സി.പി. രാധാകൃഷ്ണന്
അമൃതപുരി (കൊല്ലം): സമൂഹത്തിന്റെ എല്ലാ മേഖലകളിലും മാതാ അമൃതാനന്ദമയി നടത്തുന്ന കാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിമാനകരവുമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്. വള്ളിക്കാവ് അമൃതപുരി ആശ്രമത്തില്‍ അമൃതാനന്ദമയിയുടെ 73ാം ജന്മദിനാഘോഷ ചടങ്ങായ വിശ്വസേവദിനാഘോഷത്തില് വിശിഷ്ടാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
മനുഷ്യന്റെ ഭൗതികമായ ദാരിദ്ര്യം മാറ്റാന്‍ പണവും ഭക്ഷണവും സഹായങ്ങളും കൊണ്ട് സാധിക്കും. എന്നാല്‍ ആന്തരിക ദാരിദ്ര്യം മാറ്റണമെങ്കില്‍ മനുഷ്യരില്‍ സ്നേഹവും ഈശ്വരവിശ്വാസവും മൂല്യങ്ങളും വളരേണ്ടതുണ്ടെന്നാണ് മാതാ അമൃതാനന്ദമയി പറയുന്നത്. സമൂഹത്തിന്റെ ഈ രണ്ട് ദാരിദ്ര്യവും മാറ്റാനാണ് മാതാ അമൃതാനന്ദമയിയുടെ ഒരോ കര്മപദ്ധതികളുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദമയി മഠം നല്കുന്ന രണ്ട് കോടി രൂപ ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് കൈമാറി. കൂടാതെ തൃശൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കൊല്ലം നീണ്ടകരയിലും തിരുവനന്തപുരം മുതലപ്പൊഴിയിലുമുണ്ടായ ബോട്ട് അപകടത്തില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനുമുള്ള ധനസഹായവും ചടങ്ങില്‍ കൈമാറി.
അമൃത ആശുപത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെയുള്ള ചികിത്സാ സഹായത്തിന് അര്‍ഹരായവര്‍ക്കുള്ള സാക്ഷ്യപത്രവും മഠത്തിന് കീഴിലുള്ള സ്വാശ്രയ സംഘങ്ങള്‍ക്കുള്ള ധനസഹായവും, പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്ന സമൂഹവിവാഹത്തില്‍ പങ്കെടുത്തവര്‍ക്കുള്ള സ്വര്‍ണാഭരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യന്ത്രി വി.ഡി. സതീശന്, കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹന്‍ നായിഡു, പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, നേപ്പാള്‍ അംബാസഡര്‍ സുരേന്ദ്ര ഥാപ, സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്, മന്ത്രിമാരായ മോന്‍സ് ജോസഫ്, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ പങ്കടുത്തു. തുടര്‍ന്ന് മാതാ അമൃതാനന്ദമയിയുടെ കാര്‍മികത്വത്തില്‍ 25 പേരുടെ സമൂഹവിവാഹവും നടന്നു.
Tags : Deepika DeepikaNewspaper BreakingNews Mata Amritanandamayi embodiment of universal love