മുഹമ്മദ് അസം നാട്ടിലേക്ക് മടങ്ങുന്നു
റിയാദ്: സൗദി അറേബ്യയിലെ അൽ ഖർജിൽ മിസൈൽ അവശിഷ്ടം പതിച്ച് ഗുരുതരമായി പരിക്കേറ്റ ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് അസം മൂന്നുമാസത്തിലേറെ നീണ്ട ചികിത്സയ്ക്കുശേഷം സ്വദേശത്തേക്ക് മടങ്ങി. ആരോഗ്യനിലയിൽ ഗണ്യമായ പുരോഗതി ഉണ്ടായതിനെ തുടർന്നാണ് ഡോക്ടർമാർ യാത്രാനുമതി നൽകിയത്.
മാർച്ച് എട്ടിന് അൽ ഖർജ് മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ സ്വകാര്യ കമ്പനിയുടെ ലേബർ ക്യാമ്പിന് മുകളിലേക്ക് പതിച്ച സംഭവത്തിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാർ മരിക്കുകയും പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് അസമിനെ റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
അപകടം നടന്ന ഉടൻ ഇന്ത്യൻ എംബസി സംഭവത്തിൽ ഇടപെടുകയും കോൺസുലർ സഹായങ്ങൾ ഉറപ്പാക്കുകയും ചെയ്തു. എംബസിയിലെ കൗൺസിലർ സാബിർ സംഭവസ്ഥലം സന്ദർശിച്ച് ആവശ്യമായ നടപടികൾക്ക് നേതൃത്വം നൽകി. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട അസമിന് ഒരു മാസത്തിനുശേഷമാണ് ബോധം വീണ്ടുകിട്ടിയത്.
തുടർന്ന് ആശുപത്രി അധികൃതരുമായും കുടുംബാംഗങ്ങളുമായും ഇന്ത്യൻ എംബസി നിരന്തരം ബന്ധം പുലർത്തി ചികിത്സയുടെ പുരോഗതി വിലയിരുത്തുകയും ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുകയും ചെയ്തു.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് യാത്രാരേഖകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി എംബസിയുടെ ഏകോപനത്തിലാണ് അസമിന്റെ മടക്കയാത്ര സാധ്യമായത്.
ചികിത്സ നൽകിയ ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും തൊഴിലുടമയ്ക്കും ആവശ്യമായ പിന്തുണ നൽകിയ സൗദി അധികൃതർക്കും ഇന്ത്യൻ എംബസി നന്ദി അറിയിച്ചു.
പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ പൗരന് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എംബസി വ്യക്തമാക്കി. ആരോഗ്യം പൂർണമായി വീണ്ടെടുക്കാത്തതിനാൽ വീൽചെയറിലായിരുന്നു അസമിന്റെ യാത്ര.
റിയാദ് വിമാനത്താവളത്തിൽ ഇന്ത്യൻ എംബസിയിലെ അറ്റാഷെ സോന, എംബസി ഉദ്യോഗസ്ഥൻ ആഷിഖ്, കേളി ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനി എന്നിവർ ചേർന്ന് അദ്ദേഹത്തെ യാത്രയയച്ചു.
പ്രാദേശിക സംഘർഷങ്ങളുടെ പ്രത്യാഘാതം സാധാരണ പ്രവാസി തൊഴിലാളികളിലേക്കും എത്തിച്ചേർന്ന സംഭവമായിരുന്നു അൽ ഖർജിലേത്. മരണത്തെ മുഖാമുഖം കണ്ട മുഹമ്മദ് അസമിന്റെ അതിജീവനവും ദീർഘകാല ചികിത്സയ്ക്കുശേഷമുള്ള സ്വദേശത്തേക്കുള്ള മടക്കവും ഇന്ത്യൻ പ്രവാസി സമൂഹത്തിന് ആശ്വാസം പകരുന്നതായി വിലയിരുത്തപ്പെടുന്നു.
Tags : Saudi Arabia Riyadh IndianWorker MohammedAzam UP