കുരുന്പൻമൂഴി കോസ് വേ സ്ഥിതി ചെയ്യുന്ന ഭാഗത്തുകൂടി പന്പാനദി ഒഴുകുന്ന ദൃശ്യം.
റാന്നി: കുരുമ്പൻമൂഴിയും അറയാഞ്ഞിലിമണ്ണും ഒറ്റപ്പെട്ടിട്ടു ദിവസങ്ങളായി. വെള്ളിയാഴ്ച രാത്രി തുടങ്ങിയ മഴയിൽ പന്പാനദി കരകവിഞ്ഞതോടെയാണ് വനമേഖലയിലെ ഇരുപ്രദേശങ്ങളും ഒറ്റപ്പെട്ടത്.
മഴ ശക്തമാകുന്പോഴും പ്രകൃതിദുരന്തവുംമൂലം ദുരിതപ്പെടുന്ന കിഴക്കൻ മേഖലയിൽ പമ്പാനദിയുടെ മറുകരയിൽ നിരവധി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങൾ ഒറ്റപ്പെടുക പതിവാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയാണെങ്കിലും പത്തനംതിട്ട ജില്ലയിലെ താമസക്കാരാണ് കുരുന്പൻമൂഴിയിലും അറയഞ്ഞാലിമണ്ണിലുമുള്ളത്. അറയഞ്ഞാലിമണ്ണിൽനിന്നു രണ്ട് കിടപ്പ് രോഗികളെ കഴിഞ്ഞദിവസം ഫയർഫോഴ്സ് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത് തികച്ചും സാഹസികമായാണ്.
മൂന്ന് പതിറ്റാണ്ട് മുമ്പ് നാട്ടുകാരുടെ സഹായത്തോടെ അന്നത്തെ ഭരണ സംവിധാനങ്ങൾ നിർമിച്ച ഉയരം കുറഞ്ഞ പാലമായ കോസ് വേയിലൂടെയാണ് ഇപ്പോഴും ഇരുസ്ഥലങ്ങളിലേക്കുമുള്ള യാത്ര. മഴ ശക്തമാകുന്പോൾ കോസ് വേ മുങ്ങിപ്പോകും. ഇതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെടും. ശക്തമായ മഴയ്ക്കിടെ ഒഴുകിവരുന്ന തടികളിടിച്ച് കോസ് വേയുടെ കൈവരികൾ തകരുന്നതും പതിവാണ്.
കൈവരികൾ നഷ്ടപ്പെട്ട് യാതൊരു സുരക്ഷാ മാർഗവുമില്ലാത്ത കോസ്വെകളിൽക്കൂടി മഴക്കാലത്ത് നദി മുറിച്ചു കടക്കുന്നത് തികച്ചും അപകടക്കെണിയായി മാറുകയാണ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രണ്ടിടങ്ങളിലും സുരക്ഷിതമായ നദി കടത്തലിനായി ആളുകൾ മുറവിളി കൂട്ടിയിട്ടും പാലത്തിനായി യാതൊരു നടപടികളും ഉണ്ടായിട്ടില്ല. പട്ടികവർഗ വികസന വകുപ്പിൽനിന്ന് പാലത്തിനു പണം അനുവദിച്ച് രണ്ടുവർഷം മുന്പ് ശിലാസ്ഥാപനം നടത്തി. തുടർനടപടികളുണ്ടായില്ല.
കഴിഞ്ഞ ദിവസം റാന്നിയിലെത്തിയ മുഖ്യ മന്ത്രിയോട് പഴകുളം മധു എംഎൽഎ പ്രദേശവാസികളുടെ പ്രയാസങ്ങൾ വിവരിക്കുകയും പാലം നിർമിക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരിക്കുകയാണ്. മുഖ്യമന്ത്രി വിഷയത്തിൽ അനുകൂല നിലപാടെടുക്കുമെന്നും പച്ചക്കൊടി കാട്ടുമെന്നുമാണ് നാട്ടുകാരുടെ ഇപ്പോഴത്തെ പ്രതീക്ഷ.
Tags : Nattuvishesham Local News disaster flooded