മൈതാനത്ത് പന്തിനെ അതിവേഗം നിയന്ത്രിക്കുന്ന, എതിരാളികളെ നിഷ്പ്രഭരാക്കി മുന്നേറുന്ന പോർച്ചുഗീസ് ഫുട്ബോൾ താരം ജോവോ നെവെസ് ഇത്തവണ മെരുക്കിയത്, പന്തിനെയല്ല... ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി മുതലയെ..! ഫിഫ ലോകകപ്പിന്റെ വൻ ആവേശവും സമ്മർദവും നിറഞ്ഞ അന്തരീക്ഷത്തിനിടയിലും താരം പങ്കുവച്ച സാഹസിക വീഡിയോ ആണ് ഇപ്പോൾ ലോകമെമ്പാടുമുള്ള കായികപ്രേമികളെ കൗതുകത്തിലാഴ്ത്തുന്നത്.
മറ്റൊരാളുടെ കൈയിലിരിക്കുന്ന മുതലക്കുഞ്ഞിനെ തെല്ലും ഭയമില്ലാതെ കൈകൾകൊണ്ടു ലാളിക്കുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. വളരെ ശാന്തമായി മുതലയുടെ പുറത്തും വയറ്റിലും തലോടുകയാണ് ജോവോ നെവെസ്. ക്രൂരമൃഗത്തെ ഒരു വളർത്തുമൃഗത്തെപ്പോലെ ലാളിക്കുന്ന താരത്തിന്റെ ഭാവം ആരാധകരിൽ ഒരേസമയം കൗതുകവും ഭീതിയും ജനിപ്പിക്കുന്നുണ്ട്.
പോർച്ചുഗൽ ദേശീയ ടീമിന്റെ മിഡ്ഫീൽഡറായ നെവെസ് ടീമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. മണിക്കൂറുകൾക്കകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയും ചെയ്തു. ഉസ്ബെക്കിസ്ഥാനുമായുള്ള മത്സരജയത്തിനുശേഷമുള്ളതാണ് കൗതുകരമായ നിമിഷങ്ങൾ. മൈതാനത്തെ തന്ത്രങ്ങൾക്കപ്പുറം, യഥാർഥ ജീവിതത്തിലും താൻ വലിയൊരു സാഹസികനാണെന്ന് തെളിയിക്കുകയാണ് ഈ യുവതാരം.
Tags : FIFA World Cup 2026 Portugal Midfielder Joao Neves Crocodile