ആറളം ബട്ടർഫ്ലൈ സങ്കേതത്തിലേക്ക് എത്തിയ സന്ദർശകർക്ക് വനം വകുപ്പ് അധികൃതർ നിർദേശം നൽകുന്നു.
ഇരിട്ടി: ആറളം ബട്ടർഫ്ലൈ സങ്കേതത്തിലേക്ക് സന്ദർശകരുടെ ഒഴുക്ക് വർധിക്കുന്നു. സ്കൂൾ, കോളജ് വിദ്യാർഥികൾക്കൊപ്പം പൊതുജനങ്ങളും കാടിന്റെ വന്യത അടുത്തറിയാൻ വളയംചാലിലെ സങ്കേതത്തിലെത്തുന്നുണ്ട്. രാവിലെ എട്ടു മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് സങ്കേതത്തിൽ സഫാരിക്ക് അനുമതി.
രണ്ട് കിലോമീറ്റർ ദൂരം കാട്ടിലൂടെ കാൽനടയായി സഞ്ചരിക്കാം. തുടർന്ന് എട്ട് കിലോമീറ്റർ അകലെയുള്ള വാച്ച് ടവർ വരെ ജീപ്പിൽ യാത്ര ചെയ്യുന്നതിനും സൗകര്യമുണ്ട്. രണ്ട് കിലോമീറ്ററിന് ശേഷമുള്ള പാത ഓഫ് റോഡായതിനാൽ ജീപ്പിലാണ് യാത്ര. ഇതിനായി വളയംചാലിൽ വാടക ജീപ്പുകളും ലഭ്യമാണ്. മുതിർന്നവർക്ക് 140 രൂപയും കുട്ടികൾക്ക് 40 രൂപയുമാണ് പ്രവേശന ഫീസ്. സന്ദർശകർക്കൊപ്പം വനം വകുപ്പ് ഗൈഡിന്റെ സേവനവും ലഭിക്കും.
പ്രകൃതിയെയും വന്യജീവികളെയും അടുത്തറിയുന്നതിനായി സ്കൂൾ, കോളജ് വിദ്യാർഥികളും അധ്യാപകരും പഠനയാത്രയുടെ ഭാഗമായി സങ്കേതത്തിലെത്തുന്നുണ്ട്. പ്രകൃതിപഠനത്തിനും വനാനുഭവം നേരിട്ടറിയുന്നതിനുമുള്ള അവസരമൊരുക്കുന്ന ആറളം ബട്ടർഫ്ലൈ സങ്കേതം പൊതുജനങ്ങൾക്കും പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ്. ഇരിട്ടിയിൽ നിന്ന് എത്തുന്ന സഞ്ചാരികൾക്ക് പാലപ്പുഴ വഴിയും പേരാവൂരിൽ നിന്ന് എത്തുന്നവർക്ക് ഓടന്തോട് വഴിയും കീഴ്പള്ളിയിൽ നിന്ന് എത്തുന്നവർക്ക് കക്കുവ വഴിയും കണിച്ചാറിൽ നിന്ന് എത്തുന്നവർക്ക് വളയംചാൽ വഴിയും ഇവിടേക്ക് എത്താം.
Tags : NattuVishesham DistrictNews