മാക്സ് വെസ്റ്റാപ്പൻ
മറീനബേ: ഫോർമുല വൺ സിംഗപ്പൂർ ഗ്രാൻഡ് പ്രീയിൽ റെഡ് ബുൾ താരം മാക്സ് വെസ്റ്റാപ്പന് തകർപ്പൻ വിജയം. പോൾ പൊസിഷനിൽ തുടങ്ങി മികച്ച ആധിപത്യം പുലർത്തിയ വെസ്റ്റാപ്പന്റെ കരിയറിലെ 250-ാം ഗ്രാൻഡ് പ്രീ കൂടിയാണിത്. ഈ സീസണിലെ തുടർച്ചയായ രണ്ടാം വിജയമാണിത്.
റേസിൽ ഫെരാരിയുടെ ചാൾസ് ലെക്ലെയർ രണ്ടാമതും, മെഴ്സിഡസിന്റെ കിമി ആന്റോനെല്ലി മൂന്നാം സ്ഥാനവും സ്വന്തമാക്കി. പോൾ പൊസിഷനിൽ നിന്നാരംഭിച്ച വെസ്റ്റാപ്പനെ ഒന്നാം വളവിൽ മറികടക്കാൻ ലെക്ലെയർ ശ്രമിച്ചെങ്കിലും, താരം ഇൻസൈഡ് ലൈൻ കവർ ചെയ്ത് ഒന്നാം സ്ഥാനം നിലനിർത്തി. സോഫ്റ്റ് ടയറുകളിൽ റേസ് ആരംഭിച്ച വെസ്റ്റാപ്പൻ, ലെക്ലെയറിനുമേൽ കൃത്യമായ ആധിപത്യം പുലർത്തുകയായിരുന്നു.
ആവേശം നിറഞ്ഞ മത്സരത്തിൽ റേഡിയോ കമ്മ്യൂണിക്കേഷൻ തകരാറുകൾ നേരിട്ടെങ്കിലും കോഡഡ് ശബ്ദങ്ങളിലൂടെ റേസ് എൻജിനീയറുടെ നിർദേശങ്ങൾ സ്വീകരിച്ചാണ് വെസ്റ്റാപ്പൻ വിജയം പിടിച്ചെടുത്തത്. അതേസമയം സീസണിലെ 14-ാം പോഡിയം പൂർത്തിയാക്കിയ കിമി ആന്റോനെല്ലി തന്റെ കന്നി എഫ്1 ലോക ചാമ്പ്യൻഷിപ്പ് കിരീടത്തിലേക്ക് ഒരു പടികൂടി അടുത്തു.
അടുത്ത റൗണ്ടായ ഓസ്റ്റിനിൽ വെച്ച് കിരീടം ഉറപ്പിക്കാനുള്ള വലിയ അവസരമാണ് യുവതാരത്തിന് മുന്നിലുള്ളത്. സീസണിലെ തന്റെ 14-ാം പോഡിയം പൂർത്തിയാക്കിയ ആന്റോനെല്ലി, ടീമംഗമായ ജോർജ് റസ്സലിനേക്കാൾ 102 പോയിന്റുകളുടെ ലീഡ് നേടി.
Tags : Formula one Singapore Grand Prix Max Verstappen Red Bull Racing Racing