കുവൈറ്റ് സിറ്റി: കുവൈറ്റ് വ്യോമപരിധി താത്കാലികമായി അടച്ചതോടെ ജസീറ എയർവേയ്സ് കുവൈറ്റ് ഓപ്പറേഷൻസ് സൗദിയിലേക്ക് മാറ്റി. സൗദി അറേബ്യയിലെ ഹഫർ അൽ-ബാത്തിനിലുള്ള അൽ-ഖൈസൂമാ വിമാനത്താവളത്തിലേക്ക് മാറ്റുന്നതായാണ് അധികൃതർ അറിയിച്ചത്.
നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് കുവൈറ്റിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് യാത്ര തുടരാൻ സൗകര്യമൊരുക്കുന്നതിനാണ് ഈ തീരുമാനമെന്ന് കമ്പനി സിഇഒ പ്രഥൻ ബസുപതി കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
കുവൈറ്റിൽ നിന്ന് ഏകദേശം 2.5 മണിക്കൂർ റോഡ് യാത്ര ദൂരമാണ് അൽ-ഖൈസൂമാ വിമാനത്താവളത്തിലേക്കുള്ളത്. കുവൈറ്റിൽ നിന്ന് പുറപ്പെടേണ്ടവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ സാധുവായ വീസ തരപ്പെടുത്തി അൽ-ഖൈസൂമയിലെത്തി യാത്ര ചെയ്യാം.
അൽ-ഖൈസൂമാ വിമാനത്താവളത്തിലേക്ക് ബസ് സർവീസുകൾ ആരംഭിക്കുന്നതും കമ്പനി പരിഗണിക്കുന്നുണ്ട്. സർവീസ് ഷെഡ്യൂൾ, ബുക്കിംഗ്, യാത്രാ ക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ ഔദ്യോഗിക ചാനലുകൾ വഴി അറിയിക്കുമെന്ന് ജസീറ എയർവേയ്സ് അറിയിച്ചു.
യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ കമ്പനി 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ് എന്നും ബസുപതി പറഞ്ഞു.
Tags : Kuwait Jazeera Airways Saudi Arabia Qaisumah Airport