ആഡിസ് അബാബ: എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തെവാഹെദോ സഭയുടെ പ്രസിദ്ധമായ സ്ലീബാ പെരുന്നാളില്‍ (മെസ്കല്‍ ഫെസ്റ്റിവല്‍) മുഖ്യാതിഥിയായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവന്‍ അബൂനാ മത്യാസ് പാത്രിയര്‍ക്കീസിന്റെ ക്ഷണപ്രകാരമായിരുന്നു സന്ദര്‍ശനം. ഇരു സഭാ തലവന്മാരും ചേര്‍ന്ന് സ്ലീബാ പെരുന്നാളിന്റെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.
ഇന്ത്യയും എത്യോപ്യയും ഭൂമിശാസ്ത്രപരമായി അകലെയാണെങ്കിലും ഇരു സഭകളും തമ്മില്‍ ആത്മീയമായി വളരെ അടുപ്പമുണ്ടെന്ന് കാതോലിക്കാ ബാവ മുഖ്യസന്ദേശത്തില്‍ പറഞ്ഞു.
1965-ല്‍ ആഡിസ് അബാബയില്‍ നടന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ തലവന്മാരുടെ സമ്മേളനം ഇരു സഭകളും തമ്മിലുള്ള ബന്ധത്തിലെ പ്രധാന നാഴികക്കല്ലാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.
എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ മെസ്കല്‍ സ്ക്വയറില്‍ നടന്ന ചടങ്ങില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, മെത്രാപ്പോലീത്തമാര്‍, വൈദികര്‍, സന്യസ്തര്‍ എന്നിവര്‍ക്കു പുറമേ ലക്ഷക്കണക്കിന് വിശ്വാസികളും പങ്കെടുത്തു.
മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് മെത്രാപ്പോലീത്തമാരായ അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ് കോറസ്, നാഗ്പുര്‍ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോസി ജേക്കബ്, എക്യുമെനിക്കല്‍ റിലേഷന്‍സ് സെക്രട്ടറി ഫാ. അശ്വിന് ഫെര്‍ണാണ്ടസ്, കാതോലിക്കാ ബാവയുടെ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ജോണ്സണ്, സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു, ജോജോ പി. ജോണ്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
നാലു ദിവസത്തെ ശ്ലൈഹിക സന്ദര്‍ശനം പൂര്‍ത്തിയാക്കി മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും.
Tags : Deepika DeepikaNewspaper BreakingNews ead of Malankara Orthodox Church