ജിഎസ്ടി
തിരുവനന്തപുരം: അനധികൃത സ്വത്ത് സന്പാദനവും ക്രമവിരുദ്ധ പ്രവർത്തനവും കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് അന്വേഷണം നേരിടുന്ന എറണാകുളത്തെ ജിഎസ്ടി ഉദ്യോഗസ്ഥയെ സംരക്ഷിക്കാനുള്ള ഉന്നത ഉദ്യോഗസ്ഥന്റെ ശിപാർശ വിവാദത്തിലേക്ക്.
കഴിഞ്ഞ 10 വർഷമായുള്ള അനധികൃത സ്വത്ത് സന്പാദനത്തിൽ വിജിലൻസ് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥയെ സംരക്ഷിച്ചാണ് ഉന്നതൻ സർക്കാരിലേക്കു ശിപാർശ നൽകിയത്. എറണാകുളം ജില്ലയിലെ ഓഫിസിൽ ജോലി ചെയ്യവേയാണ് ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഉയർന്നത്.
ഇവരെ എറണാകുളത്തുതന്നെ നിലനിർത്തണമെന്ന ശിപാർശയാണ് ഉന്നത ഉദ്യോഗസ്ഥൻ സർക്കാരിലേക്കു നൽകിയത്. ഇക്കാര്യവും വിജിലൻസ് പരിശോധന നടത്തും. ഇവിടെ നേരത്തേ ജോലി നോക്കിയിരുന്ന ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കും. അനധികൃത ഇടപാടുകളിൽ ഉന്നത ഉദ്യോഗസ്ഥർക്കു പങ്കുണ്ടോയെന്നാണ് വിശദമായി പരിശോധിക്കുക.
റെയ്ഡിൽ ഇവരിൽനിന്നു പിടിച്ചെടുത്തത് ടൂറിസ്റ്റ് ഹോം നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള തുകയാണെന്നാണ് വിജിലൻസിന് ഇവർ നൽകിയ മൊഴി. വൻകിട ഹോട്ടലുകളിലെ അടക്കം ആഡംബര നികുതിയുമായി ബന്ധപ്പെട്ട വിഭാഗത്തിലായിരുന്നു ഇവർ ഏറെനാൾ ജോലി നോക്കിയിരുന്നത്.
വിജിലൻസ് കേസ് നിലവിലുള്ളതിനാൽ 2017ൽ ഏറെ നിബന്ധനകളോടെയാണ് സ്ഥാനക്കയറ്റവും നൽകിയത്. നേരത്തെ സിപിഎം അനുകൂല സംഘടനയിൽ അംഗമായിരുന്ന ഇവർ സംസ്ഥാനത്തുണ്ടായ ഭരണമാറ്റത്തിനു പിന്നാലെ കോണ്ഗ്രസ് അനുകൂല സംഘടനയുടെ ഭാഗമായി. വിജിലൻസ് അന്വേഷണവും റെയ്ഡും നടന്നതോടെ ഇവരെ കോണ്ഗ്രസ് അനുകൂല സംഘടനയായ കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ അംഗത്വത്തിൽനിന്നു പുറത്താക്കി.
Tags : Deepika DeepikaNewspaper BreakingNews Senior official recommends