കോൽക്കത്ത: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ ആവേശകരമായ പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ മികച്ച നിലയിൽ.
കോൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ നിലവിൽ പത്തോവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എന്ന ശക്തമായ നിലയിലാണ് ടീം ഇന്ത്യ.
തകർപ്പൻ ഫോമിലുള്ള മലയാളി താരം സഞ്ജു സാംസണിന്റെ അർധസെഞ്ചുറിയാണ് ഇന്ത്യൻ ഇന്നിംഗ്സിന് കരുത്താകുന്നത്. 39 പന്തിൽ നിന്നും 69 റൺസെടുത്ത സഞ്ജുവും 11 പന്തിൽ 17 റൺസുമായി തിലക് വർമ്മയുമാണ് നിലവിൽ ക്രീസിലുള്ളത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായിരുന്നു. മൂന്നാം ഓവറിൽ 10 റൺസെടുത്ത അഭിഷേക് ശർമയെ അകെയ്ല്‍ ഹൊസീൻ പുറത്താക്കിയപ്പോൾ, അഞ്ചാം ഓവറിൽ അതേ സ്കോറിന് ഇഷാൻ കിഷനെ ജേസൺ ഹോൾഡറും മടക്കി.
എന്നാൽ പിന്നീട് ഒത്തുചേർന്ന സഞ്ജു-സൂര്യ സഖ്യം തകർത്തടിച്ചതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെവന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് ഇതുവരെ 58 റൺസ് കൂട്ടിച്ചേർത്തിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത ഓവറിൽ മികച്ച സ്കോറാണ് കണ്ടെത്തിയത്. തുടക്കത്തിൽ ഷായ് ഹോപ്പും (32) റോസ്റ്റൺ ചേസും (40) ചേർന്ന് ഇന്നിംഗ്സ് പടുത്തുയർത്തിയെങ്കിലും സ്കോറിംഗിന് വേഗത കുറവായിരുന്നു.
എന്നാൽ മധ്യനിരയിൽ ഷിംറോൺ ഹെറ്റ്മെയർ നടത്തിയ വെടിക്കെട്ട് പ്രകടനം വിൻഡീസിന് ജീവൻ നൽകി. 12 പന്തിൽ 27 റൺസെടുത്ത ഹെറ്റ്മെയറേയും മികച്ച ഫോമിലായിരുന്ന ചേസിനേയും ഒരേ ഓവറിൽ പുറത്താക്കി ജസ്പ്രീത് ബുമ്ര ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.
പിന്നീട് അവസാന ഓവറുകളിൽ ക്യാപ്റ്റൻ റോവ്മാൻ പവലും (34*) ജേസൺ ഹോൾഡറും (37*) ചേർന്ന് നടത്തിയ തകർപ്പൻ ബാറ്റിംഗാണ് വിൻഡീസ് സ്കോർ 190 കടത്തിയത്. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 76 റൺസ് അടിച്ചുകൂട്ടി.
ഇന്ത്യൻ ബൗളർമാരിൽ ബുമ്ര രണ്ട് വിക്കറ്റും ഹാർദിക് പാണ്ഡ്യ ഒരു വിക്കറ്റും വീഴ്ത്തി. സിംബാബ്വെക്കെതിരെ കളിച്ച അതേ ടീമിനെ നിലനിർത്തിയാണ് ഇന്ത്യ ഇറങ്ങിയത്. വിൻഡീസ് നിരയിൽ ബ്രൻഡൻ കിംഗിന് പകരം അകെയ്ല്‍ ഹൊസീൻ ഇടംപിടിച്ചു.
Tags : T20WorldCup IndiaVsWestIndies CricketNews TeamIndia SanjuSamson