കാരക്കസ്: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിലുണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 184 ആയി. 1500 പേർക്കു പരിക്കേറ്റു. തലസ്ഥാനമായ കാരക്കാസിലടക്കം വ്യാപക നാശനഷ്ടമുണ്ടായി. നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു.
അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു. ബുധനാഴ്ച പ്രാദേശികസമയം വൈകുന്നേരമാണു ഭൂകമ്പം നാശം വിതച്ചത്. റിക്ടർ സ്കെയിലിൽ 7.2 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ആദ്യമുണ്ടായത്. 38 സെക്കൻഡിനകം 7.5 രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പമുണ്ടായി. ഇതിനുശേഷം 30 തുടർചലനങ്ങളുണ്ടായി.
കരീബിയന്‍ തീരനഗരമായ മെറോണിനു പടിഞ്ഞാറ് ഭൂമിക്കടിയില്‍ 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. മെറോണ്‍ നഗരത്തിന് 16 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി 10 കിലോമീറ്റര്‍ ആഴത്തിലായിരുന്നു രണ്ടാമത്തെ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കുമെന്നാണു വിലയിരുത്തൽ. മരണസംഖ്യ 10,000 മുതൽ ഒരു ലക്ഷം വരെയാകാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആശങ്ക അറിയിച്ചിരുന്നു.
ഒന്നേകാൽ നൂറ്റാണ്ടിനിടെ വെനസ്വേലയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത്. കാരക്കാസിലെ സിമോൺ ബോളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിനു കാര്യമായ നാശനഷ്ടമുണ്ടായി. രാജ്യത്തെ ഏറ്റവും പ്രധാന വിമാനത്താവളമായ ഇത് അടച്ചിരിക്കുകയാണ്.
കാരക്കാസിനു വടക്കുള്ള ലാ ഗ്വായ സംസ്ഥാനത്താണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായത്. ചെറിയ സംസ്ഥാനമാണെങ്കിലും സാന്പത്തികമായി ഏറെ പ്രാധാന്യമുള്ളതാണ് ലാ ഗ്വായ. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള രക്ഷാപ്രവർത്തകർ ലാ ഗ്വായയിലെത്തി രക്ഷാദൗത്യത്തിൽ പങ്കാളികളായി. തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിൽ ജീവന്റെ തുടിപ്പു തേടുകയാണ് രക്ഷാപ്രവർത്തകർ.
തലസ്ഥാനമായ കാരക്കാസിൽ പരിഭ്രാന്തരായ ജനം വീടുവിട്ട് തെരുവുകളിലേക്കോടി. പലരും മണിക്കൂറുകളോളം തെരുവുകളിലെ ടെന്റുകളിലാണു കഴിഞ്ഞത്. ചിലർ കാറുകൾക്കുള്ളിൽ കഴിഞ്ഞു. തുടർചലനങ്ങൾക്കു സാധ്യതയുള്ളതിനാൽ, കേടുപാടു സംഭവിച്ച കെട്ടിടങ്ങളിൽ പ്രവേശിക്കരുതെന്ന് അധികൃതർ ജനങ്ങൾക്കു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാരക്കാസിൽ സബ്വേ സർവീസുകളും പ്രകൃതിവാതക വിതരണവും നിർത്തിവച്ചു. അടുത്ത ഏതാനും ദിവസത്തേക്ക് വിദ്യാർഥികൾക്ക് ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ചില സ്കൂൾ കെട്ടിടങ്ങൾ ദുരിതാശ്വാസ കേന്ദ്രങ്ങളായി മാറ്റിയിട്ടുണ്ട്. ഭൂകന്പം കാരക്കാസിലെ ഇന്റർനെറ്റ് കണക്ടിവിറ്റിയെ സാരമായി ബാധിച്ചു. വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.
ബുധനാഴ്ച പൊതു അവധിയായതിനാൽ പലരും വീട്ടിൽത്തന്നെയുണ്ടായിരുന്നു. കാരക്കസിൽ രണ്ടാം തവണയാണ് ഭൂകന്പം നാശം വിതയ്ക്കുന്നത്. 1967ലുണ്ടായ ഭൂകന്പത്തിൽ ഇരുനൂറിലേറെ പേർ മരിച്ചിരുന്നു. വെനസ്വേലയിലേക്ക് അടിയന്തരമായ സഹായം എത്തിക്കുമെന്നും ഉടൻ രക്ഷാപ്രവർത്തകരെ അയയ്ക്കുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു.
അമേരിക്ക സൈനികനീക്കത്തിലൂടെയാണ് മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പുറത്താക്കി ഡെൽസി റോഡ്രിഗസിനെ താത്കാലിക പ്രസിഡന്റായി അവരോധിച്ചത്. മഡുറോ അമേരിക്കയുടെ തടങ്കലിലാണ്. ഇന്ത്യ ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങൾ വെനസ്വേലയ്ക്കു സഹായവാഗ്ദാനവുമായി രംഗത്തെത്തിയിട്ടുണ്ട്.
Tags : Venezuela earthquakes Venezuela earthquak