നഗരസഭ 25-ാം വാര്‍ഡില്‍ സ്വകാര്യ ഹോട്ടലിന് സമീപത്തെ കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറിന് തൊട്ടടുത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍.
മൂവാറ്റുപുഴ: നഗരസഭ 25-ാം വാര്‍ഡില്‍ സ്വകാര്യ ഹോട്ടലിന് സമീപത്തെ കെഎസ്ഇബി ട്രാന്‍സ്ഫോര്‍മറിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചത് ഭീതി പരത്തി. കഴിഞ്ഞ രാത്രി 11ഓടെ ആളിപ്പടര്‍ന്ന തീ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇതുവഴിപോകുന്നതിനിടെ തീയിടുന്നത് ശ്രദ്ധയില്‍പ്പെട്ട 26-ാം വാര്‍ഡ് കൗണ്‍സിലര്‍ അമ്പിളിയും ഭര്‍ത്താവ് ബിജുവും ഉടന്‍ ഇടപെടുകയും തീ അണയ്ക്കാനും മാലിന്യം കത്തിക്കുന്നത് നിര്‍ത്താനും ആവശ്യപ്പെടുകയും ചെയ്തു.
തീ കത്തിച്ച ലോട്ടറി വ്യാപരിയായ സലീം ഇവരോട് മോശമായി പെരുമാറുകയും തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി. രജിതയെ ഫോണില്‍ വിവരം അറിക്കുകയും സ്ഥലത്തെത്തിയ കൗണ്‍സിലര്‍ മാലിന്യം കത്തിച്ച സംഭവത്തെക്കുറിച്ച് വിശദീകരണം തേടുകയും തീ പൂര്‍ണമായും അണയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ സമീപത്തെ ചായക്കടയില്‍ നിന്നടക്കമുള്ള മാലിന്യങ്ങളും കത്തിച്ച കൂട്ടത്തില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. പൊലിസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചു. തുടര്‍ന്ന് രാത്രി കച്ചവടം നടത്തുകയായിരുന്ന ലോട്ടറി കടക്കാരനോട് കട അടച്ചു പോകാന്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ സ്ഥിരം സമിതി അധ്യക്ഷ പി. രജിത പൊലിസില്‍ പരാതി നല്കി.
Tags : NattuVishesham DistrictNews