കെഎസ്ആര്‍ടിസി
തിരുവനന്തപുരം: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള യാത്രാത്തിരക്ക് പരിഗണിച്ച് കെഎസ്ആര്‍ടിസി പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്്ടോബര്‍ 14 മുതല്‍ നവംബര്‍ 14 വരെ ബംഗളൂരു, മൈസൂരു, ചെന്നൈ എന്നീ നഗരങ്ങളില്‍ നിന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്കും തിരിച്ചും അധിക ബസുകള്‍ സര്‍വീസ് നടത്തും. മുന്‍കൂട്ടി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍
ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂര്‍, നിലമ്പൂര്‍, പൊന്നാനി, എറണാകുളം, ചങ്ങനാശേരി, പാലാ, ആലപ്പുഴ, കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, അടൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതിനുപുറമെ മൈസൂരുവില്‍ നിന്ന് കണ്ണൂര്‍, മധുര എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ഉണ്ടാകും. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും യാത്രാസൗകര്യമുണ്ട്. എറണാകുളത്തേക്കുള്ളത് മള്‍ട്ടി ആക്സില്‍ എസി ബസുകളാണ്.
കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍
കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്ന് തിരികെ അന്യസംസ്ഥാനങ്ങളിലേക്കും പ്രത്യേക സര്‍വീസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കോഴിക്കോട്, നിലമ്പൂര്‍, പൊന്നാനി, മലപ്പുറം, തൃശൂര്‍, എറണാകുളം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം, പുനലൂര്‍, കൊട്ടാരക്കര, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, അടൂര്‍, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ബംഗളൂരുവിലേക്ക് ബസുകള്‍ ഓടും. പാലാ, കണ്ണൂര്‍ എന്നീ ഡിപ്പോകളില്‍ നിന്ന് മൈസൂരുവിലേക്കും, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ നിന്ന് ചെന്നൈയിലേക്കുമാണ് സര്‍വീസുകള്‍ ലഭ്യമാവുക.
ചെന്നൈയിലേക്കുള്ള എറണാകുളം സര്‍വീസും മള്‍ട്ടി ആക്സില്‍ എസി ബസിലാണ്. ഇതില്‍ ചില റൂട്ടുകളില്‍ ബസുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സര്‍വീസ് നടത്തുക. വരുംദിവസങ്ങളിലെ തിരക്കനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനും കെഎസ്ആര്‍ടിസിക്ക് പദ്ധതിയുണ്ട്.
ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാം
അവസാന നിമിഷമുള്ള തിരക്ക് ഒഴിവാക്കുന്നതിനും സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനുമായി യാത്രക്കാര്‍ക്ക് വെബ്സൈറ്റ് വഴിയോ എന്റെ കെഎസ്ആര്‍ടിസി നിയോ ഒപിആര്‍എസ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റുകള്‍ മുന്‍കൂട്ടി എടുക്കാം. ഇതിന് പുറമെ 9447071021 എന്ന നമ്പറിലൂടെ വാട്സ്ആപ്പ് ടിക്കറ്റിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ട്.
Tags : Deepika DeepikaNewspaper BreakingNews KSRTC gears festival trips