വാഷിംഗ്ടൺ: അമേരിക്കയിൽ നിക്ഷേപം നടത്തി ഗ്രീൻ കാർഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് തിരിച്ചടി. 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാർക്കായി അനുവദിച്ചിട്ടുള്ള ‘ഇബി-5’ (EB-5) വിസകളുടെ വാർഷിക പരിധി (Annual Cap) പൂർത്തിയായതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് (DOS) അറിയിച്ചു.
ഇതേതുടർന്ന് ഈ സാമ്പത്തിക വർഷത്തിൽ ഇനിയുള്ള മാസങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് ഇബി-5 അൺറിസർവ്ഡ് വീസകൾ യുഎസ് അനുവദിക്കില്ല. ഈ വിഭാഗത്തിൽ പുതിയതായി വിസയ്ക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കം വരെ കാത്തിരിക്കേണ്ടി വരും.
എന്താണ് ഇബി-5 വിസ?
യുഎസിൽ കുറഞ്ഞത് 10 പൂർണസമയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പുതിയ ബിസിനസുകളിൽ ഒരു ദശലക്ഷം (10 ലക്ഷം) ഡോളർ നിക്ഷേപിക്കുന്ന വിദേശ പൗരന്മാർക്ക് ഗ്രീൻ കാർഡ് നൽകുന്ന പദ്ധതിയാണിത് (EB-5 Immigrant Investor Program).
യുഎസ് നിയമപ്രകാരം ഒരു വിദേശ രാജ്യത്തുനിന്നുള്ളവർക്ക് ആകെ തൊഴിൽ അധിഷ്ഠിത, കുടുംബ അധിഷ്ഠിത വീസകളുടെ പരമാവധി 7 ശതമാനം മാത്രമേ അനുവദിക്കാൻ പാടുള്ളൂ. ഇന്ത്യയിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം ഈ പരിധി ഇതിനകം തന്നെ മറികടന്നതിനാലാണ് വീസ വിതരണം താൽക്കാലികമായി നിർത്തിവച്ചത്.
പ്രതിമാസം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിടാറുള്ള വിവിധ തൊഴിൽ അധിഷ്ഠിത വിസകളുടെ പട്ടികയിലാണ് ഇന്ത്യയുടെ ഇബി-5 പരിധി കഴിഞ്ഞ വിവരം വ്യക്തമാക്കിയത്.
പുതിയ അപേക്ഷകർ ഇനി 2026 ഒക്ടോബർ 1 വരെ കാത്തിരിക്കേണ്ടി വരും. യുഎസിന്റെ അടുത്ത സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഒക്ടോബർ ഒന്നിനായിരിക്കും ഇബി-5 വീസ ലഭ്യമാകുന്നതിനെക്കുറിച്ചുള്ള അടുത്ത അപ്ഡേറ്റ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിടുക.യുഎസ് ഇമിഗ്രേഷൻ നയങ്ങളിൽ നിരന്തരം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, അപേക്ഷകർ കൃത്യമായ നിയമോപദേശം തേടി മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂ എന്ന് ഇമിഗ്രേഷൻ വിദഗ്ധർ വ്യക്തമാക്കുന്നു.
Tags : Indian citizens return