിലും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ തടസമില്ലാതെ തുടരുന്നുണ്ടെന്ന് സ്ഥാനപതി അറിയിച്ചു. 17 മൃതദേഹങ്ങൾ ഇതിനകം നാട്ടിൽ എത്തിച്ചിട്ടുണ്ട്.
കുവൈറ്റ് വിദേശകാര്യ മന്ത്രാലയം നൽകുന്ന കലവറയില്ലാത്ത പിന്തുണയ്ക്ക് അവർ പ്രത്യേക നന്ദി രേഖപ്പെടുത്തി. പ്രവാസികൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും എംബസി നിർദ്ദേശിച്ചു.
Tags : India Embassy Kuwait Consular NRI News