ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യക്കു റഷ്യയുടെ പിന്തുണ. രക്ഷാസമിതി പരിഷ്കരിക്കുന്പോൾ ജർമനി, ജപ്പാൻ എന്നിവയ്ക്കു കൂടുതൽ സീറ്റ് അനുവദിക്കാനാവില്ലെന്നും റഷ്യ ആവശ്യപ്പെട്ടു. ഇതാണ് തങ്ങളുടെ തത്വാധിഷ്ഠിത നിലപാട്.
ജർമനി, ജപ്പാൻ എന്നീ രാജ്യങ്ങൾ സൈനികവാഴ്ചയുടെയും പ്രതികാരവാഞ്ഛയുടെയും പാതയിലാണെന്നും റഷ്യൻ വിദേശകാര്യമന്ത്രി ലെർജി ലവറോവ് പറഞ്ഞു. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയുടെയും ആഫ്രിക്കയുടെയും ലാറ്റിനമേരിക്കയുടെയും പ്രാതിനിധ്യം വർധിപ്പിക്കുന്നതിനെയാണ് തങ്ങൾ അനുകൂലിക്കുന്നത്. ഇന്ത്യയുടെയും ബ്രസീലിന്റെയും അംഗത്വത്തെയും പിന്തുണയ്ക്കുന്നുവെന്നും ലാവറോവ് വ്യക്തമാക്കി.
“ആഫ്രിക്കൻ വൻകരയുടെ താത്പര്യങ്ങളും തൃപ്തികരമായി പരിഗണിക്കപ്പെടണം. ബ്രിക്സ്, ദി എസ്സിഒ, യൂറേഷ്യൻ ഇക്കണോമിക് യൂണിയൻ എന്നിവയുമായുള്ള ഐക്യത്തിലൂടെയും തന്ത്രപരമായ പങ്കാളിത്തത്തിലൂടെയും ലോകത്ത് സമാധാന സാഹചര്യമൊരുക്കാനാണ് റഷ്യ ശ്രമിക്കുന്നത്. നമുക്കെല്ലാവർക്കും പിന്തുണയ്ക്കാൻ കഴിയുന്ന ഒരു പൊതു അജൻഡയാണ് ലക്ഷ്യം. ഐക്യരാഷ്ട്ര സഭയമാണ് ഇതിനു കേന്ദ്രസ്ഥാനം വഹിക്കേണ്ടത്. അല്ലാതെ മറ്റ് ഇടുങ്ങിയ വേദികളല്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Permanent membership United Nations Security Council Russia India