തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിംഗ് തടയാൻ ലക്ഷ്യമിട്ടുള്ള കടുത്ത നിയമ ഭേദഗതികൾ അടങ്ങിയ സിദ്ധാർഥ് ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ്സ് വെൽഫെയർ ആക്ട്-2026 അടക്കമുള്ള ബില്ലുകൾ വരുന്ന നിയമസഭാ സമ്മേളനത്തിൽ പരിഗണിക്കും.
റാഗിംഗിനു വിധേയരാക്കി വിദ്യാർഥികളെ ദ്രോഹിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളാണ് വയനാട് പൂക്കോട് വെറ്ററിനറി കോളജിലെ റാംഗിംഗിനെത്തുടർന്നു ജീവൻ നഷ്ടമായ സിദ്ധാർഥിന്റെ പേരിലുള്ള നിയമത്തിലുള്ളത്.
ഉന്നതവിദ്യാഭ്യാസ വകുപ്പു തയാറാക്കിയ കരടിന്റെ അടിസ്ഥാനത്തിലുള്ള ബിൽ നിയമവകുപ്പിന്റെ പരിഗണനയ്ക്കു ശേഷം ഒന്നരമാസം മുൻപ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയിരുന്നു. കടുത്ത വ്യവസ്ഥകൾ അടങ്ങിയ നിയമനിർമാണം വേണമെന്നു ഹൈക്കോടതിയും സർക്കാരിനു നിർദേശം നൽകിയിരുന്നു.
വ്യവസായങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നൽകുന്ന ബില്ലും ഒക്ടോബർ 12നു തുടങ്ങുന്ന നിയമസഭയുടെ പരിഗണനയ്ക്ക് എത്തും.
ഒക്ടോബർ 12 മുതൽ 29 വരെയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. കോർട്ട് ഫീസ് ആൻഡ് സ്യൂട്ട്സ് വാല്യുവബിൾ ബില്ലും പരിഗണനയിലുണ്ട്. ഇതോടൊപ്പം ഏതാനും ബില്ലുകൾകൂടി നിയമമമാകാൻ എത്തുന്നുണ്ട്. ഒക്ടോബർ12ന് തുടങ്ങുന്ന സമ്മേളനം 16 വരെ തുടരും. പൂജാ അവധിയുള്ള ദിവസങ്ങൾ ഉൾപ്പെടുന്ന ആഴ്ച അവധിയാണ്. തുടർന്ന് 29 വരെ സമ്മേളനം തുടരും.
Tags : Deepika DeepikaNewspaper BreakingNews Assembly Session Bill to Curb Ragging