x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​​ട്ടി​​ക്ക​​ൽ മ​​ഹാദു​​ര​​ന്ത​​ത്തി​​ന് അ​​ഞ്ചാ​​ണ്ട്

വെബ് ഡെസ്ക്
Published: October 15, 2026 11:24 PM IST | Updated: October 15, 2026 11:24 PM IST

പ്ലാ​​പ്പ​​ള്ളി​​യി​​ൽ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​നെ തു​​ട​​ർ​​ന്ന് ത​​ക​​ർ​​ന്ന വീ​​ട് ഉ​​പേ​​ക്ഷി​​ച്ച നി​​ല​​യി​​ൽ.

മു​​ണ്ട​​ക്ക​​യം: മ​​നു​​ഷ്യ​​നു​​മേ​​ൽ പ്ര​​കൃ​​തി അ​​തി​​ന്‍റെ രൗ​​ദ്ര​​ഭാ​​വം പൂ​​ണ്ട കൂ​​ട്ടി​​ക്ക​​ൽ പ്ര​​ള​​യ​​ദു​​ര​​ന്ത​​ത്തി​​ന് ഇ​​ന്ന് അ​​ഞ്ചാ​​ണ്ട്. ഒ​​റ്റ ദി​​വ​​സം​​കൊ​​ണ്ട് ത​​ങ്ങ​​ളു​​ടെ ഉ​​റ്റ​​വ​​രും ഉ​​ട​​യ​​വ​​രും സ​​മ്പാ​​ദ്യ​​ങ്ങ​​ളു​​മെ​​ല്ലാം പ്ര​​കൃ​​തി ക​​വ​​ർ​​ന്ന ദി​​വ​​സം. 2021 ഒ​​ക്ടോ​​ബ​​ർ 16നാ​​ണ് കോ​​ട്ട​​യം ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ൻ മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളെ​​യാ​​കെ ദു​​രി​​ത​​ത്തി​​ലാ​​ഴ്ത്തി​​യ മ​​ഹാ​​പ്ര​​ള​​യ​​മു​​ണ്ടാ​​യ​​ത്.

കൂ​​ട്ടി​​ക്ക​​ൽ, കൊ​​ക്ക​​യാ​​ർ, മു​​ണ്ട​​ക്ക​​യം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി 21 ജീ​​വ​​നു​​ക​​ൾ പൊ​​ലി​​ഞ്ഞു. കൂ​​ട്ടി​​ക്ക​​ൽ, കാ​​വാ​​ലി, പ്ലാ​​പ്പ​​ള്ളി, കൊ​​ക്ക​​യാ​​ർ, പൂ​​വ​​ഞ്ചി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണ് വ​​ലി​​യ ഉ​​രു​​ൾ​​പൊ​​ട്ട​​ൽ ഉ​​ണ്ടാ​​യ​​ത്. കാ​​വാ​​ലി​​യി​​ൽ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ ആ​​റു​​പേ​​രും പ്ലാ​​പ്പ​​ള്ളി​​യി​​ൽ നാ​​ലു​​പേ​​രും പൂ​​വ​​ഞ്ചി​​യി​​ൽ ഏ​​ഴു​​പേ​​രും മ​​ര​​ണ​​ത്തി​​ന് കീ​​ഴ​​ട​​ങ്ങി.

ഇ​​രു​​ന്നൂ​​റി​​ല​​ധി​​കം വീ​​ടു​​ക​​ൾ ത​​ക​​ർ​​ന്നു. വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും കൃ​​ഷി​​യി​​ട​​ങ്ങ​​ളി​​ലു​​മു​​ണ്ടാ​​യ​​ത് തി​​ട്ട​​പ്പെ​​ടു​​ത്താ​​നാ​​കാ​​ത്ത നാ​​ശ​​ന​​ഷ്ടം. വി​​വി​​ധ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും രാ​​ഷ്‌​​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​രു​​ന്നൂ​​റി​​ല​​ധി​​കം വീ​​ടു​​ക​​ൾ നി​​ർ​​മി​​ച്ചു​​ന​​ൽ​​കി. അ​​തി​​ജീ​​വ​​ന വ​​ഴി​​യി​​ൽ നി​​ര​​വ​​ധി പ​​ദ്ധ​​തി​​ക​​ളി​​ലാ​​യി വീ​​ട് ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ​​ക്ക് വീ​​ടു​​ക​​ൾ ന​​ൽ​​കി. കൊ​​ക്ക​​യാ​​ർ പ​​ഞ്ചാ​​യ​​ത്തി​​ലെ ഒ​​ന്പ​​ത് കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് മാ​​ത്ര​​മാ​​ണ് ഇ​​നി വീ​​ട് ല​​ഭി​​ക്കാ​​നു​​ള്ള​​ത്. ഒ​​ട്ടു​​മി​​ക്ക റോ​​ഡു​​ക​​ളു​​ടെ ന​​വീ​​ക​​ര​​ണ​​വും യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പൂ​​ർ​​ത്തി​​യാ​​ക്കി​​യി​​രു​​ന്നു. മു​​ണ്ട​​ക്ക​​യം പ​​ഞ്ചാ​​യ​​ത്തി​​ലും നി​​ര​​വ​​ധി വീ​​ടു​​ക​​ൾ ന​​ശി​​ച്ചു.

കൂ​​ട്ടി​​ക്ക​​ൽ, കൊ​​ക്ക​​യാ​​ർ, മു​​ണ്ട​​ക്ക​​യം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി ചെ​​റു​​തും വ​​ലു​​തു​​മാ​​യ 17ൽ​​പ്പ​​രം പാ​​ല​​ങ്ങ​​ളാ​​ണ് പ്ര​​ള​​യ​​ത്തി​​ൽ ത​​ക​​ർ​​ന്ന​​ത്. ഇ​​തി​​ൽ നി​​ർ​​മാ​​ണം പു​​രോ​​ഗ​​മി​​ക്കു​​ന്ന വെ​​ള്ള​​നാ​​ടി വ​​ള്ള​​ക്ക​​ട​​വ് പാ​​ലം ഒ​​ഴി​​കെ വ​​ലി​​യ പാ​​ല​​ങ്ങ​​ളു​​ടെ​​യെ​​ല്ലാം നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി. ഇ​​നി ചി​​ല​​യി​​ട​​ങ്ങ​​ളി​​ൽ ന​​ട​​പ്പാ​​ല​​ങ്ങ​​ളും തൂ​​ക്കു​​പാ​​ല​​ങ്ങ​​ളു​​മാ​​ണ് പു​​ന​​ർ നി​​ർ​​മി​​ക്കാ​​നു​​ള്ള​​ത്.

രേ​​ഖ​​ക​​ളു​​ടെ അ​​ഭാ​​വം മൂ​​ലം അ​​ർ​​ഹ​​ത​​പ്പെ​​ട്ട പ​​ല കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും മ​​തി​​യാ​​യ ന​​ഷ്ട​​പ​​രി​​ഹാ​​രം ല​​ഭി​​ച്ചി​​ല്ലെ​​ന്ന് പ​​രാ​​തി​​യും ഉ​​യ​​രു​​ന്നു​​ണ്ട്. പ്ര​​ള​​യ​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ നാ​​ശ​​ന​​ഷ്ട​​മു​​ണ്ടാ​​യ മ്ലാ​​ക്ക​​ര, പ്ലാ​​പ്പ​​ള്ളി തു​​ട​​ങ്ങി​​യ മ​​ല​​യോ​​ര മേ​​ഖ​​ല​​യി​​ൽ നി​​ന്ന് ആ​​ളു​​ക​​ൾ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ത്തി​​ന്‍റെ അ​​ഭാ​​വം മൂ​​ലം മ​​റ്റ് മേ​​ഖ​​ല​​യി​​ലേ​​ക്ക് ചേ​​ക്കേ​​റു​​ക​​യാ​​ണ്.

അ​​ഞ്ചാ​​മ​​ത് ഓ​​ർ​​മ​​ദി​​ന​​ത്തി​​ൽ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ​​യും സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ അ​​നു​​സ്മ​​ര​​ണ ദി​​നാ​​ച​​ര​​ണം ന​​ട​​ത്തും.

Tags : Disaster NattuVishesham DistrictNews

Recent News

Corehub Up