മനാമ: പ്രവാസി വെൽഫെയർ മേയ് ഫെസ്റ്റ് ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി ബാഡ്മിന്റൺ ടൂർണമെന്റിലെ ആവേശകരമായ പോരാട്ടത്തിനൊടുവിൽ ലെവൽ വൺ വിഭാഗത്തിൽ നിർമൽ ആർ. ജിനേഷ്, സുഷിത് ഗുരുംഗും ജേതാക്കളായി. ഇഞ്ചോടിഞ്ച് പൊരുതികളിച്ച റിജോ ചാക്കോയും സുജിത് സുരാനും റണ്ണേഴ്സ് അപ്പ് ആയി.
ആവേശവും ഉദ്യോഗവും ആദ്യാവസാനം വരെ നിലനിന്ന ലെവൽ ടു വിഭാഗത്തിൽ വി.പി. ഫസ്ലുറഹ്മാൻ, റഹാനസ് അബ്ദുറഹ്മാൻ എന്നിവർ പ്രവാസി കപ്പ് ഉയർത്തിയപ്പോൾ അവസാന ഷട്ടിൽ വരെ പൊരുതി കളിച്ച ബിബീഷ് ബാലകൃഷ്ണനും ആന്റണി ഫ്രാൻസിസും റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് അർഹരായി.
സിഞ്ച് പ്രവാസി സെന്ററിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക്മാറ്റ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന മത്സരങ്ങൾ മുൻ ഇന്ത്യൻ ക്ലബ് ചെയർമാൻ കെ.എം. ചെറിയാൻ ഉൽഘാടനം ചെയ്തു.
കായിക മേഖലയിലെ പ്രവർത്തനങ്ങൾ യുവത ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ അദ്യക്ഷത വഹിച്ചു.

പ്രവാസി സാമൂഹിക സംഘടനാ നേതാക്കൾ കളിക്കാരെ പരിചയപ്പെടുകയും അഭിവാദ്യം നൽകുകയും ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള നിരവധി കായികപ്രേമികൾ പങ്കെടുത്ത ടൂർണമെന്റ് മികച്ച സംഘാടനവും മത്സരവീര്യവും കൊണ്ട് ശ്രദ്ധേയമായി. ബഹ്റനിലെ പ്രമുഖ ബാഡ്മിന്റൺ ടീമുകൾ മാറ്റുരച്ച ടൂർണമെന്റിൽ വിജയികൾക്ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി നൽകി.
കായിക രംഗത്ത് പ്രവാസികൾക്കിടയിൽ സൗഹൃദവും ഐക്യവും വളർത്തുന്നതിനായി ഇത്തരത്തിലുള്ള പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ടൂർണമെന്റ് കൺവീനർ ഷാഹുൽ ഹമീദ് വെന്നിയൂർ അറിയിച്ചു.
ബാഡ്മിന്റൺ ഏഷ്യ ഇൻറർനാഷണൽ റഫറിയും സർട്ടിഫൈഡ് അമ്പയറുമായ ഷാനിൽ അബ്ദുറഹീം, ബഹ്റിൻ നാഷണൽ അക്രഡിറ്റഡ് അമ്പയർമാരായ അൻവർ, റഷീദ്, സുജാത വൈദ്യ, ധന ശ്യാം, ഫൈസൽ, ശ്യാം എന്നിവർ കളി നിയന്ത്രിച്ചു.
Tags : Pravasi Welfare Bahrain Badminton Tournament May Fest