ന്യൂയോർക്ക്: ഇന്ത്യയുടെ 80ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ന്യൂയോർക്ക്, ന്യൂജേഴ്സി സംസ്ഥാനങ്ങൾ ഓഗസ്റ്റ് 15, 2026 ഔദ്യോഗികമായി ’ഇന്ത്യൻ സ്വാതന്ത്ര്യദിനമായി’ പ്രഖ്യാപിച്ചു. ഇരു സംസ്ഥാനങ്ങളിലെയും ഗവർണർമാരാണ് ഇതുസംബന്ധിച്ച വിളംബരം പുറത്തിറക്കിയത്.
ന്യൂയോർക്കിൽ ഗവർണർ കാത്തി ഹോചുൽ ആണ് ഓഗസ്റ്റ് 15 ’ഇന്ത്യൻ സ്വാതന്ത്ര്യദിനമായി’ പ്രഖ്യാപിച്ചത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ജനാധിപത്യ മൂല്യങ്ങളും, ന്യൂയോർക്കിന്റെ സാമൂഹികസാമ്പത്തികസാംസ്കാരിക രംഗങ്ങൾക്ക് ഇന്ത്യൻ അമേരിക്കക്കാർ നൽകുന്ന സംഭാവനകളും വിളംബരത്തിൽ എടുത്തുപറയുന്നു.
ന്യൂജേഴ്സിയിൽ ഗവർണർ മൈക്കി ഷെറിൽ ആണ് പ്രഖ്യാപനം നടത്തിയത്. വിദ്യാഭ്യാസം, ആരോഗ്യം, സാങ്കേതികവിദ്യ, ബിസിനസ്സ്, പൊതുസേവനം തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ സമൂഹം നൽകുന്ന സംഭാവനകളെയും ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ പങ്കാളിത്തത്തെയും വിളംബരം അഭിനന്ദിക്കുന്നു.
ഇന്ത്യയുടെ സമാധാനപരമായ സ്വാതന്ത്ര്യസമരത്തെയും, അഹിംസ, സത്യം, ധാർമ്മിക ധൈര്യം എന്നിവയ്ക്കുള്ള അതിന്റെ പ്രാധാന്യത്തെയും പ്രഖ്യാപനങ്ങൾ പ്രത്യേകം സ്മരിക്കുന്നു.
Tags : Indian Independence Day officially declared