ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ അർധസഹോദരനാണെന്നും സ്വത്തിന്റെ 50 ശതമാനം വിഹിതം നൽകണമെന്നും ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച എൻ.ജെ. വാസുദേവൻ (86) അന്തരിച്ചു. മൈസൂരുവിൽ കഴിഞ്ഞ ജൂൺ രണ്ടിനായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
ജയലളിതയുടെ സഹോദരപുത്രി ജെ. ദീപ, സഹോദരപുത്രൻ ജെ. ദീപക് എന്നിവരുടെ അഭിഭാഷകനാണ് ഹൈക്കോടതി ജസ്റ്റീസുമാരായ അബ്ദുൾ ഖുദ്ദൂസ്, ആർ. രാജേഷ് വിവേകാനന്ദൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിനു മുമ്പാകെ വാസുദേവന്റെ മരണം സംബന്ധിച്ച വിവരങ്ങൾ സമർപ്പിച്ചത്.
വാസുദേവന്റെ മരണത്തെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരിക്കാനും കേസ് മുന്നോട്ടു കൊണ്ടുപോകാൻ താത്പര്യമുള്ള മറ്റു നിയമപരമായ അവകാശികളാരെങ്കിലും ഉണ്ടോയെന്ന് അറിയാനുമായി അദ്ദേഹത്തിന്റെ മൈസൂരുവിലെ വിലാസത്തിലേക്ക് നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി രജിസ്ട്രിക്ക് ബെഞ്ച് നിർദേശം നൽകി. കേസ് തുടർവാദത്തിനായി നവംബർ അഞ്ചിലേക്കു മാറ്റി.
ജയലളിതയുടെ അച്ഛന്റെ ആദ്യഭാര്യയിലുണ്ടായ മകനാണു താനെന്നാണ് വാസുദേവൻ അവകാശപ്പെട്ടിരുന്നത്. 2020 മേയ് 27ന് ജയലളിതയുടെ സ്വത്തുക്കളുടെ നിയമാനുസൃത അവകാശികളായി ദീപയെയും ദീപക്കിനെയും പ്രഖ്യാപിച്ചുകൊണ്ട് മുൻ ജസ്റ്റീസ് എൻ. കിരുബാകരൻ, ജസ്റ്റീസ് ഖുദ്ദൂസ് എന്നിവരടങ്ങുന്ന ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് 2023ൽ വാസുദേവൻ കോടതിയെ സമീപിച്ചത്.
1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം ജയലളിതയുടെ സ്വന്തം സ്വത്തുക്കൾക്കും പോയസ് ഗാർഡനിലെ ‘വേദനിലയം’ഉൾപ്പടെയുള്ള പരമ്പരാഗത സ്വത്തുക്കൾക്കും പൂർണ അവകാശികൾ ജയലളിതയുടെ സഹോദരനായ അന്തരിച്ച ജെ. ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കുമാണെന്ന് 2020ൽ ഹൈക്കോടതി വ്യക്തമാക്കിയി രുന്നു.
Tags : Deepika DeepikaNewspaper BreakingNews Claim to Jayalalithaa's assets