District News
പത്തനംതിട്ട: ജില്ലയിലെ കാലവര്ഷക്കെടുതികളുടെ പശ്ചാത്തലത്തില് നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും കെടുതികൾ കുറയ്ക്കാനും ഉതകുന്ന നിർദേശങ്ങൾ സ്വീകരിക്കുകയാണ് സമിതി പ്രധാനമായും ചെയ്തത്.
രാവിലെ പത്തനംതിട്ട കളക്ടറേറ്റിലെത്തിയ സമിതിയംഗങ്ങൾ ആസൂത്രണസമിതി സെക്രട്ടേറിയറ്റ് കോണ്ഫറന്സ് ഹാളില് തെളിവെടുപ്പ് നടത്തിയശേഷമാണ് വിവിധ സ്ഥലങ്ങൾ സന്ദർശിച്ചത്.
ചെയര്മാന് സജീവ് ജോസഫ് എംഎല്എയുടെ നേതൃത്വത്തില് എംഎൽഎ മാരായ വർഗീസ് മാമ്മൻ, കെ. രാജൻ, ഫൈസൽ ബാബു, റ്റി. എം. ശശി എന്നിവരാണ് വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് തെളിവെടുപ്പ് നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്തത്.
സമിതി അംഗങ്ങളെ ജില്ലാ കളക്ടർ എ. നിസാമുദീന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
പ്രളയം ഉണ്ടാകാൻ ഇടയായ സാഹചര്യങ്ങൾ, ഉണ്ടായ മണ്ണിടിച്ചിലിന്റെ വ്യാപ്തി, ഡാമുകളിലെ ജലനിരപ്പ് സംബന്ധിച്ച് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകുന്നത്, പഞ്ചായത്തുതല ജാഗ്രതാ സമിതി, മഴക്കെടുതിയിൽ പകർച്ചവ്യാധി തടയുന്നതിന് സ്വീകരിച്ച നടപടികൾ, ദുരിതാശ്വാസ ധനസഹായ വിതരണം, കൃഷി നാശനഷ്ടം, കർഷകർക്കുള്ള ധനസഹായം, മഴക്കെടുതിയിൽ പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും കെട്ടിടങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ, വനത്തിനുള്ളിൽ നദിയിൽ മരത്തടികൾ ഒഴുകിയെത്തുന്നത്, മഴക്കെടുതിയുമായി ബന്ധപ്പെട്ട് പൊലിസിന്റെ പ്രവർത്തനങ്ങൾ, വനപ്രദേശത്തിനു സമീപം അനധികൃത നിർമാണങ്ങൾ, നദി, തോട്, ചാലുകൾ തുടങ്ങിയവയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്ന കാര്യങ്ങൾ, കുടിവെള്ള സ്രോതസുകൾ ശുചീകരിക്കുന്നത് തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങൾ സമിതി പ്രത്യേകം ചോദ്യാവലി തയാറാക്കി ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടി. പോരായ്മകൾ ചൂണ്ടിക്കാണിച്ച സമിതിയംഗങ്ങൾ പരിഹാരങ്ങൾ നിർദേശിച്ചു. ഭാവിയിൽ ഇവ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.
ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം ജനപ്രതിനിധികൾ, പൊതു പ്രവർത്തകർ, സംഘടനകൾ വ്യക്തികൾ എന്നിവരിൽ നിന്നും പരാതികളും നിർദേശങ്ങളും സ്വീകരിച്ചു. ജനപ്രതിനിധികളും പൊതുജനങ്ങളും ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും ചെയർപേഴ്സൺ സജീവ് ജോസഫ് എംഎ പറഞ്ഞു.
സമിതി ശേഖരിച്ച വിവരങ്ങളും കണ്ടെത്തലുകളെയും അടിസ്ഥാനമാക്കി വിശദമായ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുമെന്നും പൊതുജനങ്ങൾക്ക് സമിതി മുമ്പാകെ സമർപ്പിക്കേണ്ട വിഷയങ്ങളും പരാതികളും ഉണ്ടെങ്കിൽ ചെയർപേഴ്സൺ, പരിസ്ഥിതി സംബന്ധിച്ച സമിതി, നിയമസഭ സെക്രട്ടറിയേറ്റ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അറിയിക്കാമെന്നും ചെയർമാൻ സജീവ് ജോസഫ് എംഎൽഎ അറിയിച്ചു.
അഞ്ചിടങ്ങളിൽ സന്ദർശനം
പ്രളയം, വന്യജീവി സംഘർഷം എന്നിവ ബാധിച്ച ജില്ലയിലെ അഞ്ച് വ്യത്യസ്ഥ സ്ഥലങ്ങൾ സന്ദർശിച്ച നിയമസഭാ പരിസ്ഥിതി സമിതിയംഗങ്ങൾ തെളിവെടുപ്പ് നടത്തി. കോന്നി താലൂക്കിൽ വന്യജീവി സംഘർഷം ഉണ്ടായ കൂടല്, കുളത്തുമണ്, പ്രളയബാധിത മേഖലകളായ റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാന്ഡിൽ നാശനഷ്ടം സംഭവിച്ച വ്യാപാര സ്ഥാപനങ്ങള്, തിരുവല്ല കുറ്റൂര് ഗ്രാമപഞ്ചായത്തിലെ കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ, കടപ്ര, നിരണം പഞ്ചായത്തുകളിലെ പ്രകൃതിക്ഷോഭം സംഭവിച്ച പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സമിതി അംഗങ്ങൾ സന്ദര്ശിച്ച് തെളിവെടുപ്പ് നടത്തി.
കളക്ട്രേറ്റിൽ നടന്ന തെളിവെടുപ്പിനുശേഷം വിവിധ പ്രദേശങ്ങൾ സന്ദർശിച്ച നിയമസഭാ സമിതിയെ കാത്ത് ഓരോ സ്ഥലത്തും നിരവധി ജനപ്രതിനിധികളും പൊതുജനങ്ങളം സംഘടനാ പ്രതിനിധികളുമുണ്ടായിരുന്നു. എല്ലാവർക്കും പറയാനുള്ളത് കേട്ട്, പരാതികളും അഭിപ്രായങ്ങളും നിർദേശങ്ങളും എഴുതി വാങ്ങിയാണ് സമിതി ഓരോ പ്രദേശത്തു നിന്നും മടങ്ങിയത്.
കുളത്തുമണ്ണിൽ ഭീതിജനകമായ സ്ഥിതി
കോന്നി കുളത്തുമണ്ണിൽ വന്യജീവി സംഘർഷം മൂലമുള്ള ഭീതിജനകമായ സാഹചര്യം പരിസ്ഥിതി സമിതിയംഗങ്ങൾ മുന്പാകെ പ്രദേശവാസികൾ വിവരിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎയും സ്ഥലത്തുണ്ടായിരുന്നു.
നിയമസഭാ പരിസ്ഥിതി സമിതി ചെയർമാൻ സജീവ് ജോസഫിന്റെ നേതൃത്വത്തിൽ എംഎൽഎമാർ പൊതുജനങ്ങളിൽ നിന്നും വിവരം തേടി. കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും സമിതിയംഗങ്ങൾ വിവരം തേടി. കലഞ്ചൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേഷ് അടക്കമുള്ള ജനപ്രതിനിധികളും വിവരങ്ങൾ കൈമാറി.
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലും പടിഞ്ഞാറൻ മേഖലയിലും തെളിവെടുപ്പ്
റാന്നി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് പരിസരത്തെ വ്യാപാരസ്ഥാപനങ്ങൾ സമിതി സന്ദർശിച്ചു. മഴക്കെടുതിയിൽ വെള്ളം കയറി വ്യാപാരസ്ഥാപനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തി. വെള്ളം കയറിയ സ്ഥാപനങ്ങൾക്കുള്ള നഷ്ടപരിഹാരം ഉൾപ്പെടെയുള്ളവിഷങ്ങളിൽ വ്യാപാരികളുടെ പരാതികൾ സ്വീകരിച്ചു. പഴകുളം മധു എംഎൽഎ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും കൂടെയുണ്ടായിരുന്നു.
കുറ്റൂർ തലയാർ വഞ്ചിമുക്ക് ക്ഷേത്രത്തിൽ സമീപം മഴക്കെടുതിയിൽ വെള്ളം കയറിയ വരട്ടാറിന്റെ തീരപ്രദേശങ്ങൾ സമിതി സന്ദർശിച്ചു. ആറ്റുതീരത്തെ കൈയേറ്റം ഒഴിപ്പിക്കുന്നതും മണ്ണും ചെളിയും അടിഞ്ഞുകൂടിയത് നീക്കം ചെയ്ത് വീതി കൂട്ടുന്ന നടപടികൾ ഉൾപ്പെടെ ചർച്ച ചെയ്തു.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സമിതി യോഗം ചേർന്നു. വെള്ളപ്പൊക്കത്തിൽ പ്രദേശത്തുണ്ടായ നാശനഷ്ടങ്ങൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ തുടങ്ങിയ സംബന്ധിച്ച് ജനപ്രതിനിധികളിൽ നിന്ന് നിവേദനം സ്വീകരിച്ചു. നിരണം പള്ളിപ്പാലത്ത് കോലറയാറിന്റെ തീരപ്രദേശങ്ങളും സമിതി സന്ദർശിച്ചു. ആറ്റിൽ അടിഞ്ഞു കൂടിയിട്ടുള്ള മണലും ചെളിയും നീക്കി ആഴം കൂട്ടുന്നതും ജലത്തിൻറെ സ്വാഭാവികമായ ഒഴുക്ക് സുഗമമാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
വരട്ടാറിന്റെ സ്ഥിതിയും പരിശോധിച്ചു
രണ്ട് പതിറ്റാണ്ട് മുന്പ് മറ്റൊരു നിയമസഭ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനരുജ്ജീവനം നടത്തിയ വരട്ടാറിന്റെ നിലവിലെ ശോചനീയാവസ്ഥയും സമിതിയംഗങ്ങൾ നരിൽകണ്ട് ബോധ്യപ്പെട്ടു.
വരട്ടാറിലെ അനധികൃത കൈയേറ്റങ്ങൾ ഉടനടി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ റവന്യു അധികൃതർക്ക് പരിസ്ഥിതി കമ്മിറ്റി നിർദ്ദേശം നൽകി. ചെയർമാൻ സജീവ് ജോസഫ്, വർഗീസ് മാമ്മൻ, ഫൈസൽ ബാബു, ടി. എം. ശശി എന്നീ എംഎൽഎമാർ തലയാർ വഞ്ചിമൂട്ടിൽ ക്ഷേത്രക്കടവിലാണ് വരട്ടാറിന്റെ ദുരവസ്ഥ കാണാനെത്തിയത്.
പമ്പയുടെ കൈവരിയായ വരട്ടാർ- കോയിപ്രം, ഇരവിപേരൂർ, കുറ്റൂർ, തിരുവൻവണ്ടൂർ പഞ്ചായത്തുകളിലും ചെങ്ങന്നൂർ നഗരസഭ പ്രദേശത്ത് അടക്കം ഇടയ്ക്കിടെ രൂക്ഷമായ വെള്ളപ്പൊക്കം നിലവിലെ സാഹചര്യത്തിൽ സൃഷ്ടിക്കുന്നു. മഴ മാറുന്നതിനോടൊപ്പം വെള്ളവും മലിനമാകുന്നതു മാത്രമല്ല സമീപസ്ഥലങ്ങളിലെ കിണറുകളിലെ കുടിവെള്ളവും മലിനമാകുന്നതായി നിയമസഭ പരിസ്ഥിതി കമ്മിറ്റിക്ക് ബോധ്യപ്പെട്ടു.
വരട്ടാറിന്റെ നിലവിലെ ദുരിതാവസ്ഥയെപ്പറ്റി ജില്ലാ പഞ്ചായത്ത് മെംബർ സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ജോ ഇലഞ്ഞിമൂട്ടിൽ, പ്രസന്ന സതീഷ്, ഏബ്രഹാം കുന്നുകണ്ടത്തിൽ,അജിത് പ്രസാദ് തലയാർ, വി. ആർ. രാജേഷ്, ബിനു കുരുവിള, സുരേഷ് പുത്തൻപുരയ്ക്കൽ, കുഞ്ഞുമോൻ മുളമൂട്ടിൽ, കെ. എസ്. ഏബ്രഹാം, പോൾ തോമസ്, രാജലക്ഷ്മി, രാജൻ ഏബ്രഹാം എന്നിവ വിശീകരിച്ചു.
തിരുവല്ല സബ് കളക്ടർ പാർവതി ഗോപകുമാർ, അടൂർ ആർഡിഒ ബിനുരാജ്, തഹസിൽദാർ ജോബിൻ കെ ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ റെജിമോൾ, എബി ബാബു, ഡിവൈഎസ്പി സന്തോഷ് കുമാർ തുടങ്ങിയവരും ഉണ്ടായിരുന്നു.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1130 ആയി ഉയർന്നു. നേപ്പാളിൽ 1114 മരണങ്ങളും ടിബറ്റിൽ 16 മരണങ്ങളുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.
ഇതിനിടയിൽ കാണാതായ ചിലർ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന വാർത്തകൾ മാത്രമാണ് നിലവിൽ ദുരിതബാധിതർക്കും ബന്ധുക്കൾക്കും ആശ്വാസം പകരുന്നത്.
ഈ ദുരന്തത്തിൽ കാണാതായ ആറ് മലയാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യ മറ്റൊരു വിമാനം കൂടി നേപ്പാളിലേക്ക് അയച്ചു.
International
കാഠ്മണ്ഡു: നേപ്പാളിനെ തകർത്തെറിഞ്ഞ പ്രളയദുരന്തം നടന്ന് ഒരാഴ്ചയായിട്ടും രക്ഷാപ്രവർത്തനം തുടരുന്നു. ദുരന്തഭൂമിയിൽനിന്നു കരളലിയിക്കുന്ന നിരവധി വാർത്തകളാണ് വരുന്നത്. നുവാക്കോട്ട് ജില്ലയിലെ ബിദൂർ മുനിസിപ്പാലിറ്റിയിൽപ്പെട്ട പത്താം വാർഡിലെ ബെത്രാവതി പ്രദേശത്തു പ്രളയാവശിഷ്ടങ്ങൾക്കടിയിൽ പൂർണമായി പൂണ്ടുപോയ ഒരു വീടിനുള്ളിൽനിന്ന് ഇന്നു രാവിലെ 23 മൃതദേഹങ്ങൾ കണ്ടെടുത്തു.
പ്രളയം ആഞ്ഞടിച്ച സമയം രക്ഷപ്പെടാനായി ഇവർ ഈ വീടിനുള്ളിൽ അഭയം പ്രാപിച്ചതാകാമെന്നാണ് അധികൃതരുടെ നിഗമനം. എന്നാൽ നിമിഷങ്ങൾക്കകം പ്രളയത്തോടൊപ്പം ഒഴുകിയെത്തിയ കൂറ്റൻ പാറക്കല്ലുകളും ചെളിയും വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ ഇവിടെത്തന്നെയുള്ള ഒരു വീട്ടിൽനിന്ന് ആറു മൃതദേഹങ്ങൾ വീണ്ടെടുത്തിരുന്നു. ബാക്കിയുള്ള മൃതദേഹങ്ങൾ ചൊവ്വാഴ്ചയാണ് പുറത്തെടുത്തത്. കൂടുതൽ മൃതദേഹങ്ങൾ അവശിഷ്ടങ്ങൾക്കടിയിലുണ്ടോ എന്ന സംശയത്തിൽ തെരച്ചിൽ ശക്തമായി തുടരുകയാണ്.
കാണാതായ പ്രിയപ്പെട്ടവരെ തിരഞ്ഞ് ആശുപത്രികളിൽ ബന്ധുക്കളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കണ്ടെടുത്ത മൃതദേഹങ്ങൾ പലതും ജീർണിച്ച നിലയിലായതിനാൽ തിരിച്ചറിയാൻ ഏറെ പ്രയാസ നേരിടുന്നുണ്ട്. ഫോറൻസിക് പരിശോധനകളിലൂടെയും ഡിഎൻഎ കിറ്റുകൾ ഉപയോഗിച്ചുമാണ് വ്യക്തിവിവരങ്ങൾ സ്ഥിരീകരിക്കുക. ഇന്ത്യയിൽനിന്നുള്ള 18 ഫോറൻസിക് വിദഗ്ധർ ഇതിനായി നേപ്പാളിൽ എത്തിയിട്ടുണ്ട്. പലയിടത്തും മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കുന്നുണ്ട്.
അതേസമയം, നേപ്പാളിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക് അടുക്കുകയാണ്. ആകെ റിപ്പോർട്ട് ചെയ്ത 987 മരണങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് ചിത്വാൻ ജില്ലയിലാണ്-321 പേർ. നവൽപരാസി ഈസ്റ്റ് (216), നവൽപരാസി വെസ്റ്റ് (170), നുവാക്കോട്ട് (95), ഗോർഖ (65), ധാഡിംഗ് (55), രസുവ (27) എന്നിവയാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റു ജില്ലകൾ. 4,000ത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.
തുരങ്കങ്ങളിൽ രക്ഷാപ്രവർത്തനം
നേപ്പാളിലെ പ്രൈവറ്റ് പവർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നൽകുന്ന വിവരമനുസരിച്ച് പ്രളയത്തിൽ തകർന്ന 12 ജലവൈദ്യുത പദ്ധതികളിലായി കുറഞ്ഞത് 900 തൊഴിലാളികളെയെങ്കിലും കാണാതായിട്ടുണ്ട്. ഇതിൽ 500ഓളം പേർ തുരങ്കങ്ങൾക്കുള്ളിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.
ചെളി നിറഞ്ഞ മൂന്ന് തുരങ്കങ്ങളിൽനിന്നായി ഇതുവരെ നാലു മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ സൈന്യം സ്ഥിരീകരിച്ചു. തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിയവരെ ജീവനോടെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് നേപ്പാൾ സൈന്യവും വിദഗ്ധ സംഘവും. എന്നാൽ കനത്ത ചെളിയും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.
ത്രിശൂലി ത്രി ബി വൈദ്യുതപദ്ധതി നിർമാണത്തിൽ ഏർപ്പെട്ടിരുന്ന 40 എൻജിനിയർമാരും 118 തൊഴിലാളികളും കാണാതായവരിൽ ഉൾപ്പെടുന്നു. നേപ്പാൾ സൈന്യം സ്ഫോടക വസ്തുക്കളും എക്സ്കവേറ്ററുകളും ഉപയോഗിച്ച് തുരങ്കങ്ങളിലെ ചെളിയും അവശിഷ്ടങ്ങളും നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
മണ്ണുമാന്തി യന്ത്രങ്ങളും ടോർച്ചുകളും ഉപയോഗിച്ച് രാത്രിയിലും തുരങ്കങ്ങൾക്കുള്ളിലേക്ക് കടന്നുചെല്ലാനുള്ള ശ്രമങ്ങൾ സൈന്യം തുടരുകയാണ്. അയൽരാജ്യങ്ങളായ ഇന്ത്യയും ചൈനയും താത്കാലിക ബെയ്ലി പാലങ്ങൾ നിർമിച്ചും മറ്റ് സാങ്കേതിക സഹായങ്ങൾ നൽകിയും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നുണ്ട്.
കാണാതായവരിൽ 350 വിദ്യാർഥികളും
മിന്നൽപ്രളയത്തിൽ രസുവ ജില്ലയിലെ ഉത്തർഗയ ഗ്രാമത്തിൽനിന്നു മാത്രം 350ഓളം വിദ്യാർഥികളെ കാണാതായതായി റിപ്പോർട്ടുണ്ട്. പ്രളയത്തിൽ 19 സ്കൂളുകൾക്ക് കേടുപാടുകൾ സംഭവിച്ചു. ഇതിൽ ഒന്പത് സ്കൂളുകൾ പൂർണമായും തകർന്നു.
ഭവനരഹിതരായ കുടുംബങ്ങൾക്ക് താത്കാലിക അഭയം നൽകാനായി എട്ടു സ്കൂളുകൾ നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളായി ഉപയോഗിച്ചുവരികയാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട നിരവധി കുട്ടികളുണ്ട്. ഇവരുടെ കണ്ണീർക്കഥകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
മാനുഷിക പ്രതിസന്ധി രൂക്ഷമെന്ന് യുഎൻ
ദുരന്തബാധിത പ്രദേശങ്ങളിൽ 65,000ത്തോളം ആളുകൾക്ക് അടിയന്തര കുടിവെള്ളവും ശുചിത്വ സൗകര്യങ്ങളും ആവശ്യമാണെന്ന് യുഎൻ വ്യക്തമാക്കി. 22,000 കുട്ടികൾക്ക് പ്രത്യേക സംരക്ഷണവും 10,500ലധികം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പോഷകാഹാര പിന്തുണയും ആവശ്യമാണെന്നും യുഎൻ അറിയിച്ചു.
ദുരന്തബാധിത മേഖലകളിലെ 10,000ത്തിലധികം കുട്ടികൾക്ക് അടിയന്തര മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്നും 107 കുട്ടികളെങ്കിലും മാതാപിതാക്കളിൽനിന്നോ സംരക്ഷകരിൽനിന്നോ വേർപെട്ടുപോയിട്ടുണ്ടാകാമെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. കാണാതായ കുട്ടികളെ കണ്ടെത്തി കുടുംബങ്ങളുമായി ഒന്നിപ്പിക്കുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകുന്നതെന്നും യുഎൻ അറിയിച്ചു.
ഇന്ത്യ, ചൈന, സിംഗപ്പുർ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് ദുരിതാശ്വാസ സാമഗ്രികൾ നേപ്പാളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
ഒറ്റപ്പെട്ട ഗ്രാമങ്ങളിലേക്ക് രക്ഷാപ്രവർത്തകരെത്തി
മിന്നൽപ്രളയമുണ്ടായി ഒരാഴ്ചയ്ക്കുശേഷം ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളിലേക്ക് താത്കാലിക പാലങ്ങൾ നിർമിച്ച് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നു. ദുരന്തബാധിത മേഖലകളിൽനിന്ന് ഇതുവരെ 11,000ത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായും ചില പ്രദേശങ്ങളിൽ വൈദ്യുതി, വാർത്താവിനിമയ ബന്ധങ്ങൾ പുനഃസ്ഥാപിച്ചതായും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അറിയിച്ചു.
International
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്.
ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു.
അതേസമയം, തുരങ്കങ്ങളിൽ തെരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.
Kerala
കൊച്ചി: കൊച്ചിയിൽ നിന്നും നേപ്പാളിലെത്തിയ മലയാളി വിനോദ സഞ്ചാരികൾ സുരക്ഷിതർ. ട്രാവൽ ഹബ് ടൂറിസ്റ്റ് ഏജൻസി വഴി ഓഗസ്റ്റ് 23ന് ഗൊരഖ്പുരിലെത്തിയ സംഘം, 24ന് ആണ് കാഠ്മണ്ഡുവിലേക്ക് തിരിച്ചത്. എന്നാൽ മിന്നൽ പ്രളയത്തിൽ പെട്ടു പോകാതെ 36 അംഗ സം ഘം രക്ഷപ്പെടുകയായിരുന്നു.
നിലവിൽ വാലിം ഭാഗത്ത് എത്തിയ സംഘം ലുംബിനി ഭാഗത്തേക്കാണ് പോയി കൊണ്ടിരിക്കുന്നത്. കാഠ്മണ്ഡുവിൽ നിന്നും പൊക്രയിലേക്ക് പോകാനിരുന്ന സംഘം മിന്നൽ പ്രളയത്തെ തുടർന്ന് റോഡിൽ പെട്ടുപോയിരുന്നു. പ്രളയത്തെ തുടർന്ന് റോഡ് ബ്ലോക്ക് ചെയ്തിരുന്നതിനാൽ മണിക്കൂറുകളോളം വണ്ടിയിൽ തന്നെ കഴിയുകയും വൈകുന്നേരത്തോടെ മറ്റൊരു വഴിയിലൂടെ ഹോട്ടലിലേക്ക് പോവുകയുമായിരുന്നു.
പിറ്റേന്ന് പുലർച്ചെ 2.30 ഓടെ ചിട്ടം എന്നൊരു ഗ്രാമത്തിലാണ് എത്തിയതെന്ന് ടൂർ മാനേജർ സൽമോൺ ദീപിക ഓൺലൈനിനോട് പ്രതിക രിച്ചു. യുപിയിൽ നിന്നുള്ള ഡ്രൈവർ മരങ്ങളൊക്കെ ഒഴുകി പോകുന്നതു കണ്ടപ്പോൾ മഴയത്ത് ഇതിവിടെ സ്ഥിരമാണെന്ന് ആദ്യം പറഞ്ഞു. ഇ ത്രയും വലിയ പ്രളയം വന്നതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല.
ഓഫ് റോഡുകൾ കയറിയാണ് യാത്ര തുടർന്നത്. യോദ്ധ സിനിമയിൽ കാണിക്കുന്ന കാഠ്മണ്ഡുവിലെ ബുദ്ധ ക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഇറങ്ങാൻ വൈകിയതിനാൽ പ്രളയത്തിൽ പെട്ടു പോയില്ലെന്നും സൽമോൺ വ്യക്തമാക്കി.
അതേസമയം, മിന്നൽ പ്രളയത്തിൽ 469 ആളുകൾ മരിച്ചതായാണ് വിവരം. വിദേശ രാജ്യങ്ങളിൽ നിന്നും രക്ഷാപ്രവർത്തനത്തിന് സഹായം ആ വശ്യമില്ലെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. പ്രളയത്തിൽ പെട്ടു പോയ വിദേശികളടക്കം നിരവധി പേരെ ഹെലികോ പ്റ്റർ മാർഗം വഴിയും കരമാർഗം വഴിയും രക്ഷപ്പെടുത്തിയതായി നേപ്പാൾ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
Kerala
തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. നേപ്പാളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികൾക്കും അവരുടെ ബന്ധുക്കൾക്കും സഹായത്തിനായി നോർക്ക റൂട്ട്സിന്റെ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
സഹായത്തിനായി നോർക്കയുടെ 1070 എന്ന ടോൾ ഫ്രീ നമ്പറിലോ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം തുറന്നിട്ടുള്ള 0086 139 8999 0012, 0086 185 1428 4905 എന്നീ ഹെൽപ് ലൈൻ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
International
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ 250ലധികം ഇന്ത്യക്കാരെ കാണാതായതായി സൂചന. തമിഴ്നാട്ടിൽ നിന്ന് പോയ 37 പേരെക്കുറിച്ച് വിവരമില്ല. ഇഷ ഫൗണ്ടേഷൻ വഴി പോയ 77 പേരെക്കുറിച്ചും ഇതുവരെ വിവരം കിട്ടിയില്ല. ഹെൽപ്പ്ലൈനിലേക്ക് നിരവധി ആളുകളുടെ ബന്ധുക്കൾ വിളിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ചൈനീസ് ടിബറ്റൻ അതിർത്തിയോട് ചേർന്ന വടക്കൻ നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇതുവരെ 95 പേരാണ് മരിച്ചത്. നേപ്പാൾ ടൂറിസം ബോർഡ് നൽകിയ വിവരങ്ങൾ അനുസരിച്ച് ആകെ 384 വിനോദസഞ്ചാരികളെയാണ് കാണാതായത്. ഇതിൽ 105 പേർ ഇന്ത്യക്കാരാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
സൈന്യത്തിന്റെ നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ടിബറ്റൻ മേഖലയിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായെന്നും ഇതേ തുടർന്നുണ്ടായ ഹിമപാതമാണ് നദിയിൽ വെള്ളപ്പൊക്കത്തിന് കാരണമായതെന്നുമാണ് നേപ്പാൾ ഭരണകൂടം പറയുന്നത്. രാവിലെ എട്ടരയോടെ റസുവ ജില്ലയിലെ ഭോട്ടെ കോശി നദിയിലാണ് മിന്നൽ പ്രളയം ഉണ്ടായത്.
Kerala
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പട്ടികയിലുള്ള ഗുണഭോക്താക്കൾക്കു രണ്ട് ലക്ഷം രൂപ ധനസഹായം നൽകുന്നതിന് ആവശ്യമായ അധിക ഫണ്ട് അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
District News
ഉദയഗിരി: പ്രളയക്കെടുതിയിൽ നാശനഷ്ടം ഉണ്ടായവർക്ക് അടിയന്തര സഹായം നൽകണമെന്ന് സജീവ് ജോസഫ് എംഎൽഎ മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും നേരിട്ട് കണ്ട് ആവശ്യപ്പെട്ടു. ജില്ലയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് ഉദയഗിരി പഞ്ചായത്തിലാണ്. രണ്ടുപ്രാവശ്യമായി പഞ്ചായത്തിലെ നിരവധി സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവുകയും 36 ഓളം റോഡുകളും നിരവധി പാലങ്ങളും കലുങ്കുകളും തകർച്ച നേരിടുകയും ചെയ്തു.
ഇതോടൊപ്പം നിരവധി കർഷകരുടെ കൃഷിയിടങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായി. നിരവധി വീടുകൾക്കും ആലകൾ, മറ്റു കെട്ടിടങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവയ്ക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ഇവയുടെ എല്ലാം വിശദമായ കണക്കും വകുപ്പ് മന്ത്രിമാർക്കും മുഖ്യമന്ത്രിക്കും നൽകി. പ്രത്യേക പാക്കേജ് ഉടൻ അനുവദിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. അടുത്തദിവസം തന്നെ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള സംഘം സ്ഥലം സന്ദർശിക്കുമെന്ന് എംഎൽഎ പറഞ്ഞു.
തഹസിൽദാർ, എഡിഎം എന്നിവരും സ്ഥലം സന്ദർശിച്ചു. എംഎൽഎയോടൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ, വൈസ് പ്രസിഡന്റ് എൻ.എ. പ്രസന്നകുമാർ, തോമസ് വെക്കത്താനം, ജോയിച്ചൻ പള്ളിയാലിൽ, ബെന്നി പീടിയേക്കൽ, ഇ.എം. നാസർ, ഹാഹുൽ ഹമീദ്, സിന്ധു തോമസ്, ഷീൻ തെക്കേൽ, പ്രീത സുരേഷ്, വിനോദ് , ഷീബ ഡാനി, ഐ.വി.ഒ. പ്രകാശൻ എന്നിവരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.
District News
ചങ്ങനാശേരി: ദുരിതബാധിത കുട്ടനാടിന് കൈത്താങ്ങായി ചങ്ങനാശേരി അതിരൂപതയിലെ ഇടവകകളില് നാളെ വിഭവസമാഹരണം നടത്തും. ഭക്ഷ്യധാന്യങ്ങള് ഉള്പ്പെടെയുള്ള സാധന സാമഗ്രികള് ഇടവകകള്തോറും സമാഹരിച്ച് ദുരിതമേഖലകളില് എത്തിച്ചു നല്കാനാണ് ആര്ച്ച്ബിഷപ് മാര് തോമസ് തറയില് ആഹ്വാനം ചെയ്തിരിക്കുന്നത്.
അതിരൂപത ചാസിന്റെ നേതൃത്വത്തിലാണ് വിഭവ സമാഹരണവും വിതരണവും നടത്തുന്നത്. വിവിധ സര്ക്കാര്, സര്ക്കാരിതര ഏജന്സികളുടെ സഹായത്തോടെ തുടര്ന്നും കുട്ടനാട്ടില് സാധനങ്ങൾ ലഭ്യമാക്കുമെന്നും അതിരൂപത കേന്ദ്രം അറിയിച്ചു.
അതിരൂപത വികാരി ജനറാള് മോണ്. ആന്റണി എത്തയ്ക്കാട്ട്, ചാസ് ഡയറക്ടര് ഫാ. ജോര്ജ് പനയ്ക്കേഴം എന്നിവര് ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കും.
തിരുവല്ലയിലെ ക്യാന്പുകളിലേക്കെത്താനും വള്ളം വേണം
തിരുവല്ല: റോഡുകൾ വെള്ളംകയറിക്കിടക്കുന്നതിനാൽ തിരുവല്ലയിലെ ദുരിതാശ്വാസ ക്യാന്പുകളിലേക്ക് സാധനങ്ങൾ എത്തിക്കാനും സന്ദർശിക്കാനും വള്ളം വേണം. ആന്റോ ആന്റണി എംപി, വർഗീസ് മാമ്മൻ എംഎൽഎ എന്നിവർ ഇന്നലെ വള്ളത്തിലും ബോട്ടിലുമായാണ് പല മേഖലകളിലും എത്തിയത്.
ക്യാന്പുകളിലെത്തി അടിയന്തരാവശ്യങ്ങൾ മനസിലാക്കി പരിഹരിക്കാനായെന്ന് വർഗീസ് മാമ്മൻ എംഎൽഎപറഞ്ഞു. നെടുന്പ്രം, പെരിങ്ങര, തിരുവല്ല, നിരണം പ്രദേശങ്ങളിലെ ക്യാന്പുകളിലായിരുന്നു സന്ദർശനം.
District News
കുമരകം: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മഴ കുറവായിരുന്നെങ്കിലും പടിഞ്ഞാറൻ പ്രദേശങ്ങളിൽ ജലനിരപ്പ് ഒട്ടും കുറവില്ലാതെ തത്സ്ഥിതി തുടരുന്നു. വെള്ളപ്പൊക്ക കെടുതി രൂക്ഷമായ തിരുവാർപ്പ്, അയ്മനം പ്രദേശങ്ങളിൽ കൂടുതൽ ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്നലെയും എത്തി.
കുമരകത്ത് ഇന്നലെ വെള്ളത്തിന്റെ അളവ് കഴിഞ്ഞ ദിവസങ്ങളിലേക്കാൾ രണ്ടിഞ്ച് വർധിച്ചു. നിലവിൽ ക്യാമ്പുകളിൽ താമസിക്കുന്ന ദുരിത ബാധിതർ ക്യാമ്പുകളിൽ തന്നെ തുടരുന്നു. കുമരകത്ത് എസ്എൻ കോളജിൽ ഒരു ക്യാമ്പ് കൂടി പുതുതായി ആരംഭിച്ചു.
പടിഞ്ഞാറൻ പ്രദേശങ്ങളിലെ നെൽകൃഷി ഒട്ടുമിക്ക പാടശേഖരങ്ങളിലും മടവീണും പുറംബണ്ടു വഴി വെള്ളം കയറിയും നശിച്ചു. കോട്ടയം-കുമരകം റോഡിലൂടെ ഏതാനും ചില സ്വകാര്യ ബസുകൾ സർവീസ് നടത്തിയതൊഴിച്ചാൽ മറ്റു വാഹനങ്ങൾ ഓടിയില്ല. കിഴക്കൻ പ്രദേശങ്ങളിൽ മഴ കുറഞ്ഞതുമൂലം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തുന്നത് നല്ല തെളിഞ്ഞ വെള്ളമാണ്.
വ്യാപക കൃഷി നാശം
കുമരകം: ഓടിയെത്തിയ ജലപ്രളയം കുട്ടനാട്ടിൽ വ്യാപകമായി നെൽകൃഷിക്ക് നാശം വിതച്ചു. നടാറായതും വിതച്ചിട്ട് ദിവസങ്ങൾ മാത്രമായതും വിതക്കാനായി ഒരുക്കം പൂർത്തിയാക്കിയതുമായ നിരവധി പാടശേഖരങ്ങൾ മടവീണും പെട്ടി മട തള്ളിയും ബണ്ട് കവിഞ്ഞും വെള്ളത്തിലായി കഴിഞ്ഞു. അയ്മനം, കുമരകം, തിരുവാർപ്പ് കൃഷിഭവനുകളുടെ കീഴിലുള്ള പല പാടങ്ങളും വെള്ളം കയറി നശിച്ചു.
ഇന്നലെ അയ്മനം പഞ്ചായത്തിലെ തുരുത്തിക്കാട്ടുകണ്ടം പാടശേഖരം വെള്ളം കരകവിഞ്ഞു കയറി പൂർണ്ണമായും മുങ്ങി. വെള്ളം തടയാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമാകുകയായിരുന്നു, ഇതോടെ നൂറോളം കുടുംബങ്ങൾ ദുരിതത്തിലായി. ഈ പാടശേഖരം വെള്ളം കവിഞ്ഞുകയറി മുങ്ങിയതോടെ മാങ്ങാക്കണ്ടം ചിറയിലൂടെ കൊടുവത്ര പാടശേഖത്തിലേക്കും വെള്ളം കയറി. പാടശേഖരസമിതി സെക്രട്ടറി ജോളി കളമ്പുകാട്ടുശേരി, കാർഷിക വികസന സമിതി അംഗം പി. പി. ബിജോഷ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ മട വീഴ്ച തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
കഴിഞ്ഞ മാസം 13ന് വിതച്ച 250 ഏക്കറിലെ നെൽകൃഷിയാണ് വെള്ളത്തിനടിയിലായത്. പാടശേഖരത്തിന് ചുറ്റും താമസിക്കുന്ന കുടുംബങ്ങളിലെ വീടുകളിലും വെള്ളംകയറി. ആറ്റിലും ജലനിരപ്പ് ഉയർന്നതിനൽ ഈ പ്രദേശം ഒറ്റപ്പെട്ടിരിക്കുകയാണ്. 20 ദിവസം വളർച്ചയെത്തിയ നെൽ ചെടികൾക്ക് വളം ഇടുകയും മരുന്നടിക്കുകയും ചെയ്ത ശേഷം അപ്രതീക്ഷിതമായി വെള്ളം കയറിയത് കർഷകർക്ക് വലിയ നഷ്ടമായി.
കഴിഞ്ഞ ദിവസം അയ്മനത്തെ തന്നെ പുത്തൻകരി പാടത്തെ പെട്ടിമട തള്ളി 260 ഏക്കറിലെ കൃഷി നശിച്ചിരുന്നു. കുമരകത്ത് മങ്കുഴി, ഇടവട്ടം, പടിഞ്ഞാറ്റുകാട്,കൊല്ലകരി പാടങ്ങൾ ബണ്ട് കവിഞ്ഞ് വെള്ളം കയറിയാണ് മുങ്ങിയത്. കൃഷി നശിക്കുന്നതിനൊപ്പം പ്രദേശവാസികളുടെ വീടുകളിലും വെള്ളം കയറുന്നത് ഇരട്ടി ദുരിതമാണ് സൃഷ്ടിക്കുന്നത്. ക്രമാതീതമായി അരി വില വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നെൽകൃഷിയുടെ തകർച്ച വീണ്ടും വില വർദ്ധനയ്ക്കു കാരണമാകും.
District News
ചങ്ങനാശേരി: മാനം തെളിഞ്ഞ് മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും വെള്ളപ്പൊക്ക മേഖലകളില് ദുരിതം കുറയുന്നില്ല. കിഴക്കന്വെള്ളത്തിന്റെ വരവിനും ആറുകളിലെ ഒഴുക്കിനും കുറവുണ്ടെങ്കിലും വീടുകളിലെ വെള്ളത്തിന് ഇറക്കമില്ലാതെ തുടരുന്നു. വീടുകളിലെ വെള്ളത്തില് ഏറെനേരം നിന്ന് ആഹാരം പാചകം ചെയ്യുന്നത് സ്ത്രീകള്ക്ക് ദുരിതമാണ്. ഓണപ്പരീക്ഷ അടുക്കാറായ സാഹചര്യത്തില് കുട്ടികളുടെ പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും നനഞ്ഞും വെള്ളത്തില് ഒഴുകിയപ്പോയും നശിച്ചിട്ടുണ്ട്.
ചങ്ങനാശേരി-ആലപ്പുഴ റോഡിന്റെ മനയ്ക്കച്ചിറ, പൂവംകടത്ത്, പാറയ്ക്കൽ, കിടങ്ങറ ഭാഗങ്ങളില് എസി കനാല് അതിശക്തമായി കവിഞ്ഞൊഴുകുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്കു പോകാതെ വീടുകളില് കഴിയുന്ന കൊച്ചുകുട്ടികളും ഗര്ഭിണികളും പ്രായമായവരും ഏറെ ബുദ്ധിമുട്ടിലാണ്. വെള്ളം കൂടുകയും കുറയുകയും ചെയ്യുന്നതനുസരിച്ച് ഹോളോബ്രിക്സില് ഉയര്ത്തിവച്ച കട്ടിലിലാണ് ആളുകള് കിടക്കുന്നത്. പല വീടുകളിലേയും ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, മറ്റ് ഇലക്ട്രിക് ഉപകരണങ്ങളെല്ലാം വെള്ളം കയറി നാശം നേരിട്ടതായി വീട്ടുകാര് പറഞ്ഞു.
ദൈവപ്പറമ്പ്, തുരുത്തേപ്പടി, മൂലേപ്പുതുവല്, അറുനൂറില് പുതുവൽ, കോമങ്കേരിച്ചിറ, നക്രാല്, പൂവം, എസി റോഡ് ഉന്നതി, ഇടവന്തറ, അറുനൂറില് പുതുവല്, കോമങ്കേരിച്ചിറ, വെട്ടിത്തുരുത്ത്, പറാല്, കുമരങ്കരി, മുളയ്ക്കാംതുരുത്തി, ചീരഞ്ചിറ, പുതുച്ചിറ, കുറിച്ചി ആനക്കുഴി, ചാണകക്കുഴി, കക്കുഴി പ്രദേശങ്ങളിലാണ് ജനങ്ങള് ദുരിതത്തില് കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില് പോയി മടങ്ങിയെത്തുമ്പോള് വീടിനും വീട്ടുപകരണങ്ങള്ക്കും നാശം നേരിടുന്നതിനാലും വീടുകളില് മോഷണം നടക്കുന്നതിനാലുമാണ് പലരും വീടുവിട്ടുപോകാന് മടികാട്ടുന്നത്. വെള്ളപ്പൊക്ക മേഖലകളില് വ്യാപകമായ രീതിയില് കൃഷി നാശവും സംഭവിച്ചിച്ചുണ്ട്.
District News
റാന്നി: കുരുമ്പൻമൂഴിയും അറയാഞ്ഞിലിമണ്ണും ഒറ്റപ്പെട്ടിട്ടു ദിവസങ്ങളായി. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയിൽ പന്പാനദി കരകവിഞ്ഞതോടെയാണ് വനമേഖലയിലെ ഇരുപ്രദേശങ്ങളും ഒറ്റപ്പെട്ടത്.
മഴ ശക്തമാകുന്പോഴും പ്രകൃതിദുരന്തവുംമൂലം ദുരിതപ്പെടുന്ന കിഴക്കൻ മേഖലയിൽ പമ്പാനദിയുടെ മറുകരയിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ ഒറ്റപ്പെടുക പതിവാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയാണെങ്കിലും പത്തനംതിട്ട ജില്ലയിലെ താമസക്കാരാണ് കുരുന്പൻമൂഴിയിലും അറയഞ്ഞാലിമണ്ണിലുമുള്ളത്. അറയഞ്ഞാലിമണ്ണിൽനിന്നു രണ്ട് കിടപ്പ് രോഗികളെ കഴിഞ്ഞദിവസം ഫയർഫോഴ്സ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് തികച്ചും സാഹസികമായാണ്.
മൂന്ന് പതിറ്റാണ്ട് മുമ്പ് നാട്ടുകാരുടെ സഹായത്തോടെ അന്നത്തെ ഭരണ സംവിധാനങ്ങൾ നിർമിച്ച ഉയരം കുറഞ്ഞ പാലമായ കോസ് വേയിലൂടെയാണ് ഇപ്പോഴും ഇരുസ്ഥലങ്ങളിലേക്കുമുള്ള യാത്ര. മഴ ശക്തമാകുന്പോൾ കോസ് വേ മുങ്ങിപ്പോകും. ഇതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെടും. ശക്തമായ മഴയ്ക്കിടെ ഒഴുകിവരുന്ന തടികളിടിച്ച് കോസ് വേയുടെ കൈവരികൾ തകരുന്നതും പതിവാണ്.
കൈവരികൾ നഷ്ടപ്പെട്ട് യാതൊരു സുരക്ഷാ മാർഗവുമില്ലാത്ത കോസ്വെകളിൽക്കൂടി മഴക്കാലത്ത് നദി മുറിച്ചു കടക്കുന്നത് തികച്ചും അപകടക്കെണിയായി മാറുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രണ്ടിടങ്ങളിലും സുരക്ഷിതമായ നദി കടത്തലിനായി ആളുകൾ മുറവിളി കൂട്ടിയിട്ടും പാലത്തിനായി യാതൊരു നടപടികളും ഉണ്ടായിട്ടില്ല. പട്ടികവർഗ വികസന വകുപ്പിൽനിന്ന് പാലത്തിനു പണം അനുവദിച്ച് രണ്ടുവർഷം മുന്പ് ശിലാസ്ഥാപനം നടത്തി. തുടർനടപടികളുണ്ടായില്ല.
കഴിഞ്ഞ ദിവസം റാന്നിയിലെത്തിയ മുഖ്യ മന്ത്രിയോട് പഴകുളം മധു എംഎൽഎ പ്രദേശവാസികളുടെ പ്രയാസങ്ങൾ വിവരിക്കുകയും പാലം നിർമിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രി വിഷയത്തിൽ അനുകൂല നിലപാടെടുക്കുമെന്നും പച്ചക്കൊടി കാട്ടുമെന്നുമാണ് നാട്ടുകാരുടെ ഇപ്പോഴത്തെ പ്രതീക്ഷ.
District News
വിലങ്ങാട്: വിലങ്ങാട് പുനരധിവാസ പ്രവര്ത്തനങ്ങളുടെ രണ്ടാംഘട്ടമായി, കാരിത്താസ് ഇന്ത്യയുടെ പിന്തുണയോടെ താമരശേരി രൂപത സാമൂഹിക സേവന വിഭാഗമായ സിഒഡി നടപ്പിലാക്കുന്ന സേഫ് വിതിന്: റീകണക്ട് വയനാട് ആന്ഡ് വിലങ്ങാട് പദ്ധതിയുടെ ഭാഗമായി വിലങ്ങാട് ഡിസാസ്റ്റര് ക്ലിനിക്ക് സജ്ജമാക്കി.
പുതുപ്പാടി, വാണിമേല് പഞ്ചായത്തുകളിലാണ് സിഒഡി ഡിസാസ്റ്റര് ക്ലിനിക്ക് പദ്ധതി നടപ്പിലാക്കുന്നത്. മാനസിക-സാമൂഹിക പിന്തുണ, ദുരന്തപ്രതികരണ പരിശീലനങ്ങള്, ഡിസാസ്റ്റര് ക്ലിനിക്കുകളുടെ സജ്ജീകരണം, ഉപജീവനമാര്ഗ പുനസ്ഥാപന പ്രവര്ത്തനങ്ങള് എന്നിവയാണ് പദ്ധതിയുടെ പ്രധാന ഘടകങ്ങള്. കഴിഞ്ഞ ദുരന്തസമയങ്ങളില് രക്ഷാപ്രവര്ത്തനങ്ങളില് പങ്കെടുത്ത പ്രാദേശിക സന്നദ്ധപ്രവര്ത്തകരെയാണ് വിലങ്ങാട് ടാസ്ക് ഫോഴ്സായി ശക്തിപ്പെടുത്തുന്നത്. ഡിസാസ്റ്റര് ക്ലിനിക്ക് സജ്ജീകരണത്തിന്റെ ഭാഗമായി ടാസ്ക് ഫോഴ്സ് അംഗങ്ങള്ക്കായി ദുരന്തപ്രതിരോധ ഉപകരണങ്ങള് വിതരണം ചെയ്തു.
സിഒഡി ഡയറക്ടര് ഫാ. സായി പാറന്കുളങ്ങര, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂവത്തിങ്കല് എന്നിവര് ചേര്ന്ന് ടാസ്ക് ഫോഴ്സിന് ഉപകരണങ്ങള് കൈമാറി. ഡിസാസ്റ്റര് ക്ലിനിക്കിന്റെ കസ്റ്റോഡിയന്മാരായി അഭിലാഷ് കുടിപ്പാറ, ജോബി ആശാരിയാട്ട് എന്നിവരെ നിയോഗിച്ചു.
സിഒഡി ഡയറക്ടറുടെ നേതൃത്വത്തില് പ്രോജക്ട് ടീം വിലങ്ങാട് ദുരിതാശ്വാസ ക്യാന്പ് സന്ദര്ശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രദീപ്, പഞ്ചായത്ത് അംഗം ഷെബി സെബാസ്റ്റ്യന് എന്നിവരുമായി ആശയവിനിമയം നടത്തി. പ്രോജക്ട് കോ ഓര്ഡിനേറ്റര് ക്രിസ്റ്റീന, കമ്മ്യൂണിറ്റി മൊബിലൈസര് ഷാനി, ആല്ബിന് സക്കറിയാസ് എന്നിവരും പരിപാടിയില് പങ്കെടുത്തു.
District News
പത്തനംതിട്ട: മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്ത്തനങ്ങളില് ഇടപെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള് സന്ദര്ശിച്ച് മഴക്കെടുതി അനുഭവിച്ചവരുടെ വിഷമത അദ്ദേഹം നേരിട്ടറിഞ്ഞു. ഇന്നലെ ഉച്ചയോടെ കോഴഞ്ചേരിയിൽ എത്തിയ മുഖ്യമന്ത്രി പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎൽഎമാരായ അബിൻ വർക്കി, സി.വി. ശാന്തകുമാർ എന്നിവരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ സാഹചര്യങ്ങൾ വിലയിരുത്തി. തുടർന്ന് ആറന്മുള പരമൂട്ടിൽപടിയിൽ വെള്ളത്തിൽമുങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ചു. ചിറയിറമ്പ് എംടി എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലും മുഖ്യമന്ത്രി എത്തി.
വ്യാപാരികള്ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും
റാന്നി: എംഎസ് ഹയര് സെക്കന്ഡറി സ്കൂള് ഓഡിറ്റോറിയത്തില് ദുരന്തബാധിതരുടെ പ്രശ്നങ്ങള് കേട്ട് മുഖ്യമന്ത്രി പരാതി സ്വീകരിച്ചു. പരാതികള് ഓരോന്നും പ്രത്യേകമായി പരിശോധിച്ച് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന ഉറപ്പും അദ്ദേഹം നല്കി.
വ്യാപാരികൾ നൽകിയ നിവേദനമാണ് ആദ്യം സ്വീകരിച്ചത്. പരാതിക്കാരായ പലരും മുഖ്യമന്ത്രിയുടെ മുമ്പിൽ പൊട്ടിക്കരഞ്ഞു. അവരുടെ കണ്ണീരൊപ്പി സമാധാനിപ്പിച്ചാണ് അദ്ദേഹം നിവേദനം സ്വീകരിച്ചത്.
മഴക്കെടുതിയില് നഷ്ടം സംഭവിച്ച റാന്നിയിലേതുള്പ്പെടെ വ്യാപാരികളുടെ നഷ്ടം പ്രത്യേകമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി. കച്ചവടക്കാരെ സഹായിക്കാനായി വായ്പ പദ്ധതികളും മറ്റു പ്രത്യേക സഹായവും മന്ത്രിസഭ യോഗത്തില് പ്രഖ്യാപിക്കുമെന്ന് ഉറപ്പുനല്കി.
പകര്ച്ചവ്യാധി തടയാനും കൃത്യമായ നടപടി സര്ക്കാര് സ്വീകരിക്കും. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില് ക്യാമ്പുകളില് തുടര്ച്ചയായി വൈദ്യപരിശോധന നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായി ചേര്ന്ന് പ്രത്യേക മെഡിക്കല് ക്യാമ്പ് സംഘടിപ്പിക്കും.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ദുരന്തബാധിതര്ക്കൊപ്പമുണ്ടെന്ന ഉറപ്പും മുഖ്യമന്ത്രി നല്കി.
മന്ത്രി പി.സി. വിഷ്ണുനാഥ്, എംഎല്എമാരായ പഴകുളം മധു, സി.വി. ശാന്തകുമാര്, ജില്ലാ കളക്ടര് എ. നിസാമുദ്ദീന്, ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് ജനപ്രതിനിധികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.
ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങൾ ഉറപ്പാക്കും: മുഖ്യമന്ത്രി
കോഴഞ്ചേരി: പ്രളയ ബാധിതരെ സഹായിക്കുന്നതിൽ പണം ഒരു തടസമല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കോഴഞ്ചേരിയിൽ ഉദ്യോഗസ്ഥരുമായി നടന്ന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പത്തനംതിട്ട ജില്ലയില് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി ആറായിരത്തലധികം പേര് നിലവിലുണ്ട്. ക്യാമ്പുകളില് ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള് ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യമെങ്കില് ബയോ ടോയ്ലറ്റുകള് സ്ഥാപിക്കും. ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്ക് അധിക തുക വിനിയോഗിക്കാന് ജില്ലാ കളക്ടര്ക്ക് അനുമതി നല്കി.
ക്യാമ്പുകളില് പരമാവധി 150 പേരായി നിജപ്പെടുത്തി ബാക്കിയുള്ളവരെ മറ്റു ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റും. ക്യാമ്പുകളില് കഴിയുന്നവര് വീടുകളില് എത്തും മുമ്പ് കിണറുകള് ക്ലോറിനേഷന് നടത്തും. വീടുകളുടെ ശുചീകരണത്തിന് 10,000 രൂപ അനുവദിച്ചിട്ടുണ്ട്.
എന്ഡിആര്എഫ് , പോലീസ്, ഫയര്ഫോഴ്സ്, റാപ്പിഡ് റെസ്പോണ്സ് ടീമുകളെ ദുരന്തസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അടിഞ്ഞുകൂടിയിട്ടുള്ള മണ്ണും ചെളിയും നീക്കം ചെയ്ത് നദികളുടെ വ്യാപ്തി വര്ധിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി സഹകരിച്ച് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
District News
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്തിൽ മഴക്കെടുതിയിൽ ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് മണിക്കടവ് ടൗണിലെ വ്യാപാരികൾക്ക്. ടൗണിലെ ഭൂരിഭാഗം കടകളും വെള്ളത്തിനടിയിലായി. 37 ഓളം കടകളിൽ വെള്ളം കയറിയതിൽ ഒരു കോടിക്ക് മുകളിൽ നാശനഷ്ടം സംഭവിച്ചെന്ന് വ്യാപാരികൾ പറയുന്നു. കർണാടക വനമേഖലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ പ്രളയജലം ഒഴുകിയെത്തി ടൗൺ മുഴുവൻ വെള്ളത്തിൽ മുങ്ങുകയായിരുന്നു.
മലകളിൽ നിന്നുള്ള മഴവെള്ളവും നീരുറവകളിലെ വെള്ളവും വയത്തൂർ പുഴയിലേക്ക് ഒഴുകാൻ കഴിയാതെ കെട്ടിനിന്നതോടെയാണ് മണിക്കടവ് ടൗൺ വെള്ളത്തിൽ മുങ്ങിയത്. പുഴയിലെ ജലനിരപ്പ് അപകടരേഖയ്ക്ക് മുകളിൽ ഉയർന്നതാണ് നാശനഷ്ടം വ്യാപകമാകാൻ കാരണം. മുന്പും പലതവണ ടൗണിൽ വെള്ളം കയറിയിട്ടുണ്ടെങ്കിലും ഇത്തവണ നാശനഷ്ടം വ്യാപകമായിരുന്നു. 2018 ലെ പ്രളയത്തിൽ പോലും ടൗണിൽ ഇത്രയധികം നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു.
ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടത് സെന്റ് മരിയ ഹോട്ടലിനാണ്. ഹോട്ടലിലെ പാത്രങ്ങൾ ഉൾപ്പെടെ ഒഴുകിപ്പോയി. മറ്റ് ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഫർണിച്ചറുകൾ ചെളി അടിഞ്ഞുകൂടി നശിച്ചു. ടൗണിലെ പുകപരിശോധന കേന്ദ്രത്തിലെ ഉപകരണങ്ങൾ വെള്ളം കയറിയതോടെ ഉപയോഗശൂന്യമായി. റേഷൻകടയിലെ 28 ചാക്ക് അരി, മൂന്ന് ചാക്ക് ഗോതമ്പ്, ഒരുചാക്ക് ആട്ട എന്നിവ നശിച്ചു. കംപ്യൂട്ടർ സെന്റർ, മലഞ്ചരക്ക് വ്യപാര കേന്ദ്രം, പലചരക്ക് കടകൾ, സ്റ്റേഷനറി കടകൾ , ബാർബർ ഷോപ്പ്, മെക്കാനിക്കൽ ഷോപ്പ്, ചിക്കൻ സ്റ്റാൾ, ടൈലറിംഗ് ഷോപ്പ്, ബേക്കറി, പോസ്റ്റ് ഓഫീസ് ഉൾപ്പെടെ വെള്ളത്തിനടിയിലായി.
ഭീമമായ നഷ്ടം പരിഹരിക്കാൻ സർക്കാർ ഉൾപ്പെടെ ഏജൻസികളുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് വ്യാപാരികൾ പറയുന്നു. ചെറുകിട വ്യാപാരികളെയാണ് നാശനഷ്ടം കൂടുതലായി ബാധിച്ചത്. കടകളിലെ ഒരു സാധനം പോലും ഉപയോഗിക്കാൻ കഴിയാത്ത സഹചര്യമാണ്. ബാങ്ക് ലോൺ ഉൾപ്പെടെയുള്ള വലിയ ബാധ്യതകളുള്ളവരാണ് പലരും. വീണ്ടും വലിയ തുകമുടക്കി കടകൾ പുനരാരംഭിക്കാൻ പലർക്കും കഴിയാത്ത സാഹചര്യമാണ്. വ്യാപാരികളുടെ നാശനഷ്ടം കണക്കാക്കി അടിയന്തിര സഹായം എത്തിക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് പ്രദേശവാസികളുടെ ആവശ്യം. സ്ഥലം സന്ദർശിച്ച സജീവ് ജോസഫ് എംഎൽഎ അടിയന്തിര നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.
District News
പൂഞ്ഞാര്: ദുരന്തബാധിത മേഖലയുടെ പുനർനിർമാണം ഉറപ്പാക്കുമെന്ന് പൂഞ്ഞാര് തെക്കേക്കര മേഖലയില് ദുരന്ത നിവാരണ പ്രവര്ത്തനങ്ങള് ഏകോപിപ്പിച്ച എം.ജെ. സെബാസ്റ്റ്യന് എംഎല്എ പറഞ്ഞു. ദുരിത ബാധിതര്ക്ക് ആശ്വാസമെത്തിക്കാനാണ് ഇപ്പോള് ശ്രമിക്കുന്നത്. മേഖലയിലാകെ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്. ക്യാമ്പുകളിലേക്ക് മാറിയവര്ക്കും വീടുകളിലുള്ളവര്ക്കും കുടിവെള്ളവും ഭക്ഷണവും എത്തിക്കണം. രണ്ടോ മൂന്നോ മണിക്കൂര് പെയ്യുന്ന മഴകൊണ്ടൊന്നും മുന്പ് ഈരാറ്റുപേട്ടയിലോ പൂഞ്ഞാറിലോ ഇതുപോലുള്ള ദുരന്തങ്ങള് ഉണ്ടായിട്ടില്ല. മണിക്കൂറുകള് തുടര്ച്ചയായി മഴ പെയ്യുമ്പോഴാണ് ഉരുള് പൊട്ടലും മറ്റും സംഭവിച്ചിരുന്നത്.
അതുകൊണ്ടുതന്നെ മുന്നറിയിപ്പു നല്കിയാലും ആളുകള് ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ സുരക്ഷിത ഇടങ്ങളിലേക്കോ മാറാന് തയാറാകാത്ത സാഹചര്യമുണ്ട്. മലനിരകളില് സൈറണ് സ്ഥാപിക്കുന്നത് ഉള്പ്പെടെ കൂടുതല് ശക്തമായ ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള് ഏര്പ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ടെന്നും എം.ജെ. സെബാസ്റ്റ്യന് എംഎല്എ കൂട്ടിച്ചേര്ത്തു.
Kerala
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ രണ്ടാം വാർഷികദിനത്തിൽ, ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമകളുമായി ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും രാഷ്ട്രീയ, മതസാമൂഹിക നേതാക്കളും ഹൃദയഭൂമിയിൽ ഒത്തുകൂടി.
ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായവരെ അടക്കം ചെയ്ത പുത്തുമലയിലെ ഹൃദയഭൂമിയിൽ മേപ്പാടി പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും അനുസ്മരണ യോഗവും നടന്നു. മന്ത്രിമാരായ എ.പി. അനിൽകുമാർ, ടി. സിദ്ദിഖ് എന്നിവർ അനുസമരണ സന്ദേശം നൽകി.
ഉറ്റവരെ നഷ്ടമായ നിരവധിപ്പേരാണ് ഇന്നലെ രാവിലെ മുതൽ പുത്തുമലയില ഓർമകൾ ഉറങ്ങുന്ന മണ്ണിലേക്ക് എത്തിയത്. വിടപറഞ്ഞവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും മുതൽ പ്രിയപ്പെട്ട കൂട്ടുകാരുടെ ഓർമകളുമായി ജീവിക്കുന്ന സ്കൂൾ വിദ്യാർഥികൾ വരെ പൂക്കളും പ്രാർഥനയുമായി ഹൃദയഭൂമിയിൽ ഒത്തുകൂടിയിരുന്നു.
ഒരു നാട്ടിൽ ഒരുമിച്ചു ജീവിച്ച് ഒരേ മണ്ണിൽ അന്തിയുറങ്ങുന്നവർക്കു മന്ത്രിമാരും പ്രിയപ്പെട്ടവരും പുഷ്പാർച്ചന നടത്തി. സർവമത പ്രാർഥനയോടെയായിരുന്നു അനുസ്മരണ പരിപാടികളുടെ തുടക്കം. ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജിജോ, മേപ്പാടി, മാരിയമ്മൻ ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർപേഴ്സണ് ബബിത, ഡോ. യൂസഫ് നദ്വി എന്നിവർ പ്രാർഥനകൾക്കു നേതൃത്വം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് റംല ഹംസ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.ജെ. ഐസക്, കെ. റഫീഖ്, ടി. മുഹമ്മദ്, പി.കെ. അനിൽകുമാർ, സി.കെ. ശശീന്ദ്രൻ, ജയിംസ്, ത്രിതല പഞ്ചായത്ത് ഭാരവാഹികൾ, മേപ്പാടി പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു.
ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ ചാലിയാറിൽനിന്ന് വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മലപ്പുറം നിലന്പൂർ പോത്തുകൽ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ഷറഫുന്നിസയും അനുസ്മരണ യോഗത്തിൽ പങ്കെടുത്തു.
District News
പെരുവന്താനം: സെന്റ് ആന്റണീസ് കോളജിൽ ദേശീയ ദുരന്തനിവാരണ അഥോറിറ്റിയും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് തുടക്കമായി. ഇടുക്കി ഡിഇഒ ആൻസൻ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു.
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഇടുക്കി ജില്ലാ കമ്മീഷണർ ഡേവിഡ് ജോസഫ്, സെക്രട്ടറി പി.കെ. റീനാമോൾ, ദേശീയ ദുരന്തനിവാരണ അഥോറിറ്റി ട്രെയ്നർ സിറിൾ ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നാൻസി ഡിക്രൂസ്, ഐക്യുഎസി കോ-ഓർഡിനേറ്റർ നൈസ് ജോസ്, കോളജ് അസിസ്റ്റന്റ് സെക്രട്ടറി ജോസ് ആന്റണി എന്നിവർ പ്രസംഗിച്ചു.
പരിശീലനത്തിന്റെ ഭാഗമായി റിവർ ക്രോസിംഗ്, ഫയർ വാക്ക്, ട്രീ ക്ലൈമ്പിംഗ്, റാപ്പലിംഗ്, സാഹസിക യാത്ര, അടിയന്തര സാഹചര്യങ്ങളിൽ ഇടപെടലുകൾ, സുരക്ഷാമാർഗങ്ങൾ എന്നിവയിലും പരിശീലനം ഉണ്ടായിരിക്കും. പരിശീലനത്തിന് ആവശ്യമായ കിറ്റും വിതരണം ചെയ്തു.
Kerala
കോഴിക്കോട്: 11 ജില്ലകളിലെ ഉരുള്ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില് ഭൂവിനിയോഗ നിയന്ത്രണങ്ങള് അടക്കം 22 പുതിയ പദ്ധതികള് നടപ്പാക്കാന് മണ്ണ് സംരക്ഷണ വകുപ്പ്. ഉരുള്പൊട്ടല് സാധ്യതയുള്ള പ്രദേശങ്ങളിലെ ഭൂവിനിയോഗത്തിനു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുമായി കൂടിയാലോചിച്ച് നിയന്ത്രണങ്ങള് ഏര്പ്പെടുത്താനാണു നീക്കം.
ഉരുള്പൊട്ടല് സാധ്യതയുള്ള പ്രദേശങ്ങളുടെയും ഉരുള്ബാധിത മേഖലകളുടെയും സംരക്ഷണത്തിനും പുനരധിവാസത്തിനുമായി തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്ഗോഡ് എന്നീ ജില്ലകളിലാണ് പുതിയ പദ്ധതികള് നടപ്പിലാക്കുന്നത്.
2024 ജൂലൈ 30ന് വയനാട് മേപ്പാടി, കോഴിക്കോട് വാണിമേല് എന്നീ മേഖലകളില് ഉരുള്പൊട്ടലുണ്ടായ സ്ഥലങ്ങളും മണ്ണ് സംരക്ഷണ വകുപ്പിന്റെ പദ്ധതികളില് ഉള്പ്പെട്ടിട്ടുണ്ട്. 22 പദ്ധതികള്ക്കായി 3.50 കോടിയുടെ ഭരണാനുമതി സര്ക്കാര് നല്കി.
ഉരുള്പൊട്ടല് ഭീഷണി നേരിടുന്ന കൃഷിഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാന് പ്രാദേശികമായി അനുയോജ്യമായ സസ്യങ്ങള് നട്ടുപിടിപ്പിക്കുന്നത് പദ്ധതിയുടെ ഭാഗമാണ്. ദുരന്തനിവാരണം, മണ്ണ്-ജല സംരക്ഷണം, ഉരുള്പൊട്ടല് പ്രതിരോധം തുടങ്ങിയവയ്ക്കായി കല്ല്, കോണ്ക്രീറ്റ്, കമ്പിവല, പാര്ശ്വഭിത്തികള്, തടയണകള് തുടങ്ങിയ നിര്മാണങ്ങളും നടപ്പാക്കും.
ഇതോടൊപ്പം ഉരുള്സാധ്യതാ പ്രദേശങ്ങളില് അതാത് പ്രദേശത്തിന് അനുയോജ്യമായ ഭൂവിനിയോഗ നിയന്ത്രണങ്ങള് നടപ്പാക്കാനാണു നിര്ദേശമെന്നു മണ്ണ് സംരക്ഷണ വകുപ്പ് അധികൃതര് സൂചിപ്പിച്ചു. തീവ്രമഴ ലഭിക്കുന്ന, ഉരുള്ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളില് വന്കിട നിര്മാണങ്ങള്ക്കും മറ്റുമായി കുന്നിടിക്കുന്നതിനും മണ്ണിളക്കുന്നതിനും നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയേക്കും. പദ്ധതികള് 2027 മാര്ച്ച് 31നകം പൂര്ത്തിയാക്കാനാണു നിര്ദേശം.
Kerala
കൊച്ചി: തൃശൂര് മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തില് നഷ്ടപരിഹാരം നല്കിയതിന്റെ വിശദാംശങ്ങള് സംസ്ഥാനസര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്ക്കും നല്കിയ തുകയുടെ കണക്കുകളാണ് അറിയിച്ചത്.
അതേസമയം കേന്ദ്രസര്ക്കാര് തലത്തില് നഷ്ടപരിഹാരം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിച്ച് എതിര് സത്യവാങ്മൂലം സമര്പ്പിക്കാന് അഡീഷണല് സോളിസിറ്റര് ജനറല് സമയം തേടിയതിനെത്തുടര്ന്ന് രണ്ടാഴ്ച സമയം അനുവദിച്ചു.
അപകടത്തിന്റെ പശ്ചാത്തലത്തില് സ്വമേധയാ എടുത്ത പൊതുതാത്പര്യ ഹര്ജിയാണു ചീഫ് ജസ്റ്റീസ് സൗമെന് സെന്, ജസ്റ്റീസ് വി.എം.ശ്യാംകുമാര് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്.
ഏപ്രില് 21ലെ വെടിക്കെട്ടുപുര ദുരന്തത്തില് 16 പേരാണു മരിച്ചത്. ഒട്ടേറെ പേര്ക്കു പരിക്കേറ്റിരുന്നു. തൃശൂര് പൂരത്തിനു മുന്നോടിയായി തിരുവമ്പാടി ദേശത്തിനുവേണ്ടി ഒരുക്കിയ കരിമരുന്നുശേഖരമാണ് പൊട്ടിത്തെറിച്ചത്.ഹര്ജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.
Kerala
കല്പ്പറ്റ: വയനാട് തുരങ്കപാത ഫേസ് മൂന്നിലെ കള്ളാടിയില് കഴിഞ്ഞ ഏഴിനുണ്ടായ മണ്ണിടിച്ചിലില് മരിച്ചവരുടെ ആശ്രിതര്ക്കും പരിക്കേറ്റര്ക്കും പ്രഖ്യാപിച്ച സഹായധനം നല്കുന്നതിന് ജില്ലാ കളക്ടര്ക്ക് തുക അനുവദിച്ച് സര്ക്കാര് ഉത്തരവായി.
മരിച്ച എട്ടുപേരുടെ ആശ്രിതര്ക്ക് അഞ്ചു ലക്ഷം രൂപ വീതവും പരിക്കേറ്റ ഒമ്പത് പേര്ക്ക് രണ്ടു ലക്ഷം രൂപ വീതവും നല്കുന്നതിന് 58 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്നിന്ന് അനുവദിച്ചത്.
സഹായധനം ബന്ധപ്പെട്ട ഗുണഭോക്താക്കള്ക്കായി കൊങ്കണ് റെയില്വേ കോര്പറേഷന് ലഭ്യമാക്കിയ ബാങ്ക് അക്കൗണ്ടുകളില് നിക്ഷേപിക്കുന്നതിന് കളക്ടര്ക്ക് സര്ക്കാര് അനുമതി നല്കി.
Kerala
വയനാട്: കള്ളാടിയിൽ അപകടാവസ്ഥ ഇല്ലെന്ന് വിദഗ്ധ സംഘം. ദുരന്ത സ്ഥലം സന്ദർശിച്ച ശേഷമാണ് പ്രതികരണം. ഒരാഴ്ചയ്ക്കുള്ളിൽ സംഘം റിപ്പോർട്ട് സമർപ്പിക്കും.
മണ്ണിടിച്ചിൽ ദുരന്തത്തിന് പിന്നാലെ കൂട്ടിയിട്ട മണ്ണ് മാറ്റുന്നത് പഠിക്കാനാണ് വിദഗ്ധ സംഘം കള്ളാടിയിലെത്തിയത്. മൂന്നംഗ സമിതിയിലുള്ള കോഴിക്കോട് എൻഐടി പ്രഫ. ഡോ. സന്തോഷ് ജി. തമ്പിയും സിഇഎസ്എസ് പ്രതിനിധിയുമാണ് ദുരന്ത സ്ഥലം സന്ദർശിച്ചത്.
സന്തോഷ് തമ്പി നേതൃത്വം നൽകുന്ന സമിതിയിൽ ഡോ. ജൂഡ് ഇമ്മാനുവലും ഭാഗമാണ്. പ്രത്യക്ഷത്തിൽ അപകടാവസ്ഥയിലെന്നും ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്നും സംഘം പറഞ്ഞു.
International
ഹനോയ്: വിയറ്റ്നാമിൽ സ്പീഡ് ബോട്ട് അപകടത്തിൽ മരിച്ച 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഹോ ചിമിൻ സിറ്റിയിലെത്തിച്ചു. ഇവിടെനിന്ന് ഇന്ന് ഇന്ത്യയിലെത്തിക്കും.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, മൃതദേഹങ്ങൾ എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുമെന്ന് വിയറ്റ്നാമിലെ ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽ രക്ഷപ്പെട്ട 17ൽ 16 ഇന്ത്യക്കാരും നാട്ടിലേക്കു മടങ്ങിയതായും എംബസി എക്സിൽ പറഞ്ഞു. ഫു ക്വോകിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നയാളുടെ നില ഗുരുതരമാണ്.
വിനോദസഞ്ചാര കേന്ദ്രമായ ഫു ക്വോക് ദ്വീപിലെ ഹോൺ മെയ് റുട്ട് എൻഗോയ്ക്ക് സമീപം ശനിയാഴ്ചയായിരുന്നു അപകടം. ഇന്ത്യയിൽനിന്നുള്ള 32 വിനോദസഞ്ചാരികളും നാല് പ്രാദേശിക ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. 15 പേർ മരിച്ചു. മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്തി.
മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്. വിക്ടറി ബിസിനസ് ഗ്രൂപ്പ് ഉടമ കൊട്ടാരക്കര സ്വദേശി എ.സി. തോമസും ഭാര്യ ലവ്നി തോമസും.
വിയറ്റ്നാം അധികൃതരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും, മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് എത്രയും വേഗം എത്തിക്കുന്നതിന് എല്ലാ സഹായവും അവർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.
മരിച്ചവരിൽ 10 പേർ തമിഴ്നാട്ടിൽനിന്നുള്ളവരും മൂന്നു പേർ ആന്ധ്രയിൽനിന്നുള്ളവരുമാണ്. രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു.
വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫു ക്വോക്, വെള്ളമണൽ കടൽത്തീരങ്ങൾ, പവിഴപ്പുറ്റുകൾ, ദ്വീപ് ഹോപ്പിംഗ് ഉല്ലാസയാത്രകൾ എന്നിവയ്ക്കു പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമാണ്.
District News
മറയൂർ: മൂന്നാർ മേഖലയിലേക്കുള്ള പ്രധാന സംസ്ഥാന പാതയായ മറയൂർ - മൂന്നാർ റോഡ് ദുരന്തത്തിന്റെ നിഴലിലാണ്. 40 കിലോമീറ്റർ നീളമുള്ള പാതയുടെ പല ഭാഗങ്ങളിലും സംരക്ഷണഭിത്തികൾ തകർന്ന നിലയിലാണ്. പ്രത്യേകിച്ച് ആഴമേറിയ കൊക്കകളുള്ള പ്രദേശങ്ങളിലാണ് ഭിത്തികൾ തകർന്നിരിക്കുന്നത്.
പത്തടി വീതി പോലും ഇല്ലാത്ത ഈ റോഡിലൂടെ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിന് വിനോദസഞ്ചാരികളുടെ വാഹനങ്ങൾ നിരന്തരം വന്നുപോകുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ചയുള്ള മേഖലയിൽ പകൽസമയത്തുപോലും ദൂരക്കാഴ്ച ലഭിക്കാറില്ല.
നിലവിൽ അഞ്ചിലധികം സ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ പൂർണമായി തകർന്ന നിലയിലാണ്. പ്രദേശവാസികളും സഞ്ചാരികളും ഭയത്തോടെയാണ് റോഡിലൂടെ സഞ്ചരി ക്കുന്നത്.
Kerala
കല്പ്പറ്റ: കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്തെ മണ്ണിടിച്ചിലിനെത്തുടര്ന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
സമീപപ്രദേശങ്ങളിലെ 33 കുടുംബങ്ങളിൽ നിന്നായി 93 പേരെ മേപ്പാടി പോളിടെക്നിക് കോളജിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 27 പുരുഷന്മാരും 32 സ്ത്രീകളും 34 കുട്ടികളും ക്യാമ്പിലുണ്ട്.
NRI
കുവൈറ്റ് സിറ്റി: വയനാട് മേപ്പാടി - കള്ളാടി മേഖലയിലുണ്ടായണ്ടായ മണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായവർക്ക് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ - കല കുവൈറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി കല കുവൈറ്റ് പ്രസ്താവനയിൽ പറഞ്ഞു.
മരണമടഞ്ഞവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും പരിക്കു പറ്റിയവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കി അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിനും അടിയന്തരമായി സർക്കാർ സംവിധാനങ്ങൾ ഇടപെടണമെന്നും കല കുവൈറ്റ് ആവശ്യപെട്ടു.
ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രതയുണ്ടാവണമെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ദുരിതബാധിതർക്കൊപ്പം സമൂഹം ഒന്നായി നിൽക്കണമെന്നും പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Kerala
കോഴിക്കോട്: മേപ്പാടി - കള്ളാടി - ആനക്കാംപൊയില് തുരങ്കപാത നിര്മാണ സ്ഥലത്തുണ്ടായ ദുരന്തത്തിനുകാരണം വയനാട്ടിലെ കനത്ത മഴയാണെന്ന് തുരങ്കപാത പദ്ധതിയുടെ നിര്മാണച്ചുമതലയുള്ള ദിലീപ് ബില്ഡ്കോണ് ലിമിറ്റഡ്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനും നാഷണല് സ്റ്റോക്ക് എക്സ്ചേഞ്ചിനും നല്കിയ ഔദ്യോഗിക വിശദീകരണത്തിലാണു കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില് അതിശക്തമായ മഴ പെയ്യാന് സാധ്യതയുണ്ടെന്ന് ഇന്ത്യന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്കിയിരുന്നു.
സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രാഥമിക വിവരങ്ങള് പ്രകാരം അപകടത്തിനു മുന്നോടിയായുള്ള 24 മണിക്കൂറിനുള്ളില് വയനാട്ടില് ഏകദേശം 265 മില്ലിമീറ്റര് മഴയാണ് രേഖപ്പെടുത്തിയത്. ഭൂമിശാസ്ത്രപരമായി വയനാട് ഉള്പ്പെടെയുള്ള കേരളത്തിലെ മലയോര മേഖലകള് കാലവര്ഷക്കെടുതികള്ക്കും ഉരുള്പൊട്ടലുകള്ക്കും ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണെന്നും കമ്പനി ചൂണ്ടിക്കാട്ടി.
എല്ലാവിധ എന്ജിനിയറിംഗ്, സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്ശനമായി പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായതിനാല് സുപ്രീംകോടതി നിയോഗിച്ച സെന്ട്രല് എംപവേര്ഡ് കമ്മിറ്റി ഉള്പ്പെടെയുള്ള ഒന്നിലധികം നിയന്ത്രണ-മേല്നോട്ട സംവിധാനങ്ങളുടെ കടുത്ത നിരീക്ഷണത്തിലാണ് പദ്ധതി മുന്നോട്ടുപോകുന്നത്. തുരങ്കം തുരക്കുമ്പോള് പുറന്തള്ളുന്ന മണ്ണും പാറയും ഉള്പ്പെടെയുള്ള അവശിഷ്ടങ്ങള് അംഗീകൃത മാനദണ്ഡങ്ങള് പ്രകാരം മാത്രമാണ് കൈകാര്യം ചെയ്യുന്നത്.
കര്ശനമായ സുരക്ഷാ-നിയമ മാനദണ്ഡങ്ങള് പാലിക്കുന്നതിനാല് നിര്മാണത്തില് സാങ്കേതികപരമായ പിഴവുകള് ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. അപകടത്തെക്കുറിച്ച് നടക്കുന്ന അന്വേഷണങ്ങളോടു കമ്പനി പൂര്ണമായി സഹകരിക്കുമെന്നും കമ്പനി പ്രതിനിധി അഭിഷേക് ശ്രീവാസ്തവ അറിയിച്ചു.
NRI
ബെർലിൻ: ഫുട്ബോൾ ലോകകപ്പ് പ്രീ-ക്വാർട്ടർ പോരാട്ടത്തിൽ നാല് വട്ടം ലോക ചാമ്പ്യൻമാരായ ജർമനിയെ ഷൂട്ട്ഔട്ടിൽ വീഴ്ത്തി പാരഗ്വായ് വിസ്മയ വിജയം സ്വന്തമാക്കിയതോടെ ഫുട്ബോൾ ലോകം ഒന്നടങ്കം ഞെട്ടലിലാണ്.
ജർമൻ മാധ്യമങ്ങൾ ഈ തോൽവിയെ ലോകകപ്പ് ദുരന്തം എന്നാണ് വിശേഷിപ്പിച്ചത്.
നിശ്ചിത സമയത്തെ ആവേശം, വിവാദമായ വാർ തീരുമാനം
കളിയുടെ 42-ാം മിനിറ്റിൽ ഹൂലിയോ എൻസീസോയിലൂടെ പാരഗ്വായാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയുടെ ഒൻപതാം മിനിറ്റിൽ ആഴ്സണൽ താരം കൈ ഹാവെർട്സ് ജർമനിക്കായി സമനില ഗോൾ നേടി.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് കളി നീണ്ടത്.
അധികസമയത്ത് ജർമനിയുടെ ജോനാഥൻ ടാ നേടിയ മനോഹരമായ ഒരു ഹെഡർ ഗോൾ റഫറി വാർ പരിശോധനയിലൂടെ വിവാദപരമായി റദ്ദാക്കിയത് ജർമൻ ക്യാമ്പിൽ വലിയ പ്രതിഷേധത്തിന് കാരണമായി.
ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ ജർമനിക്ക് മത്സരം ഷൂട്ട്ഔട്ടിലേക്ക് നീളാതെ തന്നെ ജയിക്കാമായിരുന്നു.
ജർമനിയുടെ നെഞ്ച് തകർത്ത ഷൂട്ട്ഔട്ട് നാടകീയത
1982-ലെ സ്പെയിൻ ലോകകപ്പിന് ശേഷം പങ്കെടുത്ത നാല് ഷൂട്ട്ഔട്ടുകളിലും വിജയിച്ച ചരിത്രമുള്ള ജർമനിക്കും ഇത്തവണ പിഴച്ചു. പാരഗ്വായ് ഗോൾകീപ്പർ ഒർലാൻഡോ ഗിൽ മത്സരത്തിലെ ഹീറോയായി മാറി.
ജർമനിയുടെ സൂപ്പർ താരങ്ങളായ കൈ ഹാവെർട്സ്, നിക്ക് വോൾട്ടെമാഡെ എന്നിവരുടെ കിക്കുകൾ ഗിൽ തടുത്തിട്ടു. തുടർന്ന് സമ്മർദ്ദത്തിലായ ജർമൻ ഡിഫെൻഡർ ജോനാഥൻ ടായുടെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഒടുവിൽ പാരഗ്വായുടെ ജോസെ കനാലെ നിർണായക കിക്ക് വലയിലെത്തിച്ചതോടെ ജർമനിയുടെ ലോകകപ്പ് സ്വപ്നങ്ങൾ അസ്തമിച്ചു.
നാഗെൽസ്മാൻ രാജിവയ്ക്കുമോ? കോച്ചാകാൻ ക്ലോപ്പ് വരുമോ?
തോൽവിക്ക് ശേഷം ഡഗ്ഔട്ടിൽ തരിച്ചിരുന്ന ജർമ്മൻ കോച്ച് യുലിയൻ നാഗെൽസ്മാൻ കടുത്ത സമ്മർദ്ദത്തിലാണ്. "ഇന്ന് ഞങ്ങൾ ചെയ്യേണ്ടത് ചെയ്തില്ല' എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്.
2028 വരെ കരാറുണ്ടെങ്കിലും ഈ നാണംകെട്ട പുറത്താകൽ 38-വയസുകാരനായ കോച്ചിന്റെ കസേര തെറിപ്പിച്ചേക്കും. താൻ ഒളിച്ചോടുന്നവനല്ലെന്നും ഡിഎഫ്ബി ആവശ്യപ്പെട്ടാൽ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്ത മുൻ ലിവർപൂൾ മാനേജർ യർഗൻ ക്ലോപ്പ് ജർമ്മനിയുടെ അടുത്ത കോച്ചാകുമെന്ന അഭ്യൂഹങ്ങൾ ശക്തമായിട്ടുണ്ട്. മത്സരത്തിൽ കമന്റേറ്ററായി എത്തിയ ക്ലോപ്പിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, "ഇത് അതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമല്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
രാജ്യം കൂടെയുണ്ട്: ചാൻസലർ ഫ്രെഡറിക് മെർസ്
കനത്ത തോൽവിക്കിടയിലും ടീമിന് ആത്മവിശ്വാസം നൽകിക്കൊണ്ട് ജർമൻ ചാൻസലർ ഫ്രെഡറിക് മെർസ് രംഗത്തെത്തി.
"പുറത്താകൽ കടുത്ത വേദന നൽകുന്നതാണെങ്കിലും ഇതൊരു മികച്ച മത്സരമായിരുന്നു. നിങ്ങളുടെ പോരാട്ടവീര്യവും ടീം സ്പിരിറ്റും രാജ്യത്തിന് പ്രചോദനമാണ്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു' ഫ്രെഡറിക് മെർസ് പറഞ്ഞു.
മുതിർന്ന പല താരങ്ങളുടെയും അവസാന ലോകകപ്പായിരിക്കുമിതെങ്കിലും ജമാൽ മുസിയാല, ഫ്ലോറിയൻ വിർട്സ് തുടങ്ങിയ യുവനിരയിലൂടെ ജർമൻ ഫുട്ബോൾ ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
International
കാരക്കസ്: ഇരട്ട ഭൂകമ്പം തകർത്തെറിഞ്ഞ വെനസ്വേലയിൽനിന്ന് പ്രത്യാശയുടെ പ്രകാശകിരണമായി അതിശയകരമായ ഒരു അതിജീവനവാർത്തയും. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന നവജാതശിശുവിനെയും അമ്മയെയും രക്ഷാപ്രവർത്തകർ അത്ഭുതകരമായി ജീവനോടെ പുറത്തെടുത്തു.
ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ വടക്കൻ ലാ ഗ്വൈറ പ്രവിശ്യയിലാണ് ദുരന്തത്തിന്റെ കറുത്ത ദിനങ്ങൾക്കിടയിലും ജനങ്ങൾക്ക് ആശ്വാസമേകുന്ന ഈ സംഭവം. തകർന്നുവീണ വൻ കോൺക്രീറ്റ് തൂണുകൾക്കും മൺകൂനകൾക്കും അടിയിൽനിന്നാണു രക്ഷാപ്രവർത്തകരും തദ്ദേശവാസികളും ചേർന്ന് 18 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പരിക്കുകളൊന്നുമില്ലാതെ കണ്ടെത്തിയത്.
കോൺക്രീറ്റ് പാളികൾക്കിടയിലൂടെ കുഞ്ഞിന്റെ നേർത്ത കരച്ചിൽ കേട്ടതാണ് രക്ഷാപ്രവർത്തനത്തിൽ നിർണായകമായത്. തുടർന്ന് അത്യാധുനിക ഉപകരണങ്ങളും നാട്ടുകാരുടെ കൂട്ടായ ശ്രമവും ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ അവശിഷ്ടങ്ങൾ മാറ്റുകയായിരുന്നു. കുഞ്ഞിനെ ഉടൻതന്നെ സമീപത്തെ താത്കാലിക മെഡിക്കൽ ക്യാമ്പിലേക്കു മാറ്റുകയും വിദഗ്ധ പരിശോധനയ്ക്കുശേഷം ആരോഗ്യാവസ്ഥ തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിക്കുകയും ചെയ്തു.
പൊടിപടലങ്ങളിൽ മൂടിയ കുഞ്ഞിനെ കാത്തുനിന്ന പിതാവിന്റെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ കണ്ടുനിന്നവർ കൈയടികളോടെയും ആനന്ദക്കണ്ണീരോടെയുമാണ് ആ നിമിഷത്തെ വരവേറ്റത്. ഈ വൈകാരിക നിമിഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ലോകമെമ്പാടുമുള്ള നെറ്റിസൺസ് ഇതിനെ ഒരു ‘ദൈവിക അത്ഭുതം’എന്നാണു വിശേഷിപ്പിച്ചത്.
കുഞ്ഞിനെ രക്ഷപ്പെടുത്തിയതിനു പിന്നാലെ തുടർന്ന വ്യാപക തെരച്ചിലിൽ ഏകദേശം ഒന്നര മണിക്കൂറിനുശേഷം കുഞ്ഞിന്റെ അമ്മയെയും അവശിഷ്ടങ്ങൾക്കിടയിൽനിന്നു ജീവനോടെ കണ്ടെത്തി.
ദുരന്ത ചരിത്രത്തിൽത്തന്നെ ഇത്രയും ദിവസങ്ങൾക്കുശേഷം ഒരു നവജാതശിശു അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ജീവനോടെ രക്ഷപ്പെടുന്നത് തികച്ചും അപൂർവമായ സംഭവമാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.
ആയിരക്കണക്കിന് ആളുകളെ കാണാതാകുകയും മരണസംഖ്യ ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ വെനസ്വേലൻ ജനതയ്ക്ക് വലിയൊരു പ്രത്യാശയായി മാറിയിരിക്കുകയാണ് ഈ നവജാതശിശുവിന്റെയും അമ്മയുടെയും തിരിച്ചുവരവ്. നിലവിൽ പ്രദേശത്ത് അന്താരാഷ്ട്ര സംഘങ്ങളുടെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
മരിച്ചവരിൽ 40ലധികം വിദേശികളും
വെനസ്വേലയിലുണ്ടായ ഇരട്ട ഭൂകന്പത്തിൽ മരിച്ചവരിൽ വിദേശികളുടെ എണ്ണം 40 ആയി. മരിച്ച വിദേശികളിൽ ഏറ്റവും കൂടുതൽ പേർ പോർച്ചുഗലിൽനിന്നുള്ളവരാണ്-28 പേർ.
ചൈന-ഏഴ്, സ്പെയിൻ അഞ്ച്, ബ്രസീൽ-രണ്ട്, ഇറ്റലി-ഒന്ന് എന്നിങ്ങനെയാണ് മരിച്ച മറ്റു വിദേശികളുടെ കണക്ക്. അഞ്ചു പൗരന്മാർ മരിച്ചതിനു പിന്നാലെ 119 പൗരന്മാരെ കാണാതാകുകയും ചെയ്തതായി സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബാരെസിനെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങൾ അറിയിച്ചു.
National
കോൽക്കത്ത: കോൽക്കത്തയിലെ തരാതലയിൽ നിർമാണത്തിലിരുന്ന വെയർഹൗസ് തകർന്നുവീണുണ്ടായ അപകടത്തിൽ മരണം 15 ആയി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി സൈന്യമടക്കമുള്ള രക്ഷാപ്രവർത്തകർ പുറത്തെടുക്കുകയും, ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടു പേർ മരണത്തിനു കീഴടങ്ങുകയും ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്. ബുധനാഴ്ചയുണ്ടായ ദുരന്തത്തിനു ശേഷം മൂന്നാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കണ്ടെടുത്ത മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബിഹാർ സ്വദേശിയായ മന്നു കുമാറെന്ന യുവാവിനെ ബുധനാഴ്ച രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെയോടെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. ഇതേ അപകടത്തിൽ മന്നുവിന്റെ സഹോദരൻ ഘി കുമാറും മരണപ്പെട്ടിരുന്നു. ഇവരുടെ പിതാവ് ഉൾപ്പെടെ 18 പേർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്യുന്നതു വരെ സൈന്യവും എൻഡിആർഎഫും രക്ഷാപ്രവർത്തനം തുടരുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പറഞ്ഞു. സംഭവത്തിൽ ഇതുവരെ ആറു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
District News
മുട്ടം: തൊടുപുഴ - പുളിയന്മല സംസ്ഥാന പാതയില് പെരുമറ്റം കനാല് ഭാഗം മുതല് മുട്ടം കോടതിക്കവല വരെയുള്ള മേഖലയില് വാഹനാപകടങ്ങള് പതിവാകുന്നു. ജല് ജീവന് മിഷന് പദ്ധതിക്കുവേണ്ടി റോഡ് കുത്തിപ്പൊളിച്ചതിനെത്തുടര്ന്നുള്ള ഗര്ത്തങ്ങളില് അകപ്പെട്ടാണ് ഇരുചക്ര വാഹങ്ങള് ഉള്പ്പെടെ അപകടങ്ങളില്പ്പെടുന്നത്.
കഴിഞ്ഞ ദിവസം രാവിലെ തൊടുപുഴയില്നിന്ന് മുട്ടത്തിന് ഇരുചക്ര വാഹനത്തില് എത്തിയ മുട്ടം ഇടപ്പള്ളി സ്വദേശി ബിനു എംവിഐപി ഓഫീസിന് സമീപത്തുള്ള റോഡിലെ കുഴിയില് വീണ് അപകടത്തില്പ്പെട്ടിരുന്നു. പിന്നിലൂടെ എത്തിയ കെഎസ്ആര്ടിസി ബസിന് കടന്നുപോകാന് റോഡിന്റെ വശത്തേക്ക് വാഹനം ഒതുക്കിയപ്പോള് നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിൽ വീഴുകയായിരുന്നു. ഈ സമയം അതുവഴിയെത്തിയ കുടയത്തൂര് സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ബിനുവിനെ റോഡില്നിന്ന് ഉയര്ത്തിയത്.
ഏതാനും ദിവസം മുമ്പ് കോടതിയിലേക്കുവന്ന യുവാക്കള് സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും പ്രദേശത്ത് അപകടത്തില്പ്പെട്ടിരുന്നു. ഇവര്ക്കും സാരമായ തോതില് പരിക്കേറ്റു. വാഹനത്തിനും കേടുപാടു സംഭവിച്ചു. പ്രദേശത്തെ കുഴിയില് വീണ് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിലായ ശങ്കരപ്പള്ളി സ്വദേശിയുടെ നില മെച്ചപ്പെട്ടു വരുന്നതേയുള്ളു. ചികിത്സയ്ക്കായി ഇതിനോടകം തന്നെ ലക്ഷങ്ങള് ചെലവഴിച്ചു.
മീനച്ചില് താലൂക്കിലും മുട്ടം, കുടയത്തൂര്, കരിങ്കുന്നം പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കുന്നതിനായുള്ള പദ്ധതിക്കായി പൈപ്പുകള് സ്ഥാപിക്കുന്നതിനു കുത്തിപ്പൊളിച്ച റോഡ് രണ്ട് വര്ഷങ്ങള് കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തി പൂര്വസ്ഥിതിയിലാക്കാന് അധികൃതര് തയറാകാത്തതില് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.
റോഡ് കുത്തിപ്പൊളിച്ചതിനെത്തുടര്ന്ന് പദ്ധതിയുടെ തുടക്കത്തില്ത്തന്നെ ജനങ്ങളില്നിന്ന് പ്രതിഷേധം ഉയര്ന്നിരുന്നു. ഓരോ നൂറു മീറ്ററിലും കുത്തിപ്പൊളിക്കുന്ന ഭാഗം ടാറിംഗ് നടത്തി പൂര്വസ്ഥിതിയിലാക്കുമെന്നാണ് ജല് ജീവന് മിഷന് അധികൃതര് ഉറപ്പ് നല്കിയിരുന്നത്. എന്നാല് ഈ ഉറപ്പുകളെല്ലാം പാഴ് വാക്കാക്കി ജനങ്ങളെ അപകടത്തിലേക്ക് തള്ളിവിടുന്ന നിലപാടാണ് ജല് ജീവന് മിഷന് അധികൃതരില്നിന്ന് ഉണ്ടാകുന്നത്.
ഏതാനും നാളുകളായി മഴ ശക്തമായതോടെ കുത്തിപ്പൊളിച്ച റോഡിന്റെ സൈഡ് കൂടുതല് താഴ്ന്ന അവസ്ഥയിലാണ്. 2024 മാര്ച്ചോടെ പൂര്ത്തീകരിച്ച് കമ്മീഷന് ചെയ്യുമെന്നു പറഞ്ഞ കുടിവെള്ള പദ്ധതിയുടെ കാലാവധി 2028 വരെ നീട്ടിയിരിക്കുകയാണ്. പദ്ധതി പൂര്ത്തിയാകുന്നതിനനുസരിച്ചാണ് റോഡിന്റെ ടാറിംഗ് നടത്താന് തീരുമാനമെങ്കില് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വിവിധ സംഘടനകള് മുന്നറിയിപ്പ് നല്കി.
National
ന്യൂഡൽഹി: മാളവ്യ നഗറിലുള്ള തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് പോലീസ്. സിലിണ്ടർ പൊട്ടിത്തെറിച്ചതാകാം അപകട കാരണമെന്ന അഭ്യൂഹങ്ങള്ക്കിടെയാണ് പോലീസിന്റെ കണ്ടെത്തല് പുറത്തുവന്നത്.
സംഭവത്തില് ഹോട്ടല് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല് ഹോട്ടൽ നടത്തുന്നത് താൻ ആല്ലെന്നാണ് അറസ്റ്റിലായ ഉടമ ലോകേഷ് ബജാജ് പ്രതികരിച്ചത്. മറ്റൊരു വ്യക്തിയെയാണ് ഹോട്ടൽ നടത്താൻ ഏൽപ്പിച്ചതെന്നും ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഏർപ്പെട്ടിരുന്നില്ലെന്നും ഇയാള് പോലീസിന് മൊഴി നൽകി.
മറ്റൊരാളുടെ നിർദേശപ്രകാരമാണ് ഹോട്ടലിൽ രൂപമാറ്റം വരുത്തിയതെന്നാണ് ഹോട്ടൽ ഉടമ പറയുന്നത്. ഇത്തരം കാര്യങ്ങൾ ഡൽഹിയിൽ സാധാരണമാണെന്നും ഹോട്ടലുകൾ എല്ലാം അങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നാണ് അയാൾ പറഞ്ഞതെന്നും ലോകേഷ് പൊലീസിനോട് പറഞ്ഞു. ഹോട്ടലിന് ഫയർ എൻഒസി ഇല്ലെന്നും ലോകേഷ് സമ്മതിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: റൈഡ് പൊട്ടിവീണുണ്ടായ അപകടത്തെ തുടർന്ന്
വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്ക് അടച്ചു. പിന്നാലെ കേസും. പഞ്ചായത്ത് ഇവർക്ക് നൽകിയ ലൈസൻസ് റദ്ദാക്കി.
ഇനി സുരക്ഷാ പരിശോധന ഉൾപ്പടെ നടത്തിയതിനുശേഷമേ ലൈസൻസ് നൽകാവൂ എന്ന് നിർദേശവും നൽകിയിട്ടുണ്ട്. ഈ സ്ഥാപനത്തിന്റെ ഉടമ അടക്കം അഞ്ചുപേർക്കെതിരേ വെഞ്ഞാറമൂട് പോലീസ് കേസെടുത്തു. മനപൂർവമല്ലാത്ത നരഹത്യയ്ക്കെതിരേയാണ് കേസ്.
വെമ്പായത്തെ ഹാപ്പിലാൻഡ് അമ്യൂസ്മെന്റ് പാർക്കിൽ റൈഡ് പൊട്ടി വീണുണ്ടായ അപകടത്തിൽ വലിയ ദുരന്തമാണ് വ്യാഴാഴ്ച ഉണ്ടായത്. പെരുന്നാൾ അവധിയായിരുന്നതിനാൽ കുട്ടികൾ അടക്കം നൂറുകണക്കിനു പേരാണ് ഇവിടെ എത്തിയിരുന്നത്. ഇതിനിടയിലാണ് പതിനഞ്ചോളം പേർ കയറിയ റൈഡിന്റെ വെൽഡിംഗ് ഇളകി തകർന്നുവീണത്.
അപകടത്തിൽപെട്ടവരെ കൊണ്ടുപോകാനുള്ള ആംബുലൻസ് പോലും പാർക്കിൽ ഉണ്ടായിരുന്നില്ല. നാഗർകോവിൽ സ്വദേശികളായ അഞ്ചുപേർക്കാണു പരിക്കേറ്റത്. ഒരാളുടെ തലയ്ക്കാണു പരിക്കേറ്റത്. ചങ്ങലകളിൽ കസേര ഘടിപ്പിച്ച് വൃത്താകൃതിയിൽ കറങ്ങുന്ന തരത്തിലുള്ള റൈഡാണ് അപകടത്തിൽപ്പെട്ടത്.
പരുക്കേറ്റവരെ വാനിലും മറ്റുമാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആംബുലൻസ് എത്താൻ വൈകിയെന്നു പരുക്കേറ്റവരുടെ ബന്ധുക്കൾ ആരോപിച്ചു. അപകടം ഉണ്ടായി റൈഡ് തകർന്നു വീണതിനു ശേഷവും പാർക്കിന്റെ പ്രവർത്തനം നിർത്താതെ മറ്റു റൈഡുകൾ ഉൾപ്പെടെ പ്രവർത്തിപ്പിക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഇവിടെ ഒരു മരണവും നടന്നിരുന്നു. അന്ന് തന്നെ ഇവിടെ സുരക്ഷാ വീഴ്ച ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു.
പരിശോധന കർശനമാക്കണം
അതേസമയം, സംസ്ഥാനത്തെ അമ്യൂസ്മെന്റ് പാർക്കുകളിൽ പരിശോധന ശക്തമാക്കാണമെന്ന് ആവശ്യം ശക്തമാകുന്നുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അമ്യുസ്മെന്റ് പാർക്കുകൾ ഉൾപ്പടെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാനുള്ള നിർദേശം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.
സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 15-ഓളം അമ്യൂസ്മെന്റ് പാർക്കുകളാണ് ഉള്ളത്. മുൻനിര പാർക്കുകൾ സുരക്ഷാക്രമീകരണങ്ങൾക്കു ശ്രദ്ധ നൽകാറുണ്ടെങ്കിലും ചില ചെറുകിട പാർക്കുകളിൽ ഇതു പാലിക്കപ്പെടുന്നുണ്ടോയെന്ന് സംശയമുണ്ട്. ഈ വേനലവധിക്കാലത്ത് ആയിരക്കണക്കിനു പേരാണ് ഇത്തരം പാർക്കുകളിൽ എത്തിയത്. കാലപ്പഴക്കം ചെന്ന റൈഡുകളും മോട്ടോറുകളും ഉപയോഗിക്കുന്നതിനെക്കുറിച്ചു വേണ്ടത്ര പരിശോധന നടന്നിട്ടില്ല. അറ്റകുറ്റപ്പണികൾ പോലും സമയത്തിന് നടത്താറില്ല. അതാണ് അപകടത്തിലേക്കു നയിക്കുന്നത്.
റൈഡുകളുടെ ഭാഗങ്ങൾ തുരുമ്പെടുക്കുക, വെൽഡിംഗ് ഇളകുക തുടങ്ങിയവ പതിവാണ്. കൃത്യമായി പരിശോധന നടന്നെങ്കിലേ ഇതു കണ്ടെത്താനാകൂ. ഹാപ്പിലാൻഡിലും ഇതാണ് സംഭവിച്ചത്. മിക്ക പാർക്കുകളിലും അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഇല്ല. അന്താരാഷ്ട്ര ചട്ടപ്രകാരമുളള സുരക്ഷയാണ് പാർക്കുകളിൽ ഒരുക്കേണ്ടതാണ്. അതിനാണ് കനത്ത ഫീസ് സന്ദർശകരിൽനിന്നു ഈടാക്കുന്നതും.
എന്നാൽ, അതു നടപ്പിലാക്കാറില്ല. മിക്ക പാർക്കുകളിലും ആംബുലൻസ് പോലുമില്ല. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ കടുത്ത നിസംഗത കാട്ടുന്നുവെന്നു പരാതിയുണ്ട്. ടൂറിസം വകുപ്പ് പാർക്കുകളുടെ അവസ്ഥയെകുറിച്ചു പഠിക്കണമെന്നും നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും നിർദേശം ഉയർന്നിട്ടുണ്ട്.
അഗ്നിരക്ഷാ സേന, പോലീസ് മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവിടങ്ങളിലെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണമെന്നതാണ് ചട്ടം. ഇതിൽതന്നെ ക്രമക്കേട് കാട്ടുന്നതായും ആക്ഷേപമുണ്ട്.
ഉത്സവപ്പറമ്പുകളിലെ താത്കാലിക പാർക്കുകളും പ്രശ്നം
അതുപോലെ തന്നെയാണ് ഓണക്കാലത്തും ഉത്സവങ്ങളിലും മറ്റ് അവസരങ്ങളിലും സംസ്ഥാനത്തെ വിവിധയിടങ്ങളിൽ താത്കാലികമായി ഒരുക്കുന്ന അമ്യൂസ്മെന്റ് സംവിധാനങ്ങൾ. ഒരു സുരക്ഷയുമില്ലാതെയാണ് പലപ്പോഴും പ്രവർത്തനം. കാലപ്പഴക്കം ചെന്ന റൈഡുകളും മറ്റുമാണ് ഇവിടെയുള്ളത്. ഇതിൽ ഒരു പരിശോധനയും നടക്കാറില്ലെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നു.
പഞ്ചായത്തുകൾക്കും പറയത്തക്ക റോളില്ല. സംസ്ഥാനത്തിനു പുറത്തുനിന്നാണ് ഇത്തരം ഗ്രൂപ്പുകൾ താത്കാലിക സംവിധാനത്തോടെ കൂടുതലും എത്തുന്നത്. ഇവർക്കു സുരക്ഷാ സർട്ടിഫിക്കറ്റോ ലൈസൻസോ കാണാറില്ല. ഇത്തരം അമ്യൂസ്മെന്റ് സംവിധാനത്തെക്കുറിച്ചു ക്യത്യമായ അനേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
National
ന്യൂഡൽഹി: "അതീവ ഗൗരവതരമായ മുന്നറിയിപ്പ്’ -ഇന്നലെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിനു ഫോണുകളിൽ ഇംഗ്ലീഷിൽ സന്ദേശമായി വന്ന മുന്നറിയിപ്പാണിത്. സൈറണോടെയോ വൈബ്രേഷനോടെയോ ഈ സന്ദേശം ലഭിച്ച മൊബൈൽ ഉപയോക്താക്കൾ ആദ്യമൊന്നു പകച്ചു.
സന്ദേശത്തിന്റെ താഴെയായി "സന്ദേശം ലഭിക്കുന്ന പൊതുസമൂഹം നടപടികളൊന്നും കൈക്കൊള്ളേണ്ടതില്ലെന്നും ഇതൊരു പരീക്ഷണസന്ദേശമാണെന്നും’ എഴുതിയിരുന്നത് വായിച്ചപ്പോഴാണ് ആശ്വാസമായത്. ഇന്നലെ രാവിലെ 11.30ന് ശേഷം രാജ്യത്തുടനീളമുള്ള ഫോണുകളിൽ ഒരേസമയം ഈ അടിയന്തര സന്ദേശം നൽകിയതിലൂടെ ദുരന്തങ്ങൾക്ക് ഫോണുകളിലൂടെ മുന്നറിയിപ്പ് നൽകുന്ന പുത്തൻ സംവിധാനം ആവിഷ്കരിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.
പ്രകൃതിദുരന്തങ്ങൾ മുതൽ പൊതുസുരക്ഷയെ ബാധിക്കുന്ന ഭീഷണികൾ വരെയുള്ള ദുരന്തങ്ങളിൽനിന്ന് ഒരു നിശ്ചിത പ്രദേശത്തെ എല്ലാ മൊബൈല് ഫോണുകളിലേക്കും ഒരേസമയം ജനങ്ങൾക്ക് തത്സമയം മുന്നറിയിപ്പ് നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് ഈ അടിയന്തര മുന്നറിയിപ്പ് സംവിധാനം. കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ് വികസിപ്പിച്ചെടുത്ത "സചേത്’ എന്നപേരിലുള്ള സംവിധാനം സെൽ ബ്രോഡ്കാസ്റ്റ് മുന്നറിയിപ്പ് സംവിധാനമായാണു പ്രവർത്തിക്കുന്നത്.
എസ്എംഎസ് സംവിധാനത്തിൽനിന്നു വിഭിന്നമായുള്ള സെൽ ബ്രോഡ്കാസ്റ്റ് സംവിധാനം ഏതു ഫോണ് സെറ്റിംഗ്സിലും ഉച്ചത്തിലോ വൈബ്രേഷനിലോ ഉള്ള മുന്നറിയിപ്പുസന്ദേശമായി പ്രവർത്തിക്കും. ഫോണ് സൈലന്റ് മോഡിലാണെങ്കില്പ്പോലും വലിയ ശബ്ദത്തോടെയുള്ള അലാറം മുഴങ്ങിയതിനു ശേഷമാകും സന്ദേശങ്ങള് ലഭിക്കുക. ദുരന്തങ്ങളുണ്ടാകുന്പോൾ തടസങ്ങളില്ലാതെ ജനങ്ങളെ യഥാസമയം ജാഗരൂകരാക്കാൻ സർക്കാരിന് ഈ സന്ദേശത്തിലൂടെ കഴിയുന്നു.
രാജ്യത്തെമ്പാടുമുള്ള മൊബൈല് ഫോണ് ഉപഭോക്താക്കള്ക്ക് വരും ദിവസങ്ങളിലും പ്രത്യേക അപായ സന്ദേശങ്ങള് ലഭിച്ചാല് പരിഭ്രാന്തി വേണ്ടെന്ന് അധികൃതര് അറിയിച്ചു. ഇംഗ്ലീഷ്, ഹിന്ദി കൂടാതെ പ്രാദേശിക ഭാഷകളിലും സന്ദേശങ്ങള് ലഭിച്ചേക്കാം.
ഇതിനോടകം തന്നെ 28 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സംവിധാനം പ്രവര്ത്തനസജ്ജമായിട്ടുണ്ട്. ഭാവിയില് സുനാമി, ഇടിമിന്നല്, വാതകചോര്ച്ച തുടങ്ങിയ വിപത്തുകളെക്കുറിച്ച് കൃത്യസമയത്ത് ജനങ്ങള്ക്കു വിവരം നല്കാന് ഈ സംവിധാനം ഉപകരിക്കും.
ഫോണില് അലാറം മുഴങ്ങുകയോ സന്ദേശം വരികയോ ചെയ്താല് അത് അവഗണിക്കണമെന്നും പരിഭ്രാന്തരായി മറ്റുള്ളവരെ തെറ്റായ വാര്ത്തകള് അറിയിക്കരുതെന്നും ടെലികോം വകുപ്പ് അഭ്യര്ഥിച്ചു.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ ദുരന്തം ഞെട്ടലുണ്ടാക്കിയെന്നും മുന്നോട്ടും ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
അപകടത്തിന്റെ കാരണം അന്വേഷിച്ച് കണ്ടെത്തണം. മനുഷ്യ ജീവന് അപകടകരമായ ഒരു കാര്യവും നടക്കാൻ പാടില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചികിത്സയിലുള്ളവർക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും സംസ്ഥാന സർക്കാർ ആവശ്യമായ സഹായം നൽകണം. അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം അപകടം ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ ബന്ധപ്പെട്ടവർ സ്വീകരിക്കണം. അതിനായി ഒരു സംവിധാന ഒരുക്കണം. കർശന നടപടിൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നതായും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.
Kerala
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ തീപിടിത്തിൽ നാലു പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം, അഞ്ചു പേർ മരിച്ചെന്നു ദൃക്സാക്ഷികളിൽ ചിലർ പറഞ്ഞു. നിരവധി പേർക്ക് അതീവ ഗുരുതരമായി പൊള്ളലേറ്റതിനാൽ മരണസംഖ്യ ഉയർന്നേക്കും. അപകടത്തിൽ തൃശ്ശൂർ പൂരത്തിനു തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകൾ നിർമിക്കുന്ന ശാലയിലാണ് തീപിടിത്തവും സ്ഫോടനവും ഉണ്ടായത്.
എത്ര തൊഴിലാളികൾ ജോലിയിലേർപ്പെട്ട് സ്ഥത്തുണ്ടായിരുന്നു എന്നു വ്യക്തമല്ല. അതേസമയം, ഉച്ചയ്ക്ക് ഇവിടേക്ക് നാൽപതോളം പേർക്ക് ഉച്ചക്ഷഭക്ഷണം വാങ്ങിയിരുന്നതായി പറയുന്നു. അതുകൊണ്ട് നാൽപതോളം തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നതായി കരുതുന്നു. പൊലീസും ഫയർ ഫോഴ്സും ആംബുലൻസും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. 24ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനുള്ള വെടിക്കെട്ട് സാമഗ്രികൾ അടക്കമുള്ളവയാണ് ഇവിടെ നിർമിച്ചിരുന്നത്.
തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
സ്ഫോടനത്തിനു കാരണം ഇതാണോ എന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല.
സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററോളം കേട്ടിരുന്നു. പലരും ഭൂകമ്പം ആണെന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്. പിന്നീടാണ് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനമാണ് എന്ന് മനസിലായത്.
പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മറ്റും മാറ്റിയിട്ടുണ്ട്.
പ്രദേശത്താകെ കനത്ത പുകയും തീയും ഉള്ളതിനാലും വെടിക്കെട്ട് സ്ഫോടക വസ്തുക്കൾ ഇനിയും ഉണ്ടോ എന്നു വ്യക്തമല്ലാത്തതിനാലും രക്ഷാപ്രവർത്തനങ്ങൾ വളരെ ജാഗ്രതയോടെയാണ് നടക്കുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും സ്ഫോടനം ഉണ്ടായതോടെ കൂടുതൽ ജാഗ്രതയിലാണ് രക്ഷാപ്രവർത്തകർ.
പരിക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് സൂചനകൾ. പൊട്ടാത്ത വെടിക്കെട്ട് സാമഗ്രികൾ നിർവര്യമാക്കാതെ രക്ഷാപ്രവർത്തനം എളുപ്പമാകില്ല എന്നും സൂചനയുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും എല്ലാം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
പരുക്കേറ്റവര്ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് നിര്ദേശം നല്കി. തൃശൂര് മെഡിക്കല് കോളജില് ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന് നിർദേശിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്സുകള് ഉള്പ്പെടെ മതിയായ ആംബുലന്സുകള് സ്ഥലത്തെത്താനും നിര്ദേശം നല്കി. അഞ്ചുപേരെ ഇതുവരെ 108 ആംബുലന്സ് ആശുപത്രിയിലേക്കു മാറ്റി.
Kerala
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. പതിനെട്ട് പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ ധർമടത്തെത്തിയത്.
ദുരന്തത്തിൽ ചേർത്ത് പിടിച്ച മുഖ്യമന്ത്രിയോട് സംസാരിച്ച് കൂടിക്കാഴ്ച്ച നടത്താനാണ് ഇവർ ധർമടത്തേയ്ക്ക് എത്തിയത്. ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നടപ്പിലാക്കുന്ന ടൗൺഷിപ്പുമായി ബന്ധപ്പെട്ടകാര്യങ്ങളാണ് കൂടിക്കാഴ്ച്ചയിലെ ചർച്ച വിഷയം.
വീട്ടിലേക്കുള്ള കയറി താമസത്തിന് മുഖ്യമന്ത്രിയും വരണമെന്നാണ് ദുരന്തബാധിതരുടെ ആഗ്രഹം. കയറി താമസത്തിന്റെ ക്ഷണത്തിന് നമുക്ക് നോക്കാമെന്നാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. വിഷുവിന് കയറി താമസം നടത്താനാകുമെന്നും മുഖ്യമന്ത്രി സൂചന നൽകി.
എല്ലാം നഷ്ടപ്പെട്ട ഞങ്ങൾക്ക് ഒരോന്നായി സർക്കാർ തിരികെ തന്നെന്നും ദുരന്തബാധിതർ പറയുകയുണ്ടായി. കണ്ണായ സ്ഥലത്താണ് ടൗൺഷിപ്പ് പൂർത്തിയാക്കിയതെന്നും റിയൽ എസ്റ്റേറ്റ് മാഫിയ സംഘം കണ്ണുവയ്ക്കാൻ ഇടയുണ്ട് നല്ല ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ദുരന്തബാധിതരോട് പറഞ്ഞു. പുനരധിവാസം യാഥാർഥ്യമാക്കിയതിന് വൈകാരികമായി നന്ദി പറഞ്ഞാണ് ദുരിതബാധിതർ മടങ്ങിയത്.
Kerala
കണ്ണൂർ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി കോൺഗ്രസ് പിരിച്ച തുകയുടെ കണക്കുകൾ പുറത്തുവിട്ട് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഭവന നിർമാണത്തിനായി ആകെ 5.38 കോടി രൂപ പിരിച്ചത്. ആദ്യ സ്ഥലം വാങ്ങാനായി 3. 68 കോടി രൂപയും രണ്ടാമത്തെ സ്ഥലത്തിനായി 2.50 കോടി രൂപയും ചെലവായെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസിയുടെ തനത് ഫണ്ടിൽ നിന്ന് 97 ലക്ഷം അധികമായി ചെലവാക്കി. 73 ലക്ഷം കൂടി രജിസ്ട്രേഷൻ അടക്കമുള്ള ചെലവുകൾക്ക് ആവശ്യമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഒരു കോടി അഞ്ച് ലക്ഷം പിരിച്ചു കെപിസിസിക്ക് നൽകി. ആപ്പ് നിർമിക്കാൻ 9.30 ലക്ഷം ചെലവായി. തങ്ങൾ വാങ്ങിയ സ്ഥലത്താണ് ഡിവൈഎഫ്ഐ സമരം നടത്തിയതെന്ന് സണ്ണി ജോസഫ് പറഞ്ഞു.
വീട് വയ്ക്കാൻ ഐസിസിയുടെയും കെപിസിസിയുടെയും ഫണ്ട് ഉപയോഗിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വാഗ്ദാനം ചെയ്ത വീടുകൾ നിർമിക്കുമെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി.
District News
കോഴിക്കോട് : ജില്ലയിൽ കാലപ്പഴക്കമുള്ളതും അപകടാവസ്ഥയിലുമുള്ള എല്ലാ സർക്കാർ, അർധ സർക്കാർ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ അടിയന്തരമായി പരിശോധിച്ച് കെട്ടിടങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി അപകടാവസ്ഥ പൂർണമായി ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്.
വലിയങ്ങാടിയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിക്കാനിടയായ ദാരുണ സംഭവത്തെ കുറിച്ച് കോർപറേഷൻ സെക്രട്ടറിയും ജില്ലാ കളക്ടറും അടിയന്തരമായി അന്വേഷണം നടത്തി ഒരാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
ജില്ലാ കളക്ടർക്കാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. ബന്ധപ്പെട്ട വകുപ്പുകൾക്കും അതോറിറ്റികൾക്കും നിർദ്ദേശം അടിയന്തരമായി കൈമാറണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
വലിയങ്ങാടിയിൽ കെട്ടിടം തകർന്നുവീണ് തൊഴിലാളികൾ മരിക്കാനിടയായ സംഭവത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. വലിയങ്ങാടിയിൽ ദുരന്തമുണ്ടായ സ്ഥലം ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സന്ദർശിച്ചു.
കോഴിക്കോട് മുൻസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കോർപറേഷൻ സെക്രട്ടറി പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അടിയന്തര അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങളെ മുൻഗണനാക്രമത്തിൽ തിരിച്ച് അവയുടെ പുനരുദ്ധാരണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
വലിയങ്ങാടിയിൽ നടന്നതുപോലുള്ള അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വമാണെന്നും ഉത്തരവിൽ പറഞ്ഞു.അടിയന്തരമായി അറ്റകുറ്റപണികൾ ആവശ്യമായ കെട്ടിടങ്ങളുടെ പട്ടിക തയ്യാറാക്കി അതിന്റെ പകർപ്പ് മൂന്നാഴ്ചക്കകം ജില്ലാ കളക്ടറും കോർപ്പറേഷൻ സെക്രട്ടറിയും കമ്മീഷനിൽ സമർപ്പിക്കണം.
പൊതുജന സുരക്ഷയിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ നിർദ്ദേശിക്കുമെന്നും ഉത്തരവിൽ പറഞ്ഞു. മാർച്ചിൽ കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
District News
മുക്കം: വലിയങ്ങാടി ദുരന്തത്തില് അധികൃതരുടെ അനാസ്ഥക്കെതിരേ പ്രതിഷേധം ഉയരുമ്പോള്മറ്റൊരു ദുരന്തത്തിലേക്ക് വാ പൊളിച്ച് അധികൃതരുടെ അനാസ്ഥയുടെ സ്മാരകമായി മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഒരു കെട്ടിടം. നിത്യേന നൂറ് കണക്കിന് രോഗികൾ എത്തുന്ന മുക്കം കമ്യുണിറ്റി ഹെൽത്ത് സെന്ററിലെ എക്സ്റേ യൂണിറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് അൺഫിറ്റാണെന്ന നോട്ടീസ് ലഭിച്ച് ഏഴ് മാസം കഴിഞ്ഞിട്ടും പൊളിച്ചുമാറ്റാതെ നിൽക്കുന്നത്.
ആശുപത്രിയിലെത്തുന്ന നിരവധി രോഗികൾ വിവിധ ടെസ്റ്റുകൾക്കായി ആശ്രയിക്കുന്ന ലാബിന്റെയും രോഗികളെ കിടത്തി ചികിത്സിക്കുന്ന കെട്ടിടത്തിന്റെയും സിഎച്ച്സി ഓഫിസ് കെട്ടിടത്തിന്റെയും നടുവിലായാണ് അപകട ഭീഷണിയുള്ള കെട്ടിടമുള്ളത്.
കെട്ടിടത്തിൽ ചോർച്ച ഉണ്ടായതോടെ മെഡിക്കൽ ഓഫീസർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയ പരാതിയെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് കെട്ടിട സ്ളാബുകള്ക്കും ചുമരുകൾക്കും വിള്ളൽ ഉണ്ടെന്ന് കണ്ടെത്തുകയും കെട്ടിടം അൺഫിറ്റാണെന്ന് നഗരസഭാ സെക്രട്ടറി നോട്ടീസ് നൽകുകയും ചെയ്തത്.
കൂടാതെ കെട്ടിടത്തിന്റെ മുകളിൽ സ്ഥാപിച്ച വാട്ടർ ടാങ്കുകൾ എടുത്തുമാറ്റണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ കെട്ടിടം എത്രയും പെട്ടന്ന് പൊളിച്ച് മാറ്റണമെന്നും ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് കെട്ടിടത്തിന്റെ വാതിലിൽ പതിക്കുകയും എക്സ്റേ യുണിറ്റ് അഴിച്ചുമാറ്റിയി മറ്റൊരു കെട്ടിടത്തിലേക്ക് താൽകലികമായി മാറ്റിവെക്കുകയും മാത്രമാണ് ഇതുവരെ ചെയ്തത്.
രോഗികളും കൂട്ടിരിപ്പുകാരുമുൾപ്പെടെ നിരവധി ആളുകൾ നിത്യേന എത്തുന്ന സ്ഥലമായായതിനാൽ കെട്ടിടം തകർന്നു വീണാൽ കോഴിക്കോട് വലിയങ്ങാടിയിൽ ഉണ്ടായതിനേക്കാൾ വലിയ ദുരന്തം ഉണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. മാത്രമല്ല എക്സ്റേ യുണിറ്റ് പ്രവർത്തിക്കാത്തതിനാൽ ആശുപത്രിൽ എത്തുന്ന രോഗികൾ വലിയ പണം ചിലവഴിച്ച് തൊട്ടടുത്ത സ്വകാര്യ എക്സ്റേ യൂണിറ്റുകളെ ആശ്രയിക്കേണ്ട അവസ്ഥയുമാണ് ഉള്ളത് .
National
ന്യൂഡൽഹി: നാടിനെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തങ്ങളിൽപ്പെട്ടവർക്കു കൈത്താങ്ങുമായി ഫരീദാബാദ് അതിരൂപത.
വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടമായവരിൽ ഒരു കുടുംബത്തിന് താമരശേരി രൂപത സോഷ്യൽ സർവീസ് ടീമിന്റെ സഹായത്തോടെ നിർമിച്ചുനൽകുന്ന വീടിന്റെ താക്കോൽദാനം അതിരൂപതാധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര ഇന്ന് ഉച്ചകഴിഞ്ഞു നിർവഹിക്കും.
വയനാട് ജില്ലയിലെ പുഞ്ചിരിമട്ടത്ത് മാനന്തവാടി രൂപത സോഷ്യൽ സർവീസ് ടീമിന്റെ സഹായത്തോടെ മറ്റൊരു വീടിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഫരീദാബാദ് അതിരൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. ജോമി വാഴക്കാലായിൽ അറിയിച്ചു.
ഉറ്റവരെയും ബന്ധുക്കളെയും നഷ്ടപ്പെട്ടവരും വീടും സ്വത്തും നഷ്ടപ്പെട്ടവരും അവരുടെ ജീവിതങ്ങൾ വീണ്ടും കെട്ടിപ്പടുക്കുന്ന ഈ അവസരത്തിൽ കൈത്താങ്ങാകാൻ ഫരീദാബാദ് അതിരൂപതയ്ക്കു സാധിച്ചതിൽ ഒത്തിരി സന്തോഷവും സംതൃപ്തിയുമുണ്ടെന്ന് ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു.
National
റാഞ്ചി: ജാർഖണ്ഡിൽ എയർ ആംബുലൻസ് തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ച ഏഴു പേരിൽ രോഗി സഞ്ജയ്കുമാർ ഷായും ഭാര്യയും ബന്ധുവും ഇയാളെ ചികിത്സിച്ചിരുന്ന ഡോക്ടറും.
65 ശതമാനം പൊള്ളലേറ്റ സഞ്ജയ് കുമാറിനെ ഡൽഹിയിൽ ഗംഗാറാം ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി കൊണ്ടുപോകവേയായിരുന്നു ദുരന്തം. 41കാരനായ സഞ്ജയ്കുമാറിന്റെ ജീവൻ രക്ഷിക്കാനായി കുടുംബം എട്ടു ലക്ഷം രൂപ കടംവാങ്ങിയായിരുന്നു ചെറുവിമാനം തരപ്പെടുത്തിയത്.
ജാർഖണ്ഡ് ലതേഹാർ ജില്ലയിലെ ചാന്ദ്വ സ്വദേശിയാണ് സഞ്ജയ്. ജാർഖണ്ഡിലെ ലത്തേഹാർ ജില്ലയിൽപ്പെട്ട ഛാന്ദ്വയിൽ ചെറിയൊരു ഹോട്ടൽ നടത്തിവരികയായിരുന്നു സഞ്ജയ്. കഴിഞ്ഞ തിങ്കളാഴ്ച ഹോട്ടലിൽ പാചകവാതകം ചോർന്നു തീപിടിത്തമുണ്ടായതിനെത്തുടർന്നാണ് ഇയാൾക്ക് ഗുരുതരമായി പൊള്ളലേറ്റത്.
സഞ്ജയ്കുമാറിനൊപ്പം ഭാര്യ അർച്ചന, ബന്ധു ധ്രുവ് കുമാർ എന്നിവരും വിമാനത്തിലുണ്ടായിരുന്നു. ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നുമൊക്കെ പണം കടം വാങ്ങിയായിരുന്നു എയർ ആംബുലൻസിനായി കുടുംബം പണം കണ്ടെത്തിയതെന്ന് അർച്ചനയുടെ സഹോദരൻ അജയ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 7.11ന് റാഞ്ചിയിൽനിന്നു പറന്നുയർന്ന എയർ ആംബുലൻസ് ജാർഖണ്ഡിലെ ഛത്ര ജില്ലയിലെ വനമേഖലയായ കസാരിയയിൽ തകർന്നുവീഴുകയായിരുന്നു. രോഗി സഞ്ജയ്കുമാറിനും ഭാര്യക്കും ബന്ധുവിനും പുറമെ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സഹ പൈലറ്റ് ക്യാപ്റ്റൻ സവ്രാജ്ദീപ് സിംഗ്, ചികിത്സിച്ച ഡോ. വികാസ് കുമാർ ഗുപ്ത, പാരാമെഡിക്കൽ ജീവനക്കാരൻ സച്ചിൻ കുമാർ മിശ്ര എന്നിവരും മരിച്ചിരുന്നു.
റെഡ്ബേഡ് എയർവേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബീച്ച്ക്രാഫ്റ്റ് സി90 എയർ ആംബുലൻസാണ് തകർന്നുവീണത്.
District News
കോഴിക്കോട്: വലിയങ്ങാടിയില് നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയതിനു പിന്നില് കോര്പറേഷന് അധികൃതരുടെ കുറ്റകരമായ അനാസ്ഥ. 50 വര്ഷത്തിലധികം പഴക്കമുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതില് കോര്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്നാലു ജീവനുകള് പൊലിയാന് കാരണം. പഴയ പാസ്പോര്ട്ട് ഓഫീസ് പ്രവര്ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സണ്ഷെയ്ഡാണ് തകര്ന്നു വീണത്.
അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ചുമാറ്റാന് കോര്പറേഷന് രണ്ട് വര്ഷം മുമ്പ് തീരുമാനിക്കുകയും പുതിയ കെട്ടിടത്തിനുള്ള ഡിപിആര് തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല് വ്യാപാരികളെ ഒഴിപ്പിക്കാന് നടപടി സ്വീകരിക്കാതെ മാസവാടക വാങ്ങി കച്ചവടം നടത്താന് അനുവദിച്ചു. രണ്ടുമാസം മുമ്പും ഇവിടെ പുതിയ ഷോപ്പ് തുറന്നു.
ഇടയ്ക്ക് കോര്പറേഷന് കെട്ടിടത്തില് ചില്ലറ അറ്റകുറ്റപ്പണികള് നടത്തി. കെട്ടിടത്തിന് രൂപമാറ്റം വരുത്താനും കോര്പറേഷന് അധികൃതര് കൂട്ടുനിന്നു. ഷട്ടര് മാറ്റി പകരം ജനല് സ്ഥാപിച്ചതടക്കമുള്ള രൂപമാറ്റവും അപകടകരമായ കെട്ടിടത്തില് നടത്തിയിട്ടുണ്ട്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് ബോധ്യമുണ്ടായിട്ടും ഇവിടെ കച്ചവടം നടത്താന് ഒത്താശ ചെയ്തതിനു പിന്നില് ലക്ഷക്കണക്കിനു രൂപയുടെ സാമ്പത്തിക അഴിമതിയാണെന്നും ആരോപണമുയര്ന്നിട്ടുണ്ട്.
2014 ഫെബ്രുവരിയില് കോര്പറേഷന് എന്ജിനീയറിംഗ് വിഭാഗം, ഇന്നലെ തകര്ന്നു വീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി കോര്പറേഷന് ധനകാര്യ കമ്മിറ്റിക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. ഇതേ തുടര്ന്ന് കഴിഞ്ഞവര്ഷം ആറാം മാസം ഈ വിഷയം കോര്പറേഷന് കൗണ്സില് യോഗത്തില് അജണ്ടയായി ചര്ച്ച ചെയ്തു.കെട്ടിടത്തില് കച്ചവടം അനുവദിക്കരുതെന്ന് അന്ന് തീരുമാനമെടുത്തിരുന്നുവെന്ന് അക്കാലയളവിലെയും നിലവിലെയും കോണ്ഗ്രസ് കൗണ്സിലറായ കെ.സി.ശോഭിത ചൂണ്ടിക്കാട്ടി.
കെട്ടിടം അപകടാവസ്ഥയിലായതിനാല് കടമുറികള് പുനര്ലേലം ചെയ്യരുതെന്നും കെട്ടിടം പൊളിച്ചുനീക്കണമെന്നുമാണ് എന്ജിനീയറിംഗ് വിഭാഗം ശിപാര്ശ ചെയ്തിരുന്നത്. അതേ സമയം കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് തങ്ങള്ക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അപകടമുണ്ടായ കെട്ടിടത്തില് പ്രവര്ത്തിക്കുന്ന ഗാമ ട്രേഡേഴ്സ് ഉടമ അസ്ലം പറഞ്ഞു.
തകര്ന്ന കെട്ടിടത്തില് 2 മാസം മുമ്പും പുതിയ സ്ഥാപനം!
കോഴിക്കോട്: വലിയങ്ങാടിയില് സണ്ഷെയ്ഡ് തകര്ന്നു വീണ കെട്ടിടത്തില് രണ്ടു മാസം മുമ്പും പുതിയ സ്ഥാപനം ആരംഭിച്ചതായി പ്രദേശവാസികള്. അപകടാവസ്ഥയിലായതിനാല് പൊളിച്ചുനീക്കണമെന്ന് എന്ജിനീയറിംഗ് വിഭാഗം ശിപാര്ശ ചെയ്ത കെട്ടിടത്തില് പുതിയ സ്ഥാപനം തുടങ്ങാന് അനുമതി നല്കിയതാവട്ടെ കോര്പറേഷന് അധികൃതര് തന്നെ.
12 വ്യാപാര സ്ഥാപനങ്ങളുടെ ഗോഡൗണ് പ്രവര്ത്തിച്ചിരുന്ന കെട്ടിടത്തില് നിലവില് ആറ് സ്ഥാപനങ്ങളുടെ ഗോഡൗണ് പ്രവര്ത്തിക്കുന്നുണ്ട്. ഇതില് നാലു ഷോപ്പുകളുടെ സണ്ഷെയ്ഡാണ് തകര്ന്നുവീണത്. കെട്ടിടത്തിന്റെ മുകള് നിലയില് ഏതാനും ആഴ്ചകള്ക്കുമുമ്പ് വരെ ജിം അടക്കമുള്ള സ്ഥാപനങ്ങള് പ്രവര്ത്തിച്ചിരുന്നു.
കെട്ടിടത്തിന്റെ എതിര്വശത്ത് അഞ്ചുവര്ഷം മുമ്പ് കെട്ടിടം തകര്ന്നു വീണിരുന്നു. അന്ന് ഭാഗ്യത്തിനാണ് തൊഴിലാളികള് രക്ഷപ്പെട്ടത്. ചാക്ക് അട്ടികള്ക്കു മുകളിലാണ് അന്ന് സ്ളാബ് പതിച്ചത്. അതിനാല് തൊഴിലാളികള് രക്ഷപ്പെടുകയായിരുന്നു.വലിയങ്ങാടിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും കാലപ്പഴക്കം ചെന്നവയാണ്.
കാലപഴക്കമുള്ള കെട്ടിടങ്ങളേറെ; കണ്ണടച്ച് കോര്പറേഷന്
കോഴിക്കോട്: കോഴിക്കോട് കോര്പറേഷന്റെ ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങള് അപകടാവസ്ഥയിലാണെന്ന് ആക്ഷേപമുയരുന്നു.
കാലപ്പഴക്കത്തേക്കാള് കച്ചവടതാല്പര്യത്തിനാണ് കോര്പറേഷന് മുന്തൂക്കം നല്കിയതെന്ന്, വലിയങ്ങാടി ദുരന്തത്തിന്റെ പശ്ചാത്തലത്തില് കോണ്ഗ്രസ് കൗണ്സിലര് കെ.സി. ശോഭിത ആരോപിച്ചു. കാലപ്പഴക്കത്താല് ശക്തിക്ഷയം ഉണ്ടായ കെട്ടിടങ്ങള് ഇനിയും നഗരത്തില് ഉണ്ട്. 50മുതല് 60 വര്ഷം പഴക്കമുള്ള കെട്ടിടങ്ങളാണ് ഇപ്പോഴും പൂര്ണസമയവും പ്രവര്ത്തിക്കുന്നത്.
മൊയ്തീന് പള്ളി റോഡിലെ ന്യൂ ബസാര് കെട്ടിടം, സെന്ട്രല് മാര്ക്കറ്റിലെ ജവഹര് ബില്ഡിംഗ്, നടക്കാവ് മാര്ക്കറ്റ്, പുതിയങ്ങാടി, കാരപ്പറമ്പ് മാര്ക്കറ്റുകള്, പാളയം ജയന്തി ബില്ഡിംഗ് തുടങ്ങിയവയാണ് നഗരത്തിലെ പഴക്കമുള്ള കെട്ടിടങ്ങള്. ഈ കെട്ടിടങ്ങളെല്ലാം തന്നെ സ്ഥിതിചെയ്യുന്നത് ജനത്തിരക്കേറിയ ഇടങ്ങളിലാണ്. ഈ കെട്ടിടങ്ങളെ ഇന്നും നിലനിര്ത്തി പോരുകയാണ്. ജനങ്ങളുടെ സുരക്ഷിതത്വത്തിനെക്കാള് കച്ചവട താല്പര്യങ്ങളെയാണ് അധികൃതര് പരിഗണിക്കുന്നതെന്ന് കോര്പറേഷന് പ്രതിപക്ഷ നേതാവ് ഷമീല് തങ്ങളും ആരോപിച്ചു.
എന്ജിനീയര്മാരുടെ റിപ്പോര്ട്ട് പ്രകാരമാണ് ഓരോ കെട്ടിടത്തിനും ഫിറ്റ്നസ് നല്കുന്നത്. സ്വാര്ഥ താല്പര്യങ്ങള്ക്കായി കെട്ടിട നിയമങ്ങളില് വെള്ളം ചേര്ക്കുകയും പൊളിക്കേണ്ടവ നിലനിര്ത്തുകയും ചെയ്യുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്പ്പ് ഉണ്ടായിട്ടും പല കൗണ്സിലിലും കെട്ടിടങ്ങള്ക്കും ഫിറ്റ്നസ് നീട്ടിക്കൊടുക്കുകയാണ് ഭരണപക്ഷം ചെയ്തതെന്ന് കൗണ്സിലര് കെ.സി. ശോഭിത ആരോപിച്ചു.
Kerala
തൃശൂർ: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ കടകളും സംരംഭങ്ങളും നഷ്ടപ്പെട്ടവർക്കും സർക്കാർ ധനസഹായം നൽകുമെന്നു മന്ത്രി കെ. രാജൻ.
2025 ജൂലൈ 30നു ചേർന്ന യോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ചു പഠിക്കാനായി വയനാട് ജില്ലാ കളക്ടറെയും ജില്ലാ വ്യവസായവകുപ്പിന്റെ മേധാവിയെയും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറെയും ചുമതലപ്പെടുത്തിയിരുന്നു. ഒരു സബ് കമ്മിറ്റി നിശ്ചയിച്ച് റിപ്പോർട്ട് സർക്കാരിലേക്കു നൽകി. ഈ റിപ്പേർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിൽ പരമാവധി സഹായം നൽകാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.
ദുരന്തത്തിൽ 52 കടയുടമകളുടെ 126 കടമുറികളാണുനഷ്ടമായത്. 126 കടമുറികളിൽ 52 കടയുടമകളുടെ ഓരോ കടമുറിക്ക് ഏഴു ലക്ഷം രൂപയും അതിൽ കൂടുതൽ വരുന്ന ഓരോ കടമുറികും 2.5 ലക്ഷം രൂപ വീതവും നൽകുമെന്നും മന്ത്രി അറിയിച്ചു.
72 പേരുടെ 83 സംരംഭങ്ങൾ അവിടെ ആരംഭിച്ചിരുന്നതായും അതിൽ ഇൻഡസ്ട്രിയൽ രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയത് 20 ലക്ഷം രൂപയോ നൽകാനും കൊമേഴ്സ്യൽ സർവീസ് രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയാൽ പത്തുലക്ഷം രൂപയോ നൽകാനും ട്രേഡ് രംഗത്തുള്ള സംരംഭങ്ങൾക്കു നഷ്ടത്തിന്റെ 50 ശതമാനം തുകയോ ഏറ്റവും കൂടിയത് ഏഴു ലക്ഷം രൂപയോ നൽകാനും തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നെടുത്തായിരിക്കും ആ പണം ലഭ്യമാക്കുക.
കഴിഞ്ഞതവണ ദുരന്തബാധിതരുടെ വായ്പമേലുള്ള പലിശ എഴുതിത്തള്ളണമെന്ന സർക്കാരിന്റെ അഭിപ്രായം ബാങ്കുകൾ പൊതുവായി അംഗീകരിച്ചതായും മന്ത്രി പറഞ്ഞു. സിബിൽ സ്കോർ കുറയുന്നത് ഒഴിവാക്കുന്ന കാര്യവും പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
Kerala
തിരുവനന്തപുരം: മുണ്ടക്കൈ ചുരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്ഷിപ്പിന്റെ ഒന്നാംഘട്ടം പൂർത്തിയായി. 25നു വൈകുന്നേരം നാലിന് എൽസ്റ്റണ് എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗണ്ഷിപ്പിന്റെ ഉദ്ഘാടനവും ഗുണഭോക്താക്കൾക്കുള്ള പട്ടയ വിതരണവും നിർവഹിക്കും.
ആകെ 410 വീടുകളും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുള്ള ടൗണ്ഷിപ്പിന്റെ ഒന്നാംഘട്ടത്തിൽ 178 വീടുകളാണ് പൂർത്തിയായത്. ദുരന്തത്തിൽ പൂർണമായും വീടു നഷ്ടമായ കുടുംബങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ വീടുകൾ നൽകുന്നത്. പ്രകൃതി ദുരന്തങ്ങൾ അതിജീവിക്കാൻ സാധിക്കും വിധം 1,000 ചതുരശ്രയടിയിൽ ഒറ്റനിലയിൽ പണിത കെട്ടിടങ്ങൾ ഭാവിയിൽ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ടു മുറികൾ, സിറ്റൗട്ട്, ലിവിംഗ്, സ്റ്റഡി റൂം, ഡൈനിംഗ്, അടുക്കള, സ്റ്റോർ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടൗണ്ഷിപ്പിൽ ഒരുങ്ങുന്ന 410 വീടുകളിലായി 1,662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്. വീടുകൾക്കു പുറമേ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാർക്കറ്റ്, കമ്യൂണിറ്റി സെന്ററുകൾ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാകും. ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി, ഫാർമസി, പരിശോധന-വാക്സിനേഷൻ-ഒബ്സർവേഷൻ മുറികൾ, ഒപി, ടിക്കറ്റ് കൗണ്ടർ സൗകര്യങ്ങളും സജ്ജീകരിക്കും. പൊതു മാർക്കറ്റിൽ കടകൾ, സ്റ്റാളുകൾ, ഓപ്പണ് മാർക്കറ്റ്, കുട്ടികൾക്കു കളിസ്ഥലം, പാർക്കിംഗ് എന്നിവ ഒരുക്കും. മർട്ടി പർപ്പസ് ഹാൾ, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപ്പണ് എയർ തീയേറ്റർ എന്നിവ കമ്യൂണിറ്റി സെന്ററിൽ നിർമിക്കും.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി ടൗണ്ഷിപ്പ് നിർമിക്കാൻ കൽപ്പറ്റ വില്ലേജിലെ എൽസ്റ്റണ് എസ്റ്റേറ്റിലെ 64.4705 ഹെക്ടർ ഭൂമിയാണ് സർക്കാർ ഏറ്റെടുത്തത്. അതിജീവിതർക്കു സുരക്ഷിത സ്ഥലം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ആയിരുന്നു ഭൂമി ഏറ്റെടുക്കൽ. ഭൂമി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 2025 മാർച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ ടൗണ്ഷിപ്പിനു തറക്കല്ലിട്ടു. 25നു നടക്കുന്ന ചടങ്ങിൽ റവന്യു മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
Kerala
കൊച്ചി: ഉരുൾപൊട്ടൽ ദുരന്തത്തിൽ കിടപ്പാടം നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ നിർമിച്ച ഏഴു വീടുകൾ കൈമാറി.
വിലങ്ങാട്ടെ ദുരിതബാധിതർക്കാണ് വീടുകൾ നിർമിച്ചുനൽകിയത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിരൂപത നടപ്പാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ നിർമിച്ച ഏഴു വീടുകളാണ് പൂർത്തീകരിച്ചു കൈമാറിയത്. ചൂരൽമല ദുരന്തത്തിൽ ഭവനരഹിതരായവർക്കുള്ള അതിരൂപതയുടെ പത്തു വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകളിൽനിന്നുള്ള സാന്പത്തികസഹായങ്ങളോടെയും താമരശേരി രൂപത സാമൂഹ്യ പ്രവർത്തന വിഭാഗത്തിന്റെ സഹകരണത്തോടെയുമാണ് സഹൃദയ പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. 17 ഭവനങ്ങളുടെ നിർമാണങ്ങൾക്കുപുറമെ, ജീവനോപാധി വികസനപദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ടെന്ന് സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ പറഞ്ഞു.
ഏഴു വീടുകളുടെ ആശീർവാദകർമം എറണാകുളം- അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയും താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോയ്സ് വയലിലും ചേർന്നു നിർവഹിച്ചു.
കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാൾ മോൺ. ആന്റോ ചേരാംതുരുത്തി, സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസോ. ഡയറക്ടർ ഫാ. ആന്റണി പുതിയാപറമ്പിൽ, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, വിലങ്ങാട് ഫൊറോന വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്തു.
താമരശേരി രൂപത സോഷ്യൽ സർവീസ് ഡയറക്ടർ ഫാ. സായി പാറൻകുളങ്ങര, പ്രോഗ്രാം കോ- ഓർഡിനേറ്റർമാരായ ആൽബിൻ, സിദ്ധാർഥ് തുടങ്ങയവർ നേതൃത്വം നൽകി.
Kerala
തൃശൂർ: മണ്ണുത്തി ഒല്ലൂക്കരയിൽ പ്രവർത്തിക്കുന്ന സത്യം ഐസ് ഫാക്ടറിയിൽ അമോണിയം വാതകം ചോർച്ച. ഒഴിവായത് വൻ ദുരന്തം.
ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അമോണിയം പൈപ്പിന്റെ വാൽവിനുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് ഇടയാക്കിയത്. സംഭവ സമയം ക്ലീനിംഗ് സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി വെള്ളമടിച്ച് നിർവീര്യമാക്കി. അപകടകാരിയായ അമോണിയം അലർജിക്കും മരണത്തിനും വരെ സാധ്യത ഏറെയുള്ളതാണ്.
25,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയം സംഭരിച്ചിരുന്നത്. ഫാക്ടറിക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായെന്ന് ജില്ലാ ഫയർ ഓഫീസർ ബി. വൈശാഖും കോർപ്പറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറും പറഞ്ഞു.
ഫാക്ടറിയിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിക്കുമെന്നും തൃശൂർ ജില്ലാ ഫയർഫോഴ്സ് ഓഫീസർ ബി. വൈശാഖ് പറഞ്ഞു
Kerala
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിനുള്ള പദ്ധതി ആറു മാസത്തേക്കു നീട്ടി ഉത്തരവ്.
ജീവനോപാധി നഷ്ടമായ കുടുംബത്തിലെ രണ്ടു വ്യക്തികൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്) നിന്ന് 300 രൂപ വീതവും കിടപ്പു രോഗികൾ ഉള്ള കുടുംബത്തിലെ ഒരാൾക്ക് കൂടി 300 രൂപ അധികമായി മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയിൽ (സിഎംഡിആർഎഫ്) നിന്ന് അനുവദിക്കുന്നതിനുമാണ് ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം ഉത്തരവിട്ടത്.
ഇവർക്കുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള വീടു നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറുന്നതു വരെയോ അല്ലെങ്കിൽ ആറു മാസം വരെയോ ഏതാണോ ആദ്യം അതുവരെ ധനസഹായ വിതരണം തുടരുമെന്നാണ് ഉത്തരവിൽ പറയുന്നത്. 2024 ജൂലൈ 24നാണ് വയനാട്ടിലെ മേപ്പാടി പഞ്ചായത്തിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്.
Kerala
കല്പ്പറ്റ: ഉപജീവന ബത്ത വിതരണം സര്ക്കാര് നിര്ത്തിവച്ചത് വയനാട് പുഞ്ചിരിമട്ടം ഉരുള് ദുരന്ത ബാധിത കുടുംബങ്ങള്ക്ക് കനത്ത പ്രഹരമായി. ബത്ത നിലച്ചത് ജില്ലയുടെ വിവിധ ഭാഗങ്ങളില് താത്കാലികമായി പുനരധിവസിപ്പിച്ച കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. സ്ഥിരം പുനരധിവാസം യാഥാര്ഥ്യമാകുന്നതുവരെ ഉപജീവന ബത്ത വിതരണം തുടരണമെന്നാണ് ദുരന്തബാധിതരുടെ ആവശ്യം.
ദുരന്തഭൂമിയില്നിന്നു മാറ്റിപ്പാര്പ്പിച്ച ഓരോ കുടുബത്തിലെയും രണ്ടംഗങ്ങള്ക്ക് ദിവസം 300 രൂപ വീതമാണ് സര്ക്കാര് ഉപജീവന ബത്ത നല്കിയിരുന്നത്. ഉരുള്പൊട്ടലിനു പിന്നാലെ മൂന്നു മാസത്തേക്ക് പ്രഖ്യാപിച്ച ബത്ത സമ്മര്ദങ്ങളെത്തുടര്ന്ന് ഒമ്പത് മാസത്തേക്കുകൂടി നീട്ടി ഉത്തരവായിരുന്നു. 1,186 പേരായിരുന്നു ഗുണഭോക്താക്കള്. ഡിസംബര് വരെ ലഭിച്ച ബത്ത ജനുവരിയില് ദുരന്തബാധിതരുടെ അക്കൗണ്ടില് എത്തിയില്ല.
ബത്ത വിതരണം പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രിക്കും ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയര്പേഴ്സണായ കളക്ടര്ക്കും ചൂരല്മല ജനശബ്ദം ആക്ഷന് കമ്മിറ്റി കത്ത് നല്കുമെന്ന് ചെയര്മാന് നസീര് ആലയ്ക്കലും കണ്വീനര് ഷാജിമോന് ചൂരല്മലയും പറഞ്ഞു. ദുരന്തബാധിതരെ സംഘടിപ്പിച്ച് അടുത്ത ദിവസം കളക്ടറേറ്റ് പടിക്കല് ഉപവാസം സംഘടിപ്പിക്കുമെന്ന് അവര് അറിയിച്ചു.
തേയില, ഏലം തോട്ടങ്ങളുമായി ബന്ധപ്പെട്ടു തൊഴില് ചെയ്തിരുന്നവരാണ് ഉരുള് ദുരന്തത്തില് ജീവനോപാധി നഷ്ടമായവരില് അധികവും. പുഞ്ചിരിമട്ടം ഉരുള്പൊട്ടല് മുണ്ടക്കൈ, ചൂരല്മല, അട്ടമല പ്രദേശങ്ങളിലാണ് വിനാശം വിതച്ചത്. ദുരന്ത ബാധിതരില് ഭൂരിപക്ഷത്തിനും താത്കാലിക പുനരധിവാസം നടന്ന ഇടങ്ങളില് തൊഴിലെടുത്ത് വരുമാനം ഉണ്ടാക്കാന് കഴിയുന്നില്ല.
തോട്ടം മേഖലയില് ചെയ്തുവന്നതല്ലാതെ തൊഴിലുകള് പലര്ക്കും പരിചിതമല്ല. ഈ സാഹചര്യത്തില് സര്ക്കാര് അനുവദിച്ച ഉപജീവനബത്ത വലിയ സഹായമായിരുന്നുവെന്ന് ദുരന്തബാധിതര് പറയുന്നു.
ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്പ്പറ്റയ്ക്കടുത്ത് എല്സ്റ്റന് എസ്റ്റേറ്റില്നിന്നു സര്ക്കാര് ഏറ്റെടുത്ത ഭൂമിയില് ടൗണ്ഷിപ്പിന്റെ നിര്മാണം നടന്നുവരികയാണ്. ടൗണ്ഷിപ്പിലെ വീടുകള് ഫെബ്രുവരിയില് ഗുണഭോക്താക്കള്ക്കു കൈമാറുമെന്നാണ് സര്ക്കാര് വൃത്തങ്ങള് പറയുന്നത്. വിവിധ പാര്ട്ടികളും സന്നദ്ധ പ്രസ്ഥാനങ്ങളും പ്രഖ്യാപിച്ച ഭവന പദ്ധതികളും നിര്മാണഘട്ടത്തിലാണ്.
കോണ്ഗ്രസ് പ്രഖ്യാപിച്ച വീടുകളടെ ആദ്യഘട്ടം നിര്മാണത്തിന് സ്ഥലമെടുപ്പ് ഈയിടെയാണ് നടന്നത്. എന്നിരിക്കേ ഓരോ ദുരന്ത ബാധിത കുടുബത്തിനും സ്വന്തം വീടാകുന്നതുവരെ ഉപജീവന ബത്ത അനുവദിക്കേണ്ടത് സര്ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ജനശബ്ദം ആക്ഷന് കമ്മിറ്റി ഭാരവാഹികള് പറഞ്ഞു. താത്കാലികമായി പുനരധിവസിപ്പിച്ചവര്ക്ക് വീട്ടുവാടക ലഭിക്കുന്നുണ്ടെന്ന് അവര് വ്യക്തമാക്കി.
National
ന്യൂഡൽഹി: കുറഞ്ഞത് 18 പേരെങ്കിലും മരണപ്പെട്ട ഇൻഡോർ മലിനജലദുരന്തത്തിൽ സുപ്രീംകോടതിതലത്തിലുള്ള സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്ഗ്രസ്. കേന്ദ്ര, അന്തർദേശീയ ധനസഹായം ഗണ്യമായി ലഭിച്ചിട്ടും സുരക്ഷിതമായ കുടിവെള്ളം നൽകുകയെന്ന അടിസ്ഥാന കടമ നിർവഹിക്കുന്നതിൽ മധ്യപ്രദേശിലെ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്നും ബിജെപി സർക്കാരിനെ വിഷയത്തിൽ ബാധ്യസ്ഥരാക്കേണ്ടതുണ്ടെന്നും കോണ്ഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
നഗര ജലവിതരണ, പരിസ്ഥിതി മെച്ചപ്പെടുത്തൽ പദ്ധതിക്കായി മധ്യപ്രദേശ് സർക്കാരിനു 2003ൽ 200 ദശലക്ഷം യുഎസ് ഡോളറും 2008ൽ 71 ദശലക്ഷം യുഎസ് ഡോളറും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി) വായ്പ നൽകിയെന്നും ഈ പണത്തിന് എന്തുസംഭവിച്ചുവെന്നും കോണ്ഗ്രസ് നേതാവ് ചോദിച്ചു.
എഡിബി രേഖകൾ പ്രകാരം ദശലക്ഷക്കണക്കിന് പൗരന്മാർക്ക് ജലലഭ്യത, ശുചിത്വം, മാലിന്യ സംസ്കരണം എന്നിവ മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടെന്നും എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി മധ്യപ്രദേശിൽ ജല ഗുണനിലവാര പരിശോധനയും നിരീക്ഷണ റിപ്പോർട്ട് തയാറാക്കലുകളും നിർണായക അടിസ്ഥാനസൗകര്യ പദ്ധതികളും കൃത്യമായി പൂർത്തിയാക്കിയിട്ടില്ലെന്ന് പവൻ പറഞ്ഞു.
National
ഇന്ഡോര്: മധ്യപ്രദേശിലെ ഇന്ഡോറില് ഭാഗീരഥിപുര മേഖലയില് കുടിവെള്ളത്തില് ശുചിമുറി മാലിന്യം കലര്ന്നതിനെത്തുടര്ന്നു പ്രതിസന്ധി കൂടുതല് രൂക്ഷമാകുന്നു. മലിനജലം ഉള്ളില്ച്ചെന്ന് ചര്ദ്ദിയും വയറിളക്കവും ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. ഏകദേശം 150 പേര് ചികിത്സയില് തുടരുകയാണ്.
അത്യാഹിത വിഭാഗത്തില് കഴിയുന്ന ഏതാനും പേരുടെ ആരോഗ്യനില ആശങ്കാജനകമാണ്. മാലിന്യം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് കൊല്ക്കത്തയിലെ നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ബാക്ടീരിയോളജി വിദഗ്ധർ സംഘത്തിലുണ്ട്. അതേസമയം പ്രശ്നത്തിന്റെ പേരില് രാഷ്ട്രീയനേതാക്കള് പഴിചാരല് തുടരുകയാണ്.
National
ഇൻഡോർ: ഇൻഡോർ മലിനജല ദുരന്തത്തെതുടർന്ന് കുടിവെള്ള പരിശോധന നടത്തി ആരോഗ്യവകുപ്പ്. പരിശോധനയിൽ മരണകാരണമാകാവുന്ന പലവിധ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി.
അപകടകരമായ ബാക്ടീരിയകളായ ഇ കോളി, സാൽമൊണല്ല, വിബ്രിയോ കോളറ എന്നിവയുടെ സാന്നിധ്യം കുടിവെള്ളത്തിൽ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം പ്രതിരോധശേഷി കുറഞ്ഞവർക്കും കുഞ്ഞുങ്ങൾക്കും മരണ കാരണമാകാം.
ഭഗിരഥ്പുരയിലെ പോലീസ് ഔട്ട്പോസ്റ്റിലെ കക്കൂസ് മാലിന്യം കുടിവെള്ള പൈപ്പ് ലൈനിൽ കലർന്നത് കണ്ടെത്തി. ഇൻഡോർ മലിനജല ദുരന്തത്തിൽ 210 പേർ നിലവിൽ ചികിത്സയിലാണ്. 32 പേരുടെ നില ഗുരുതരമായി തുടരുന്നു.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലെ മലിനജല ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾക്ക് വിതരണം ചെയ്തത് വെള്ളമല്ല, വിഷമാണെന്നും അധികൃതർ കുംഭകർണനെ പോലെ ഉറങ്ങുകയാണെന്നും രാഹുൽ പ്രതികരിച്ചു.
എങ്ങനെയാണ് മലിനജലം കലർന്നതെന്നും എപ്പോഴാണ് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുന്നതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. പാവങ്ങൾ മരിക്കുമ്പോൾ പതിവുപോലെ മോദി മിണ്ടാതിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
പാവങ്ങൾ നിസഹായരായി നിൽക്കുകയാണ്. ഇതിനിടെ ഹൃദയ ശൂന്യരായ നേതാക്കൾ മോശം പരാമർശങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ ആണ് സംഭവത്തിൽ ഉത്തരവാദികൾ. മധ്യപ്രദേശ് ദുർഭരണത്തിന്റെ കേന്ദ്രമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
District News
അടിയന്തര സഹായവും പുനരധിവാസവും ആവശ്യപ്പെട്ട് കുടുംബങ്ങള്
അടിമാലി: മണ്ണിടിച്ചില് ദുരന്തത്തെത്തുടര്ന്ന് അടിമാലി ലക്ഷംവീട് പ്രദേശത്തുനിന്നു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുള്ള കുടുംബങ്ങള് ദുരിതത്തിൽ. തങ്ങളുടെ പുനരധിവാസം സാധ്യമാക്കണമെന്ന് ക്യാന്പിൽ കഴിയുന്നവർ ആവശ്യപ്പെട്ടു.
മരിച്ചയാളുടെ കുടുംബത്തിനുള്പ്പെടെ അടിയന്തര സഹായം എത്തിക്കുന്നതും വൈകുകയാണ്. മണ്ണിടിച്ചില്സാധ്യത നിലനില്ക്കുന്നതിനാല് ദുരന്തമുണ്ടായ ഭാഗത്ത് താമസിക്കുക സാധ്യമല്ലെന്നും കുടുംബങ്ങള് പറയുന്നു.
മണ്ണിടിച്ചില് ദുരന്തം ഉണ്ടായിട്ട് ആറു ദിവസങ്ങള് പിന്നിടുകയാണ്. എട്ടു വീടുകള് പൂര്ണമായി തകര്ന്നു. ആകെ അമ്പതോളം കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റോഡിന് മുകള് ഭാഗത്ത് ഇനിയും ഇടിയാന് സാധ്യയുള്ള മണ്ണുള്ളതും ഇവിടെ വിള്ളല് രൂപം കൊണ്ടിട്ടുള്ളതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
വീണ്ടും മലയിടിഞ്ഞാല് വലിയ ദുരന്തം സംഭവിക്കും. ഇക്കാരണത്താലാണ് നാല്പ്പതിനടുത്ത കുടുംബങ്ങല് ദുരിതാശ്വാസ ക്യാമ്പില് തന്നെ കഴിയുന്നത്.
സര്ക്കാരിന്റെ ഇടപെടലിനൊപ്പം പുനരധിവാസ പ്രവര്ത്തനങ്ങൾക്ക് ദേശീയപാത അഥോററ്റിയുടെ ഇടപെടല് കൂടി ഉണ്ടാകണം. കുട്ടികളും പ്രായമായവരുമൊക്കെ ദുരിതബാധിതരില് ഉണ്ടെന്നിരിക്കെ അധികനാൾ ദുരിതാശ്വാസ ക്യാമ്പില് തുടരാനാകില്ലെന്നും കുടുംബങ്ങള് പറയുന്നു.
അടിമാലി ഭാഗത്ത് ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച
അടിമാലി: മണ്ണിടിച്ചിലിനെത്തുടര്ന്ന് ദേശീയപാത - 85ല് അടിമാലി ഭാഗത്ത് ഗതാഗതം തടസപ്പെട്ടിട്ട് ഒരാഴ്ച്ചയാകുന്നു. കഴിഞ്ഞ വെള്ളയാഴ്ച്ച രാത്രിയലാണ് ലക്ഷം വീട് ഭാഗത്ത് ആദ്യ മണ്ണിടിച്ചില് ഉണ്ടായത്. ഈ മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാന് ശ്രമം നടക്കുന്നതിനിടെയാണ് ശനിയാഴ്ച്ച രാത്രിയില് വലിയ മണ്ണിടിച്ചില് സംഭവിച്ചത്. ഇടിഞ്ഞെത്തിയ മണ്ണ് ദേശീയപാതയില് തന്നെ കൂടിക്കിടക്കുകയാണ്. മണ്ണ് നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള് ആരംഭിച്ചിട്ടില്ല.
കൂമ്പന്പാറയില്നിന്നും അടിമാലി ടൗണില് സെൻട്രൽ ജംഗ്ഷന് ഭാഗത്തുനിന്നുമാണ് ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം വഴി തിരിച്ചു വിട്ടിരിക്കുന്നത്. ഇടവഴികളിലൂടെയാണ് നിലവില് വാഹനങ്ങള് കടന്നുപോകുന്നത്. പുനരധിവാസ കാര്യങ്ങളില് തീരുമാനമാകാതെ ഇടിഞ്ഞെത്തിയ മണ്ണ് നീക്കാന് അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്.
കഴിഞ്ഞ ദിവസം മണ്ണ് നീക്കാന് യന്ത്രസാമഗ്രികള് എത്തിച്ചെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് ജോലികള് നടത്തിയില്ല.
ഇടുങ്ങിയതും കയറ്റവും വളവും നിറഞ്ഞതുമായ വഴികളിലൂടെയാണ് ഗതാഗതം വഴിതിരിച്ചുവിട്ടിട്ടുള്ളത്. നിരന്തരം വലിയ വാഹനങ്ങള് ഓടിയാല് ഇടവഴികള് വേഗത്തില് തകരാനും സാധ്യത ഉണ്ട്. ബസടക്കം വലിയ വാഹനങ്ങള് പ്രയാസപ്പെട്ടാണ് ചെറുവഴികളിലൂടെ കടന്നു പോകുന്നത്.
ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ച് വിദഗ്ധസമിതി റിപ്പോര്ട്ട്
അടിമാലി: ദേശീയപാതയോരത്ത് മണ്ണിടിച്ചിലുണ്ടായ അടിമാലി ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ച് വിദഗ്ധസമിതിയുടെ പരിശോധനാ റിപ്പോര്ട്ട്.
മണ്ണിടിച്ചില് ദുരന്തമുണ്ടായ ശേഷം പ്രദേശത്തിന്റെ സുരക്ഷ സംബന്ധിച്ച് പഠനം നടത്താന് വിദഗ്ധസമിതിയെ നിയോഗിച്ചിരുന്നു. ഈ സമതിയുടെ പരിശോധനാ റിപ്പോര്ട്ടിലാണ് ലക്ഷംവീട് നഗറിനെ രണ്ട് സോണായി തിരിച്ചിട്ടുള്ളത്.
അപകടസാധ്യതയുള്ള സ്ഥലത്തെ റെഡ് സോണായിട്ടാണ് കണക്കാക്കുന്നത്. മണ്ണിടിച്ചിലുണ്ടായി നാശനഷ്ടങ്ങളുണ്ടായ ഭാഗമാണ് ഇത്.
ഇവിടെ 24 കുടുംബങ്ങളാണ് തമസിച്ചിരുന്നത്. ഇതിന് അപ്പുറമുള്ള ഉയര്ന്ന പ്രദേശത്തെ അപകടസാധ്യത കുറഞ്ഞ ഓറഞ്ച് സേണായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ഇവിടെ 25 കുടുംബങ്ങളുമുണ്ട്. റെഡ് സോണായി കണ്ടെത്തിയ ഭാഗത്തേക്ക് കുടുംബങ്ങള്ക്ക് തത്കാലം തിരികെവരാന് കഴിയില്ല.
ഓറഞ്ച് സോണായി കണ്ടെത്തിയിട്ടുള്ള ഭാഗത്തെ വീടുകളിലേക്ക് കുടുംബങ്ങളെ തിരികെ അയയ്ക്കാമെന്ന് ദേവികുളം സബ്കളക്ടര് വില്ലേജ് അധികൃതര്ക്കും പഞ്ചായത്തിനും നിര്ദേശം നല്കിയിരുന്നു.
എന്നാല് ക്യാമ്പുകളില്നിന്ന് ഈ കുടുംബങ്ങള് വീടുകളിലേക്ക് തിരികെ പോയിട്ടില്ല. ഇടിഞ്ഞ ഭാഗത്തോട് ചേര്ന്ന് വീണ്ടും ഇടിയാന് തക്കരീതിയില് മണ്ണ് അവശേഷിക്കുന്നതും പ്രദേശത്ത് വിള്ളല് രൂപം കൊണ്ടിട്ടുള്ളതുമാണ് കുടുംബങ്ങളുടെ ആശങ്കയ്ക്ക് കാരണം. ഇന്ന് കളക്ടറേറ്റില് നടക്കുന്ന യോഗത്തില് ഇക്കാര്യങ്ങളിലെല്ലാം വ്യക്തതയുണ്ടാകുമെന്നാണ് പ്രതീക്ഷ.
പുനരധിവാസം ആവശ്യപ്പെട്ട് ദുരിതാശ്വാസ ക്യാമ്പില് പട്ടിണിസമരം
അടിമാലി: മണ്ണിടിച്ചില് ദുരന്തത്തെത്തുടര്ന്ന് അടിമാലിയില് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റപ്പെട്ട കുടുംബങ്ങള് പട്ടിണി സമരത്തിൽ. ദുരന്തം നടന്ന് ആറു ദിവസങ്ങള് പിന്നിട്ടിട്ടും പുനരധിവാസ കാര്യത്തില് തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കുടുംബങ്ങള് ഇന്നലെ രാവിലെ പട്ടിണിസമരം പ്രഖ്യാപിച്ചത്.
പുനരധിവാസവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഇടപെടലുകള് ഒന്നും ഉണ്ടായിട്ടില്ലെന്നും തങ്ങളുടെ പുനരധിവാസം വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കുടുംബങ്ങള് പട്ടിണിസമരം പ്രഖ്യാപിച്ചതോടെ ജില്ലാ കളക്ടര് ഗ്രാമപഞ്ചായത്തധികൃതരുമായി ബന്ധപ്പെട്ടു. ഓണ്ലൈനിലൂടെ കുടുംബങ്ങളുമായും ഗ്രാമപഞ്ചായത്തധികൃതരുമായും കളക്ടര് ആശയ വിനിമയം നടത്തി.
ആശങ്കകള് പരിഹരിക്കാമെന്ന കളക്ടറുടെ അറിയിപ്പിന്മേല് കുടുംബങ്ങള് താത്്കാലികമായി പട്ടിണിസമരം അവസാനിപ്പിച്ചു. പ്രദേശത്തെ മണ്ണിടിച്ചില് ഭീഷണിമൂലം മാറ്റിപ്പാർപ്പിച്ചിട്ടുള്ള കുടുംബങ്ങളാണ് ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിലുള്ളത്.
പ്രശ്നങ്ങൾക്ക്പരിഹാരം കാണും:എം.എം. മണി എംഎല്എ
അടിമാലി: അടിമാലി മണ്ണിടിച്ചില് ദുരന്തത്തെത്തുടര്ന്ന് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ പ്രശ്നങ്ങള്ക്ക് അടിയന്തര പരിഹാരം കാണുമെന്ന് എം.എം. മണി എംഎൽഎ അറിയിച്ചു.
അടിമാലിയിലെ ദുരിതാശ്വാസ ക്യാമ്പിലും മണ്ണിടിച്ചില് മേഖലയിലും സന്ദര്ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉച്ചയ്ക്കു ശേഷമാണ് എംഎൽഎ അടിമാലിയിലെ സര്ക്കാര് ഹൈസ്കൂളില് പ്രവര്ത്തിക്കുന്ന ദുരിതാശ്വാസക്യാമ്പിലെത്തിയത്.
ഇന്ന് കളക്ടറേറ്റില് നടക്കുന്ന യോഗത്തില് പങ്കെടുക്കുമെന്നും മന്ത്രിമാരുടെ ശ്രദ്ധയില് കുടുംബങ്ങളുടെ ആകുലതകള് അറിയിക്കുമെന്നും എംഎല്എ അറിയിച്ചു. മണ്ണിടിച്ചില് മേഖലയിലും എംഎല്എല്എ സന്ദർശനം നടത്തി.
Kerala
വയനാട്: പ്രിയങ്ക ഗാന്ധി എംപി എന്ന നിലയിൽ പരാജയമാണെന്ന് എൽഡിഎഫ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് സഹായം നൽകാനുള്ള നടപടി സ്വീകരിച്ചില്ലെന്നും എൽഡിഎഫ് കുറ്റപ്പെടുത്തി.
പല ഔദ്യോഗിക പരിപാടികൾക്കും എംപി സ്ഥലത്ത് എത്തുന്നില്ല. ദുരന്തബാധിതർക്ക് ഭവന നിർമാണത്തിനായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
മുസ്ലിം ലീഗ് ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേട് ഉണ്ടെന്നും എൽഡിഎഫ് ആരോപിച്ചു. ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സെപ്റ്റംബർ 19ന് കൽപ്പറ്റയിൽ മനുഷ്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ സി.കെ. ശശിന്ദ്രൻ പറഞ്ഞു.