മറിയ ഉമ്മനൊപ്പം ഐഒസി യുകെ അംഗങ്ങൾ
ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുകെ കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ഓൾഡ്ഹാമിലെ ഉമ്മൻ ചാണ്ടി സ്മൃതി നഗറിൽ വിപുലമായ പങ്കാളിത്തത്തോടെ നടന്നു. ചടങ്ങ് ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്തു.
പ്രവാസി സമൂഹത്തിന്റെ ഐക്യവും സാമൂഹിക പ്രതിബദ്ധതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മറിയ ഉമ്മൻ പറഞ്ഞു. കുടുംബബന്ധങ്ങൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും ഒരുപോലെ ഊന്നൽ നൽകുന്ന വേദിയായി "പുതുയുഗ സംഗമം 2026' മാറിയെന്നും അവർ അഭിപ്രായപ്പെട്ടു.
ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിയും പ്രോഗ്രാം കോഓർഡിനേറ്ററുമായ റോമി കുര്യാക്കോസ് സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും അവതരിപ്പിച്ചു.
ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ സ്വാഗതം ആശംസിച്ചു. കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അജിത് വെണ്മണി, സെക്രട്ടറി ബോബിൻ ഫിലിപ്പ്, നിർവാഹക സമിതി അംഗം ഷോബിൻ സാം, നേതാക്കന്മാരായ സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ഷാജി വരകുടി തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി.
ഓൾഡ്ഹാം യൂണിറ്റ് വൈസ് പ്രസിഡന്റ് ജിതിൻ ജയിംസ് നന്ദി രേഖപ്പെടുത്തി. കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്ര വിജയത്തിന്റെ ആഘോഷവും പൊതുസമ്മേളനവും ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ചു.
കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയയുടെ നേതൃത്വത്തിൽ വനിതാ - യൂത്ത് വിംഗുകളുടെ രൂപീകരണവും പ്രഖ്യാപിച്ചു. വനിതാ - യൂത്ത് വിംഗുകളുടെ കോഓർഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് മറിയ ഉമ്മൻ ചുമതലാപത്രം കൈമാറി.
ചടങ്ങുകളോടനുബന്ധിച്ച് പുതുയുഗ കേരളം 2026 എന്ന് അലേഖനം ചെയ്ത കേക്ക് വേദിയിൽ മുറിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത സാംസ്കാരിക പരിപാടികൾ സംഗമത്തിന് കൂടുതൽ നിറം പകർന്നു.
വിദ്യാർഥിനികളായ മേഘ സുരേഷ്, ആൻസ് മനോജ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ നൃത്തോപഹാരവും ഐഒസി ഭാരവാഹികളായ ബെന്നി ജോസഫ്, നികിത മറിയം കോശി എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ ഗാനോപഹാരവും ഡിജെയും വേദിയെ വർണാഭമാക്കി.
വിവിധ മേഖലകളിൽ മാതൃകാപരമായ സേവനങ്ങൾ കാഴ്ചവച്ച വ്യക്തികൾ, ഐഒസി യൂണിറ്റുകൾ, മുതിർന്ന നേതാക്കൾ എന്നിവർക്കുള്ള ഐഒസി കർമ്മശ്രേഷ്ഠ, സംഘടനാശ്രേഷ്ഠ, സേവാശ്രേഷ്ഠ പുരസ്കാരങ്ങൾ ഡോ. മറിയ ഉമ്മൻ വിതരണം ചെയ്തു.

ഓൾഡ്ഹാം എൻഎച്ച്എസിലെ നഴ്സ് ആശ ചെറിയാൻ, സ്കോട്ലൻഡിൽ നിന്നുമുള്ള ചാരിറ്റി - സാമൂഹിക പ്രവർത്തകൻ സുനിൽ കെ. ബേബി, കുട്ടികൾക്ക് സൗജന്യ ഗണിതശാസ്ത്ര ഡൌട്ട് ക്ലിയറിംഗ് സെഷനുകൾ നടത്തുന്ന എഡിൻബറോയിലെ ഡയാന പോളി എന്നിവർ കർമശ്രേഷ്ട്ര പുരസ്കാരത്തിന് അർഹരായി.
പറവൂരിലെ ഭവനരഹിത കുടുംബത്തിന് അടച്ചുറപ്പുള്ള ഭവനം നിർമിച്ചു നൽകുകയും കുട്ടികൾക്ക് "മധുരം മലയാളം' പ്രൊജക്റ്റ് വിജയകരമായി പൂർത്തീകരിച്ച പീറ്റർബോറോ യൂണിറ്റ്, ബോൾട്ടൺ കൗൺസിലുമായി ചേർന്ന് തെരുവ് ശുചീകരണ പ്രവർത്തനങ്ങൾക്കും സർവോദയ ലഹരി വിരുദ്ധ ക്യാമ്പയിനിനും നേതൃത്വം നൽകുന്ന ബോൾട്ടൻ യൂണിറ്റ്, വിവിധ സാമൂഹിക - ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്കോട്ലൻഡ് യൂണിറ്റ്, കേരള ചാപ്റ്ററിന്റെ രക്തദാന വിംഗിന് നേതൃത്വം നൽകുന്ന ബാൺസ്ലി യൂണിറ്റ് തുടങ്ങിയ യൂണിറ്റുകൾ സംഘടനാശ്രേഷ്ട്ര പുരസ്കാരത്തിനും അർഹമായി.
ഐഒസി യുകെ ലെസ്റ്റർ യൂണിറ്റ് പ്രസിഡന്റ് ജഗൻ പടച്ചിറയുടെ മകളും എട്ടാം ക്ലാസ് വിദ്യാർഥിനിയുമായ നേഹാൽ ജഗൻ ഉമ്മൻ ചാണ്ടിയുടെ ജീവിതം ആസ്പദമാക്കി വരച്ച ചിത്രം വേദിയിൽ അനാച്ഛാദനം ചെയ്തു.
ഐഒസി യുകെയുടെ മുതിർന്ന നേതാക്കളും വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുമായ പുഷ്പരാജൻ, ഷാജി വരകുടി, ഷാജി ഐപ്പ് കുര്യൻ, ബെന്നി ജോസഫ്, സാബു ജോർജ്, ജോർജ് ജോസഫ്, സാജു മണക്കുഴി, സണ്ണിമോൻ മത്തായി, ജോഷി വർഗീസ്, ഐഒസി യുകെ ബാൺസ്ലി യൂണിറ്റിന്റെ രക്തദാന വോളന്റിയർമാരായ ബിബിൻരാജ് കുരീക്കൻപാറ, രാജുൽ രമണൻ, വിനീത്, സംഘാടക സമിതിയെ പ്രതിനിധീകരിച്ച് ജിതിൻ ജയിംസ്, രഞ്ജിത്, യൂണിറ്റ് പ്രസിഡന്റുമാർ, പുതിയതായി ചുമതലയേറ്റ വനിതാ - യൂത്ത് കോഓർഡിനേറ്റർമാർ എന്നിവരെയും മറിയ ഉമ്മൻ ആദരിച്ചു.
മിഡ്ലാൻഡ്സ് മേഖലയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള ഭാരവാഹികൾ, പ്രവർത്തകർ, വനിതാ-യുവജന പ്രതിനിധികൾ, കുടുംബാംഗങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
പ്രവാസി മലയാളികളുടെ ഐക്യവും സംഘടനാ കരുത്തും വിളിച്ചോതിയ ശ്രദ്ധേയമായ കുടുംബസംഗമമായാണ് പുതുയുഗ സംഗമം 2026 സമാപിച്ചത്. സ്നേഹവിരുന്നും സംഘാടകർ ഒരുക്കിയിരുന്നു.
Tags : IOC UK Puthuyuga Sangamam 2026 Mariya Oommen